Fact Check: സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി സര്‍ക്കാര്‍ നിയമിച്ചോ? വാസ്തവമറിയാം
സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി LDF സര്‍ക്കാര്‍ നിയമിച്ചുവെന്ന അവകാശവാദത്തോടെ മുഖ്യമന്ത്രിയുടെയും സുരേഷ് ഗോപിയുടെയും ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
By - HABEEB RAHMAN YP | Published on 30 March 2024 11:09 PM ISTClaim: സുരേഷ് ഗോപിയെ കൊച്ചി മെട്രോ എംഡിയായി കേരള സര്‍ക്കാര്‍ നിയമിച്ചു.
Fact: സുരേഷ് ഗോപിയെ കൊച്ചി മെട്രോ അംബാസഡറായി നിയമിച്ചിട്ടില്ല. 2019ല്‍തന്നെ ഈ വിവാദ തീരുമാനം കൊച്ചി മെട്രോ പിന്‍വലിച്ചിരുന്നു. അഞ്ചുവര്‍ഷം പഴയ ചിത്രമാണ് പ്രചരിക്കുന്നത്.
ബിജെപി നേതാവും ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ അംബാസഡറായി കേരളസര്‍ക്കാര്‍ നിയമിച്ചുവെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലാവലിന്‍ കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ ബിജെപി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ അംബാസിഡറായി നിയമിച്ചുവെന്നാണ് ഉള്ളടക്കം. സുരേഷ് ഗോപിയും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം കാണാം. (Archive)
നിരവധി ഇടതുവിരുദ്ധ പേജുകളില്‍നിന്ന് സമാന അവകാശവാദങ്ങളോടെ ഇതേ ചിത്രം പങ്കുവെച്ചതായി കാണാം. (Archive)
Fact-check:
പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്നും സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ അംബാസഡറായി നിയമിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ നല്‍കിയിരിക്കുന്ന രണ്ട് പരാമര്‍ശങ്ങള്‍ ഈ സന്ദേശം പഴയതാകാമെന്നതിന്റെ സൂചനയായി. ‘ലാവലിന്‍ കേസ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ’ എന്നതും ‘ബിജെപി എംപി സുരേഷ് ഗോപി’ എന്നതുമായിരുന്നു ഈ സൂചനകള്‍.
എസ് എന്‍ സി ലാവലിന്‍ കേസ് നിലവില്‍ 38-ാം തവണ സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. 2024 ഫെബ്രുവരി ആറിന് നിശ്ചയിച്ച വാദംകേള്‍ക്കലിലാണ് അന്തിമവാദത്തിനായി മെയ് 1, 2 തിയതികളിലേക്ക് കേസ് മാറ്റിയത്. ഈ ദിവസങ്ങളൊന്നും വെള്ളിയാഴ്ചയല്ല എന്നത് ആദ്യസൂചനയായി.
രണ്ടാമതായി, സുരേഷ് ഗോപി നിലവില്‍ രാജ്യസഭ എംപിയല്ല. അദ്ദേഹത്തിന്റെ എംപി സ്ഥാനത്തിന്റെ കാലാവധി നേരത്തെ കഴിഞ്ഞതാണ്. ഇതുസംബന്ധിച്ച് സ്ഥിരീകരണത്തിനായി രാജ്യസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. 2022 ഏപ്രില്‍ 24 വരെയായിരുന്നു അദ്ദേഹത്തിന്റെ എംപി സ്ഥാനമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം പഴയതാകാമെന്ന വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സുരേഷ് ഗോപിയെ കൊച്ചിമെട്രോ അംബാസഡറായി നിയമിക്കാനുള്ള KMRL തീരുമാനവുമായി ബന്ധപ്പെട്ട ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2019 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത്തരമൊരു തീരുമാനം KMRL എടുത്തുവെന്നും എന്നാല്‍ വ്യാപക വിമര്‍ശനത്തിന് പിന്നാലെ ഔദ്യോഗികമായി തീരുമാനമെടുത്തില്ലെന്ന് അറിയിക്കുകയുമായിരുന്നു എന്നാണ്.
ഏഷ്യാനെറ്റ്, മാതൃഭൂമി ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 2019 ഫെബ്രുവരിയില്‍ നടന്ന കൊച്ചിമെട്രോയുടെ സി.പി.എസ് ഡാറ്റ അനലറ്റിക്കൽ പ്ലാറ്റ്ഫോം പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ അന്നത്തെ എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ അത് സ്വീകരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ അംബാസഡറായി നിയമിക്കുന്ന തീരുമാനത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന്, പദ്ധതികളില്‍ സഹകരിക്കാമെന്ന് മാത്രമാണ് സുരേഷ് ഗോപി അറിയിച്ചതെന്നും ഔദ്യോഗികമായി ഒരു സ്ഥാനവും നല്‍കിയിട്ടില്ലെന്നും KMRL വ്യക്തമാക്കുകയായിരുന്നു.
തിയതി ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ തിരച്ചിലില്‍ 2019 ഫെബ്രുവരി 21 ന് തന്നെ കൊച്ചി മെട്രോ ഇക്കാര്യം വിശദീകരിച്ച് പങ്കുവെച്ച പോസ്റ്റും കണ്ടെത്തി.
ഇതോടെ നിലവില്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 2019-ലെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് തയ്യാറാക്കിയ പോസ്റ്റായിരിക്കാം പ്രചരിക്കുന്നതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിലെ ഫെയ്സ്ബുക്ക് പേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് ഈ തിയതി ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ പോസ്റ്റ് കണ്ടെത്തി. Cyber Congress എന്ന പേജില്‍നിന്ന് 2019 ഫെബ്രുവരി 21 ന് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. (Archive)
ഇതോടെ 2019-ല്‍ കൊച്ചി മെട്രോയുടെ വിവാദ തീരുമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
Conclusion:
സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ അംബാസഡറായി സര്‍ക്കാര്‍ നിയമിച്ചുവെന്ന പ്രചാരണം വാസ്തവിരുദ്ധമാണ്. കൊച്ചിമെട്രോ 2019 ഫെബ്രുവരിയില്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതായി ആരോപണമുയര്‍ന്നപ്പോള്‍തന്നെ അത് നിഷേധിച്ച് KMRL രംഗത്തെത്തിയിരുന്നു. അതേ ദിവസം തയ്യാറാക്കിയ ചിത്രമാണ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.