Fact Check: കേരളത്തില്‍ മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയോ?
കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ 2024 ജൂലൈ 1 മുതല്‍ പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നുവെന്ന അവകാശവാദത്തോടെയാണ് വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ നല്‍കിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 1 July 2024 10:11 AM GMTClaim: കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് 2024 ജൂലൈ 1 മുതല്‍
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; ജൂലൈ 1 ന് ഈ റൂട്ടില്‍ റെയില്‍വേ നടത്തുന്നത് തിരക്കൊഴിവാക്കാനായി പ്രത്യേക സര്‍വീസ് മാത്രം. ഇതൊരു സ്ഥിരം സര്‍വീസ് അല്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
കേരളത്തില്‍ പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ 2024 ജൂലൈ 1 മുതല്‍ പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതായാണ് പ്രചാരണം. ചില ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ നല്‍കിയ വാര്‍ത്ത നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ ജൂലൈ 1 മുതല്‍ വന്ദേഭാരത് സ്ഥിരം സര്‍വീസ് ആരംഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മറ്റുചില മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു ദിവസത്തെ സര്‍വീസ് മാത്രമാണെന്നാണ് സൂചന. ജൂലൈ 1 ന് കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേരള കൗമുദി ഓണ്‍ലൈന്‍ ജൂലൈ 1 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും സമാനമായ രീതിയിലാണ് നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് സ്ഥിരീകരണത്തിനായി ദക്ഷിണറെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഇന്നത്തെ വന്ദേഭാരത് സര്‍വീസ് ഒരു പ്രത്യേക സര്‍വീസാണ്. തിരിക്കേറിയ ദിവസം തിരക്ക് കുറയ്ക്കുന്നതിനായി റെയില്‍വേ ഇത്തരം സര്‍വീസുകള്‍ നടത്താറുണ്ട്. ഇതൊരു സ്ഥിരം സര്‍വീസല്ല - അതായത് എല്ലാ ദിവസവും അല്ലെങ്കില്‍ എല്ലാ തിങ്കളാഴ്ചയും സര്‍വീസ് നടത്തുമെന്ന് അര്‍ത്ഥമില്ല. ഈ സര്‍വീസുമായി ബന്ധപ്പെട്ട് ബുക്കിങ് തുടങ്ങിയ ദിവസമായ ജൂണ്‍ 29ന് തന്നെ റെയില്‍വേ പത്രക്കുറിപ്പ് നല്‍കിയിരുന്നു. ഒറ്റ സര്‍വീസ് എന്ന് കൃത്യമായി അതില്‍ പരാമര്‍ശിക്കുകയും തിയതിയും സമയവും ഉള്‍പ്പെടെ നല്‍കുകയും ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ ഇത് സ്ഥിരംസര്‍വീസ് എന്ന നിലയ്ക്ക് തെറ്റായി മനസ്സിലാക്കുകയും അത്തരത്തില്‍ വാര്‍ത്ത നല്‍കുകയുമാണ് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഇതൊരു സ്ഥിരം സര്‍വീസല്ല. മംഗലാപുരത്തുനിന്ന് തിരിച്ച് സര്‍വീസ് എപ്പോള്‍ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടുമില്ല. തിരക്കുള്ള ഏതെങ്കിലും ദിവസം ഒരുപക്ഷേ ഇത്തരമൊരു സര്‍വീസ് നടത്തിയേക്കാം. ഇതില്‍ തീരുമാനമെടുക്കുന്നത് റെയില്‍വേയാണ്.”
ജൂണ്‍ 29ന് റെയില്‍വേ നല്‍കിയ പത്രക്കുറിപ്പും ലഭ്യമായി. പ്രത്യേക സര്‍വീസിന്റെ സമയക്രമവും തിയതിയും പത്രക്കുറിപ്പില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
നിലവില്‍ കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട് - തിരുവനന്തപുരം, മംഗലാപുരം - തിരുവനന്തപുരം സര്‍വിസുകളാണത്. എല്ലാദിവസവും സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ പുതിയൊരു പ്രതിദിന സര്‍വീസിന് സാധ്യതയില്ലെന്നതും ശ്രദ്ധേയമാണ്.
ജൂലൈ 1 ന് പ്രത്യേക സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയില്‍ എട്ട് റേക്കുകളടങ്ങുന്നതാണ്. നേരത്തെ എറണാകുളം - ബംഗലൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി കഴിഞ്ഞ ഏപ്രിലിലാണ് എട്ടു റേക്കുകളുള്ള വന്ദേഭാരത് കൊല്ലത്തെത്തിച്ചത്. എന്നാല്‍ മൂന്ന് മാസത്തിന് ശേഷവും എറണാകുളം സ്റ്റേഷനില്‍ അറ്റകുറ്റപ്പണിയ്ക്ക് സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് ട്രെയിനിപ്പോള്‍ മംഗലാപുരത്തേക്ക് മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ റെയില്‍വേ തയ്യാറായില്ല. ഇതുസംബന്ധിച്ച് റെയില്‍വേ അധികൃതരുടെ പ്രതികരണമിങ്ങനെ:
“നിലവില്‍ സ്ഥിരം സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ക്കു പുറമെ അനുവദിച്ചതെല്ലാം റെയില്‍വേയെ സംബന്ധിച്ചിടത്തോളം സ്പെയര്‍ റേക്കുകളാണ്. എറണാകുളം - ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് റെയില്‍വേ ഇതുവരെ തീരുമാനമെടുക്കുകയോ എന്തെങ്കിലും അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. സ്പെയര്‍ റേക്കുകള്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകള്‍ക്കും ആവശ്യാനുസരണം കൈമാറാറുണ്ട്. അതുപോലെതന്നെ ഈ സ്പെയര്‍ റേക്കുകള്‍ ഉപയോഗിച്ച് പ്രത്യേക സര്‍വീസുകളും നടത്താറുണ്ട്. അത്തരമൊരു സര്‍വീസാണ് കൊച്ചുവേളി - മംഗലാപുരം സര്‍വീസ്. ”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
കേരളത്തില്‍ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ 2024 ജൂലൈ 1 മുതല്‍ സര്‍വീസ് തുടങ്ങുന്നുവെന്ന പ്രചാരണം വ്യാജമാണ്. തിരക്കൊഴിവാക്കാനായി നടത്തുന്ന പ്രത്യേക സര്‍വീസ് മാത്രമാണിതെന്നും സ്ഥിരം സര്‍വീസല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.