ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പ്രചരണം; അടിസ്ഥാനരഹിതമെന്ന് ആരോഗ്യവിദഗ്ധര്‍

ശരീര ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ദിവസവും കുളിക്കുന്നത് ശുചിത്വവും അതുവഴി ആരോഗ്യവും ഉറപ്പാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. കേരളത്തിന്‍റെ സവിശേഷ കാലാവസ്ഥയില്‍ കുളിക്കാതിരിക്കുന്നതാണ് കൂടുതല്‍ ഹാനികരമെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിദഗ്ധര്‍ ന്യൂസ്മീറ്ററിനോട് പ്രതികരിച്ചു.

By HABEEB RAHMAN YP  Published on  27 Aug 2022 10:33 PM IST
ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പ്രചരണം; അടിസ്ഥാനരഹിതമെന്ന് ആരോഗ്യവിദഗ്ധര്‍

ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലേഖനം അടിസ്ഥാനരഹിതം. ലേഖനത്തില്‍ സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ശരിയാണെങ്കിലും ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കാത്ത ലേഖനം തെറ്റിദ്ധരിപ്പിക്കുന്നതും അര്‍ധസത്യം പ്രചരിപ്പിക്കുന്നതുമാണ്. ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ഇന്ത്യന്‍ ഹെല്‍ത്ത് കോര്‍ട്ട് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രചരിക്കുന്ന ലേഖനം ഇതിനകം 360-ലധികം പേര്‍ പങ്കുവെച്ചിട്ടുണ്ട്.


പ്രധാനമായും നാല് കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നത്. ശരീരത്തിലെ സ്വാഭാവികമായ എണ്ണമയവും തൊലിയ്ക്ക് മേലുള്ള ആവരണവും ദിവസവും കുളിക്കുന്നതിലൂടെ നശിക്കുന്നു എന്നാണ് ആദ്യവാദം. ശരീരത്തില്‍ ആന്‍റിബോഡി നിര്‍മിക്കാനാവശ്യമായ സൂക്ഷ്മാണുക്കള്‍ തുടര്‍ച്ചയായി കുളിക്കുന്നതിലൂടെ നശിക്കും എന്നതാണ് മറ്റൊന്ന്.


ശരീരത്തിന്‍റെ pH മൂല്യം ഉയരുമെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ദിവസവും കുളിക്കുന്നത് ചര്‍മം വരണ്ടതാക്കുമെന്നും ഇത് കൂടുതല്‍ ബാക്ടീരിയകള്‍ അകത്തുപ്രവേശിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.


Fact-Check:

ദിവസവും ഒന്നിലധികം തവണ കുളിക്കുന്ന ശീലമുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ കുളിക്കുന്ന ശീലം ശരീരത്തിന് ഹാനികരമാണെന്ന വാദം കേരളത്തിന്‍റെ സാഹചര്യത്തില്‍ അവിശ്വസനീയമായ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍തന്നെ പലരും ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുന്നത്.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രസ്തുത ലേഖനത്തില്‍ ശുചിത്വവുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവുമില്ലാത്തത് ലേഖനത്തിന്‍റെ ആധികാരികതയെക്കുറിച്ച് സംശയമുളവാക്കി. ശാരീരിക സവിശേഷതകള്‍ക്കും പ്രതിരോധശേഷിയ്ക്കും കാലാവസ്ഥയുമായും അന്തരീക്ഷ ഘടകങ്ങളുമായും ബന്ധമുള്ളതിനാല്‍ കേരളത്തിന്‍റെ കാലാവസ്ഥയില്‍ ശാരീരിക ശുചിത്വം അനിവാര്യമാണെന്ന നിഗമനത്തില്‍ വിവിധ ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിച്ചു.

കുളിക്കുന്നതിലെ ഭൗതിക-മാനസിക നേട്ടങ്ങളെക്കുറിച്ച് 2018-ല്‍ ജപ്പാനില്‍ നടന്ന പഠനത്തില്‍ മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ ദിവസവും കുളിക്കുന്നതിന് ഉണ്ടെന്ന് വ്യക്തമാക്കുന്നു. മുങ്ങിക്കുളിക്കുന്നത് ഷവറില്‍ കുളിക്കുന്നതിനെക്കാള്‍ നല്ലതാണെന്നും, സമ്മര്‍ദം കുറയ്ക്കാനും മികച്ച ആരോഗ്യത്തിനും ഉറക്കത്തിനും സന്തുഷ്ടിക്കും കുളി നല്ലതാണെന്നും പഠനത്തില്‍ പറയുന്നു.


കൊവിഡ് കാലത്ത് 'വര്‍ക്ക് ഫ്രം ഹോം' സാഹചര്യത്തില്‍ വീട്ടിലാണെങ്കില്‍പോലും ദിവസവും കുളിക്കുന്ന ശീലം ആരോഗ്യമുള്ള ശരീരത്തിനും രോഗാണുക്കളെ തടയുന്നതിനും അനിവാര്യമാണെന്ന് ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്‍റ് ഡോ. യശോധര ശര്‍മ്മയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


കുളിക്കുന്നത് ശാരീരിക ശുചിത്വത്തിനും ആരോഗ്യത്തിനും അനിവാര്യമാണെന്ന് മേല്‍പ്പറഞ്ഞ രണ്ട് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും എന്നാല്‍ ചെറിയ കുട്ടികളുടെയും പ്രായം ചെന്നവരുടെയും കാര്യത്തില്‍ ഇത് നിര്‍ബന്ധമില്ലെന്നും അമേരിക്കയില്‍ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി മെഡിക്കല്‍ ന്യൂസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് സാരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഇതില്‍നിന്നും വ്യക്തമായി. പ്രചരിക്കുന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ഏതാനും കാര്യങ്ങളില്‍ കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി ആരോഗ്യ-ശാസ്ത്ര രംഗത്തെ വിദഗ്ധരെ ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു.

കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഡെര്‍മറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. കെ.വി. വൈഷ്ണവി ഞങ്ങളുമായി സംസാരിച്ചതിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

"ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരിക്കലും പറയാനാവില്ല. ഇവിടെ സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ചിലകാര്യങ്ങള്‍ ശരിയാണ്. പി.എച്ച് മൂല്യം ഉയരുന്നതും തൊലിയുടെ ആവരണം നശിക്കുന്നതുമൊക്കെ ദോഷം ചെയ്യുമെങ്കിലും അതിനെക്കാള്‍ പ്രാധാന്യം ശുചിത്വം നിലനിര്‍ത്തുന്നതിന് തന്നെയാണ്. കൂടുതല്‍ ചൂടുള്ളതോ നല്ല തണുപ്പുള്ളതോ ആയ വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക. തല നനയ്ക്കുന്നത് കുറയ്ക്കുക; എന്നാല്‍‌ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഒന്നിലധികം തവണ കുളിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് ജോലിസ്ഥലത്തുനിന്നും മറ്റും തിരിച്ച് വരുന്ന ഘട്ടത്തില്‍ ശരീരം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്."

കാലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം അസോസിയറ്റ് പ്രഫസര്‍ ഡോ. സി. ഗോപിനാഥന്‍ പ്രതികരിച്ചത് ഇങ്ങനെ:

"ദിവസവും കുളിക്കുന്നത് ഹാനികരമാണെന്ന് പറയാനാവില്ല. ഇവിടെ സൂചിപ്പിച്ച ലേഖനത്തില്‍ പറയുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം കുളിയ്ക്കുന്നതല്ല, കുളിയ്ക്കുന്ന സമയത്ത് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളടങ്ങിയ സോപ്പും മറ്റ് വസ്തുക്കളുമാണ്. സാധാരണ വെള്ളത്തില്‍ കുളിക്കുന്നതും ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും നല്ലകാര്യമാണ്. അതുകൊണ്ട് സോപ്പും മറ്റ് രാസപദാര്‍ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളും ഉപേക്ഷിച്ച് കുളി ശീലമാക്കണം. കേരളത്തിലെ ഹ്യൂമിഡിറ്റി ഉയര്‍ന്ന കാലാവസ്ഥാ സാഹചര്യത്തില്‍ വിയര്‍ക്കാനും കുളിക്കാതിരിക്കുന്നതുവഴി ബാക്ടീരിയ പെരുകാനും സാധ്യതയുണ്ട്. അതുകൊണ്ട് വിദേശത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കുളിക്കുന്നത് ഹാനികരമാണെന്ന് കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തില്‍ വാദിക്കുന്നതില്‍ കഴമ്പില്ല."

കാലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. വി.ബി.സ്മിത ഏതാനും ചില കാര്യങ്ങള്‍കൂടി സൂചിപ്പിച്ചു:

"കോവിഡ് കാലത്ത് കൈകള്‍ കൃത്യമായി സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കി ശീലിച്ചവരാണ് നമ്മള്‍. സോപ്പും സാനിറ്റൈസറുമൊക്കെ അമിതമായി ഉപയോഗിക്കുന്നത് ദോഷമാണെങ്കിലും അത് അനിവാര്യമായിരുന്നു. അതുപോലെയാണ് ദിവസവും കുളിക്കുന്നതും. ആരോഗ്യമുള്ള ശരീരത്തിന് ദിവസവും കുളിക്കുന്നത് ഗുണകരമാണ്. സോപ്പ് കൂടുതല്‍ ഉപയോഗിക്കാതിരിക്കുകയും തല നനയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യാം. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് ഉന്മേഷം പകരുകയും രക്തചംക്രമണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ ബാക്ടീരിയ നശിക്കുന്നതിനെക്കാള്‍ പ്രശ്നമാണ് രോഗബാധയുണ്ടാക്കുന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ട് ഇവിടെ സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കുളിക്കുന്നത് ഹാനികരമാണ് എന്ന് ഒരിക്കലും പറയാനാവില്ല. എങ്കിലും അധികമായാല്‍ അമൃതും വിഷമാണല്ലോ; ആവശ്യത്തിന് കുളിക്കുകയും ശരീര ശുചിത്വം സൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്."

ഞങ്ങള്‍ പരിശോധിച്ച മറ്റ് പഠനങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലുമെല്ലാം കുളിയ്ക്കുന്നത് ശാരീരികോല്ലാസത്തിനും ഉന്മേഷത്തിനും നല്ല ഉറക്കത്തിനുമെല്ലാം സഹായകരമാണെന്ന് പരാമര്‍ശമുണ്ട്. അതേസമയം, ഗുരുതരമായ യാതൊരു പ്രശ്നവും ദിവസവും കുളിക്കുന്നതുവഴി ഉണ്ടാകുമെന്ന തരത്തില്‍ ആധികാരികമായ പഠനങ്ങള്‍ കണ്ടെത്താനായില്ല. ചില വിദേശരാജ്യങ്ങളില്‍ നടന്ന ഏതാനും പഠനങ്ങളില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ അപ്രസക്തമാണെന്നും വ്യക്തമായി.

Conclusion:

ദിവസവും കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സോപ്പ് ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങള്‍ തുടര്‍ച്ചയായി ശരീരത്തില്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇതിന് പരിഹാരം കുളിക്കാതിരിക്കുക എന്നതല്ല. മാത്രവുമല്ല, ഉയര്‍ന്ന ഹ്യുമിഡിറ്റിയുള്ള കേരളത്തിന്‍റെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തില്‍ ശരീര ശുചിത്വം വളരെ പ്രധാനമാണ് അതുകൊണ്ട് ദിവസവും കുളിക്കാനും ഗുണമേന്മയുള്ള സോപ്പുപയോഗിക്കാനുമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. പ്രചരിക്കുന്ന ലേഖനം അര്‍ധസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

Claim Review:Taking bath everyday is injurious to health
Claimed By:Facebook User
Claim Reviewed By:Newsmeter
Claim Source:Facebook
Claim Fact Check:False
Next Story