ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ക്കുന്ന വിദ്യാര്‍ഥികള്‍: ദൃശ്യം കേരളത്തിലേതോ?

SSLC പരീക്ഷ അവസാനിച്ച പശ്ചാത്തതലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ക്ലാസ്റൂം അലങ്കോലമാക്കി ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ക്കുന്നതെന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  4 April 2023 12:19 AM IST
ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ക്കുന്ന വിദ്യാര്‍ഥികള്‍: ദൃശ്യം കേരളത്തിലേതോ?

SSLC ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് അവസാനവാരമാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്. പരീക്ഷ അവസാനിച്ച് സ്കൂള്‍ വേനലവധിയ്ക്ക് അടയ്ക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് സ്വാഭാവികമായും ആഘോഷമാണ്. എന്നാല്‍ പലപ്പോഴും ഈ ആഘോഷങ്ങള്‍ അതിരുവിടുന്ന കാഴ്ചയാണ് കാണാറുള്ളത്. മുന്‍പൊക്കെ കോളജ് തലത്തിലായിരുന്നെങ്കില്‍‍ ഇപ്പോള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി തലങ്ങളിലെ വിദ്യാര്‍ഥികള്‍ പോലും വാഹനങ്ങള്‍ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്താനും നിറം വാരിയെറി‍ഞ്ഞ് ആഘോഷിക്കാനും മുന്‍പന്തിയിലുണ്ട്.

ഇത്തരത്തില്‍ ഒരു ആഘോഷത്തിന്‍റേതെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍‌ വൈറലാകുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏതാനും വിദ്യാര്‍ഥികള്‍ ക്ലാസ്മുറി അലങ്കോലമാക്കുന്നതും ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍. യുവതലമുറയുടെ ഇത്തരം അതിരുകവിഞ്ഞ ആഘോഷങ്ങളില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് പലരും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.


MT Vlog എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം ഏറെ വിഷമം തോന്നിയ ഈ കാഴ്ച സമൂഹം ഏറെ ഗൗരവമായി ചര്‍ച്ചചെയ്യണമെന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ എവിടെനിന്നുള്ളതാണെന്ന് സന്ദേശത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിലേതെന്ന് അനുമാനിച്ചാണ് പലരും കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.




Fact-check:

കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നാല്‍ സ്വാഭാവികമായും മാധ്യമങ്ങളില്‍ ചര്‍ച്ചയാകേണ്ടതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ കോളജുകളിലെ അതിരുവിട്ട ആഘോഷങ്ങള്‍ മാധ്യമങ്ങള്‍ ഗൗരവത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. അത്തരത്തില്‍ വാര്‍ത്തകള്‍ ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്ന സൂചന ലഭിച്ചു.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. വീഡിയോയുടെ ഓഡിയോയില്‍ വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കുന്നത് മലയാളത്തിലല്ലെന്ന് വ്യക്തമാണ്.



സംസാരിക്കുന്നത് തമിഴിലാണെന്ന അനുമാനത്തില്‍ ഏതാനും കീവേഡുകള്‍ക്കൊപ്പം തമിഴ്നാട് ചേര്‍ത്ത് ഗൂഗ്ളില്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ തിരഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളില്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.


The New Indian Express 2023 മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തോട് സമാനമായ വാര്‍ത്തയാണ് നല്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരത്താണ് സംഭവം. റിവിഷന്‍ പരീക്ഷകള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയിലെ ബെഞ്ചുകള്‍ തകര്‍ക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍‌ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വാര്‍ത്ത.

Times of India ഇതേ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംഭവം ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കനായി.


Times of India നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ അതിരുവിട്ട ആഘോഷപ്രകടനം നടത്തിയ വിദ്യാര്‍ഥികളെ സസ്പെന്‍റ് ചെയ്തതായാണ് വാര്‍ത്ത. തമിഴ്നാട്ടിലെ ധര്‍മപുരത്തെ മല്ലപുരം പ്രദേശത്തെ സ്കൂളിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പരീക്ഷ എഴുതാന്‍ അനുമതി നല്‍കുമെന്നും വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ കെ ഗുണശേഖരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ വാര്‍ത്തയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി യൂട്യൂബിലും കീവേഡ് പരിശോധന നടത്തിയതോടെ വിവിധ തമിഴ് ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.


മാര്‍ച്ച് 9 ന് NewsTamil 24x7 എന്ന വാര്‍ത്താ ചാനലില്‍ വന്ന വാര്‍ത്ത ഗൂഗ്ളിന്റെ സഹായത്തോടെ തര്‍ജമ ചെയ്തതോടെ ധര്‍മപുരിയില്‍ നടന്ന സംഭവം തന്നെയാണെന്ന് സ്ഥിരീകരിക്കാനായി.




ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്ന് വ്യക്തമായി.


Conclusion:

സ്കൂള്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികള്‍ ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. സ്ഥലം പരാമര്‍ശിക്കാതെ കേരളത്തിലേതെന്ന് തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ പങ്കുവെയ്ക്കുന്ന ഈ ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെ ധര്‍മപുരത്തെ മല്ലപുരം സ്കൂളിലേതാണ്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചതായും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Students ransack classroom furniture after SSLC exam
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story