Fact Check: ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി? വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ അതുല്യ വ്യക്തത്വമാണെന്നും സുരേഷ് ഗോപി പറ‍ഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരിലുള്ള വാര്‍‌ത്താകാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  12 April 2024 4:38 PM IST
Fact Check: ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി? വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം
Claim: ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ അതുല്യ വ്യക്തിത്വമാണന്നും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
Fact: സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വാര്‍ത്താ കാര്‍ഡ്.

BJP നേതാവും തൃശൂര്‍ ലോക്സഭ മണ്ഡലം NDA സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചതായി വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ അതുല്യ വ്യക്തത്വമാണെന്നും സുരേഷ് ഗോപി പറ‍ഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോ സഹിതം വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നത്. (Archive)




പറഞ്ഞതിനെ അനുകൂലിച്ചും വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം നിരവധി പേരാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സുരേഷ് ഗോപി ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന കാര്‍ഡില്‍‌ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടില്‍നിന്നുതന്നെ അത് എഡിറ്റ് ചെയ്തതാകാമെന്ന സൂചന ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ കാര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടല്ല ഇതിലുപയോഗിച്ചിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. കൂടാതെ സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ അത് മാധ്യമശ്രദ്ധ നേടേണ്ടതുമാണ്.

കാര്‍ഡിലെ തിയതി ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫെയ്സ്ബുക്ക് പേജില്‍ നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. 2024 മാര്‍ച്ച് 16ന് പങ്കുവെച്ച കാര്‍ഡില്‍ ‘തൃശൂര്‍ ജനങ്ങള്‍ തരും’ എന്ന് സുരേഷ് ഗോപി പറഞ്ഞതായാണ് നല്‍കിയിരിക്കുന്നത്. (Archive)


ഈ രണ്ട് കാര്‍ഡുകള്‍ താരതമ്യം ചെയ്തതോടെ ‘തൃശൂര്‍ ജനങ്ങള്‍ തരും’ എന്നതിന് പകരം പുതിയ ഉള്ളടക്കം എഴുതിച്ചേര്‍ത്ത് കാര്‍ഡ് എഡിറ്റ് ചെയ്താണെന്ന് വ്യക്തമായി.




തുടര്‍ന്ന് സുരേഷ് ഗോപി ഇത്തരം പ്രസ്താവനകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. സമൂഹമാധ്യമ പോസ്റ്റുകളിലെ കമന്റുകളില്‍ സുരേഷ് ഗോപി ഒരു മുസ്ലിം പള്ളിയില്‍ നോമ്പുതുറയ്ക്ക് പങ്കെടുത്തതുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രചരണമെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിച്ചു. 2024 ഏപ്രില്‍ 7നാണ് തൃശൂര്‍ ചെട്ടിയങ്ങാടി ജുമാമസ്ജിദില്‍ നോമ്പുതുറ സമയത്ത് സുരേഷ് ഗോപി എത്തിയത്. മീഡിയവണ്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കാണാം.




ജന്മഭൂമി ഓണ്‍ലൈനിലും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോമ്പുതുറയില്‍ പങ്കെടുത്തതല്ലാതെ എന്തെങ്കിലും പ്രസ്താവന നടത്തുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തതായി എവിടെയും സൂചനകളില്ല.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി പ്രസ്താവന നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ടി വി യുടെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ അതുല്യ വ്യക്തിത്വമാണന്നും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
Claimed By:Social Media User
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വാര്‍ത്താ കാര്‍ഡ്.
Next Story