തിരുവനന്തപുരം സ്വദേശിയായ ഹിന്ദു പെണ്‍കുട്ടിയെ മഞ്ചേരിയിലെ മതപഠന കേന്ദ്രമായ സത്യസരണിയില്‍ കണ്ടെത്തിയതായി പ്രചരണം. ഒരു പെണ്‍കുട്ടിയുടെ ചിത്രസഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത് തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണയെ കഴിഞ്ഞദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ മഞ്ചേരി സത്യസരണിയില്‍ വെച്ച് കണ്ടെത്തിയെന്നാണ്.
ഇത്തരത്തിലൊരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലൊന്നും മുഖ്യധാരാ മാധ്യമങ്ങളോ പ്രാദേശിക മാധ്യമങ്ങളോ റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രചരിക്കുന്ന സന്ദേശം തെറ്റാകാമെന്നതിന്‍റെ ആദ്യസൂചനയായി.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ തെരച്ചിലില്‍ ഇതേ ചിത്രവും വിവരണവും ഉള്‍പ്പെടെ പോസ്റ്റ് 2020 ജനുവരിയില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം സ്വദേശിയാ അപര്‍ണ മഞ്ചേരിയിലെ മതപഠനകേന്ദ്രത്തിലെത്തിയ സംഭവം 2016-ലേതാണെന്ന് വ്യക്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സത്യസരണിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ലഭിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ ഇത് സ്ഥിരീകരിക്കാനായി.
ആയിഷയെന്ന പേര് സ്വീകരിച്ച അപര്‍ണ താന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധയയായിട്ടില്ലെന്ന് മാധ്യമങ്ങളോട് വിശദീകരിച്ച വാര്‍ത്ത സിറാജ് 2016 ജൂലൈ 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സൈനിക ഉദ്യോഗസ്ഥയായ മിനി വിജയന്‍റെ മകളാണ് അപര്‍ണയെന്ന് വാര്‍ത്തയില്‍ കാണാം. ഇതോടെ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം 2016ലേതാണെന്ന് വ്യക്തം. എന്നാല്‍ സിറാജ് നല്‍കിയ ചിത്രവും പ്രചരിക്കുന്ന ചിത്രവും വ്യത്യസ്തമാണെന്ന് കാണാം.
യൂട്യൂബില്‍ നടത്തിയ തെരച്ചിലില്‍ മീഡിയവണ്‍ ചാനല്‍ അപര്‍ണയുമായി നടത്തിയ അഭിമുഖം ഉള്‍പ്പെടുത്തിയ വാര്‍ത്ത 2016 ജൂലൈ 26ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
സിറാജിലും മീഡിയവണ്ണിലും നല്‍കിയ ചിത്രങ്ങള്‍ ഒന്നാണെന്നും പ്രചരിക്കുന്ന കുറിപ്പിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം മറ്റാരുടെയോ ആണെന്നും ഇതോടെ വ്യക്തമായി.
തിരുവനന്തപുരം സ്വദേശിനി അപര്‍ണ സത്യസരണിയിലെത്തിയ സംഭവം 2016 ലേതാണെന്ന് തെളിയിക്കുന്ന മറ്റ് റിപ്പോര്‍ട്ടുകളും ലഭിച്ചു. മലയാള മനോരമയുടെ ഇംഗ്ലീഷ് പ്ലാറ്റ്ഫോം ഓണ്‍മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇക്കാര്യം വ്യക്തമാക്കുന്നു. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം അപര്‍ണ നിഷേധിച്ച വാര്‍ത്ത The News Minute ഉം 2016 ജൂലൈ 30 ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന കുറിപ്പിന്‍റെ ഉള്ളടക്കത്തിന് ആധാരമായ വാര്‍ത്ത 2016-ലേതാണെന്നും ഇതിനൊപ്പം പ്രചരിക്കുന്ന ചിത്രം തിരുവനന്തപുരം സ്വദേശിയായ അപര്‍ണയുടേതല്ലെന്നും വ്യക്തമായി.
Conclusion:
തിരുവനന്തപുരം സ്വദേശിനിയും കരസേനാ ഉദ്യോഗസ്ഥയുടെ മകളുമായ അപര്‍ണയെ പൊലീസ് നടത്തിയ തെരച്ചിലില്‍ മലപ്പുറം മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ആറ് വര്‍ഷത്തിലേറെ പഴയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കുറിപ്പിനൊപ്പം പങ്കുവെയ്ക്കുന്ന ചിത്രം അപര്‍ണയുടേതല്ലെന്നും ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.