ആലപ്പുഴയില്‍ യുഡിഎഫിന്റെ സമരാഗ്നി പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനെത്താന്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വൈകിയതിനെത്തുടര്‍ന്ന് KPCC പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ അസഭ്യ പദപ്രയോഗം മാധ്യമവാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ സംഭവത്തില്‍ ഇരുനേതാക്കളും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതികരണമെന്ന അവകാശവാദത്തോടെ ഒരു ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പൊതുവേ സങ്കീര്‍ണമായ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന ശശി തരൂരിന്റെ അത്തരത്തിലൊരു ട്വീറ്റെന്ന നിലയ്ക്കാണ് നിരവധി പേര്‍ ഇത് പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റിനൊപ്പം പത്രസമ്മേളനത്തില്‍നിന്നുള്ള സുധാകരന്റെ ചിത്രവും ചേര്‍ത്തതായി കാണാം.
Fact-check:
ശശി തരൂരിന്റെ ട്വീറ്റിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമായി സൃഷ്ടിച്ചതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
കെ സുധാകരന്റെ അസഭ്യ പദപ്രയോഗവും തുടര്‍ന്ന് അദ്ദേഹത്തിന്റെയും വി ഡി സതീശന്റെയും പ്രതികരണങ്ങളും മാധ്യമങ്ങള്‍ വലിയരീതിയില്‍ ചര്‍ച്ചയാക്കിയ സാഹചര്യത്തില്‍ ശശി തരൂര്‍ ഇതിലൊരു പ്രതികരണം നടത്തിയാല്‍ സ്വാഭാവികമായും അത് വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ അത്തരം യാതൊരു റിപ്പോര്‍ട്ടുകളും കണ്ടെത്താനാകാത്തതാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്.
ആദ്യമായി ശശി തരൂരിന്റെ എ്ക്സ് ഹാന്‍ഡിലാണ് പരിശോധിച്ചത്. ഇത്തരമൊരു ട്വീറ്റ് അദ്ദേഹം പങ്കുവെച്ചതായി കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെയും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അക്കൗണ്ടിലെയും വിവരങ്ങള്‍ പരിശോധിച്ചതോടെ പ്രൊഫൈല്‍ നെയിം, യൂസര്‍നെയിം എന്നിവയില്‍ വ്യത്യാസം കണ്ടെത്തി.
യഥാര്‍ത്ഥ അക്കൗണ്ടില്‍ Shashi Tharoor എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതേസമയം പ്രചരിക്കുന്ന സക്രീന്‍ഷോട്ടിലെ പേര് Sashi Tharòór എന്നാണ്. കൂടാതെ യൂസര്‍ ഐഡിയിലും വ്യത്യാസം കാണാം. യഥാര്‍ത്ഥ അക്കൗണ്ടിന്റെ യൂസര്‍ ഐഡി @ShashiTharoor എന്നാണ്. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ ഇത് @ShahsiTharoor എന്നാണെന്ന് കാണാം.
ഇതോടെ പ്രചരിക്കുന്ന ട്വീറ്റ് ശശി തരൂര്‍ പങ്കുവച്ചതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ അക്കൗണ്ട് നെയിം, യൂസര്‍ ഐഡി എന്നിവ ഉപയോഗിച്ച് പ്രസ്തുത അക്കൗണ്ട് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അത്തരത്തിലൊരു അക്കൗണ്ട് കണ്ടെത്താനായില്ല.
ഇതോടെ പ്രചരിക്കുന്നത് വ്യാജമായി തയ്യാറാക്കിയ സ്ക്രീന്‍ഷോട്ടാണെന്ന് വ്യക്തമായി.
Conclusion:
കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ അസഭ്യ പദപ്രയോഗത്തില്‍ ശശി തരൂര്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റേതായി പ്രചരിക്കുന്ന എക്സ് ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് വ്യാജമായി തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.