തൃശൂരില്‍ ആറാംക്ലാസുകാരിയുടെ മരണത്തിന് കാരണമായത് അധ്യാപികയുടെ കടുത്ത ശിക്ഷയോ? വസ്തുതയറിയാം
തൃശൂര്‍ CGHSS-ല്‍ ഉച്ചഭക്ഷണത്തിന് ശേഷം വൈകിവന്ന ഹൃദ്രോഗിയായ ആറാംക്ലാസുകാരിയെ അധ്യാപിക 25 റൗണ്ട് ഓടിച്ചുവെന്നും ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുദിവസം ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്ന സന്ദേശം.
By - HABEEB RAHMAN YP | Published on 20 Dec 2022 1:04 PM ISTതൃശൂരില്‍ ആറാംക്ലാസുകാരിയുടെ മരണത്തിന് കാരണമായത് സ്കൂള്‍ അധ്യാപികയുടെ ക്രൂരമായ ശിക്ഷാരീതിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഉച്ചഭക്ഷണത്തിന് ശേഷം വൈകിവന്ന ഹൃദ്രോഗിയായ വിദ്യാര്‍ഥിനിയെ ഗ്രൗണ്ടില്‍ 25 റൗണ്ട് ഓടിച്ചുവെന്നും കുട്ടി കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു എന്നും പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്. രണ്ട് ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കുട്ടി പിന്നീട് മരണപ്പെടുകയും ഇതിനുത്തരവാദി ശിക്ഷനല്‍കിയ അധ്യാപികയാണെന്നുമാണ് വാദം.
നമ്മുടെ സ്വന്തം പെരുമ്പാവൂര്‍, എറണാകുളം ക്ലബ് തുടങ്ങിയ പേജുകളില്‍നിന്ന് വ്യാപകമായി പങ്കുവെക്കപ്പെട്ട സന്ദേശത്തില്‍ കുട്ടിയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്.
Fact-check:
ആദ്യമായി പ്രചരിക്കുന്ന സന്ദേശങ്ങളുടെ കമന്‍റുകള്‍ പരിശോധിച്ചു. ഇതില്‍നിന്നും Pranil Kumar എന്ന ഐഡിയില്‍നിന്ന് പങ്കുവെച്ച സന്ദേശത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യമാണെന്ന് സൂചിപ്പിച്ചതായി കണ്ടു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വസ്തുതാ പരിശോധനയുടെ ഭാഗമായി ന്യൂസ്മീറ്റര്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായും പിടിഎ പ്രസിഡന്‍റുമായും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായും കുട്ടിയുടെ പിതാവുമായും ബന്ധപ്പെട്ടു.
പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ മൈക്കിള്‍ പ്രതികരിച്ചു.
"ആരോപണം ഉന്നയിക്കപ്പെട്ട അധ്യാപിക ആ ദിവസങ്ങളില്‍ സ്ഥാപനത്തില്‍ വന്നിട്ടുപോലുമില്ല. അവര്‍ അവധിയിലായിരുന്നു. വൈകിവന്ന കുട്ടികളോട് സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ ഏതാനും റൗണ്ട് ഓടാന്‍ പറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ ഇതുകഴിഞ്ഞ് ക്ലാസിന് ശേഷം കുട്ടിയുടെ പിതാവ് തന്നെയാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് രാത്രിയാണ് കുട്ടിക്ക് വയ്യാതാവുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. സ്കൂളില്‍ ഉച്ചയ്ക്ക് ശേഷം ക്ലാസിലിരുന്ന കുട്ടിയ്ക്ക് ക്ഷീണമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഒന്നും ഇല്ലായിരുന്നു. മരണാനന്തര കര്‍മങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. അതില്‍നിന്നും അവര്‍ക്കും സത്യം ബോധ്യമായതാണ്. കഴിഞ്ഞദിവസം ഹെഡ്മിസ്ട്രസ് കുട്ടിയുടെ രക്ഷിതാക്കളെ നേരില്‍പോയി കണ്ടിരുന്നു. അവരുടെ ഇളയ മകള്‍ ഇതേ സ്കൂളില്‍ പഠിക്കുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കു പിന്നില്‍ മറ്റെന്തോ ലക്ഷ്യങ്ങളുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്."
സ്കൂള്‍ പിടിഎ പ്രസിഡന്‍റ് പോള്‍ ഡേവിഡ്:
"സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ് എനിക്കും പറയാനുള്ളത്. ഇതേക്കുറിച്ച് ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി അന്വേഷിച്ചതും സത്യം ബോധ്യപ്പെട്ടതുമാണ്. പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്."
തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി വിജയകുമാരിയെ ഫോണില്‍ വിളിച്ചു. പ്രചരിക്കുന്ന സന്ദേശത്തില്‍ വസ്തുതയില്ലെന്ന് അവരും പ്രതികരിച്ചു.
"ഹെഡ്മിസ്ട്രസിന്‍റെ കൂടെ ഞാനും കുട്ടിയുടെ രക്ഷിതാക്കളെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. വൈകിയെത്തിയതിന് സ്കൂളിലെ സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ഥികള്‍ ഏതാനും റൗണ്ട് ഓടിച്ചത് പൂര്‍ണമായും തണലുള്ള റൂഫ് ചെയ്ത സ്ഥലത്താണ്. അതൊരിക്കലും കുട്ടിയുടെ ശാരീരികാവശതയ്ക്ക് കാരണമായിട്ടില്ലെന്ന് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ബോധ്യപ്പെട്ടതാണ്. കുട്ടിയ്ക്ക് അന്നേദിവസം മറ്റ് ശാരീരിക അവശതകള്‍ ഉള്ളതായി സിസിടിവി ദൃശ്യങ്ങളിലും കാണാനായില്ല. വീട്ടിലെത്തിയതിന് ശേഷമാണ് ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് രാത്രി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്."
അവസാനമായി കുട്ടിയുടെ പിതാവ് പി. ബി. ഷബീറിനെയും ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു.
"സ്കൂളില്‍ മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ വൈകി വന്നതിന് പണിഷ്മെന്‍റ് നല്‍കിയിട്ടുണ്ട്. എന്‍റെ മകളുടെ മരണകാരണം അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വീട്ടില്‍ വന്നതിന് ശേഷം രാത്രിയാണ് മകള്‍ക്ക് തലവേദനയും ദേഹാസ്വാസ്ഥ്യവും വന്നത്. രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്."
ഇതോെടെ പ്രചരിക്കുന്ന വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായി. സ്കൂളില്‍നിന്ന് അധ്യാപിക നേരിട്ട് ശിക്ഷാനടപടികള്‍ നല്‍കിയിട്ടില്ലെന്നും വൈകിവന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ഥികള്‍ ഏതാനും റൗണ്ട് ഓടിച്ചത് ശാരീരികാവശതയ്ക്ക് കാരണമായിട്ടില്ലെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടി ഹൃദ്രോഗിയായിരുന്നുവെന്നും കടുത്ത ശിക്ഷാരീതി ഹാര്‍ട്ട് അറ്റാക്കിന് കാരണമായെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിലെ മറ്റൊരു വാദം. കുട്ടിയുടെ മരണ റിപ്പോര്‍ട്ട് ശേഖരിച്ച് പരിശോധിച്ചതിലൂടെ ഇതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത് സെറിബ്രോവാസ്കുലാര്‍ അറ്റാക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക് ആണ്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചില്ലെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍നിന്നും അറിയിച്ചു.
Conclusion:
അധ്യാപികയുടെ കടുത്ത ശിക്ഷാരീതി തൃശൂരില്‍ ആറാം ക്ലാസുകാരിയുടെ മരണത്തിലേക്ക് നയിച്ചുവെന്ന് പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുട്ടിയുടെ പിതാവും സ്കൂള്‍ അധികൃതരും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അറിയിച്ചു. കുട്ടിയുടെ മരണറിപ്പോര്‍ട്ടില്‍ മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത് ഹൃദയാഘാതമല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.