Fact-check: ബജറ്റില്‍ സര്‍വത്ര വിലക്കയറ്റം?! വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളുടെ വസ്തുതയറിയാം
ഇന്ധനസെസ്, വൈദ്യുതി തീരുവ, വാഹന നികുതി, കെട്ടിട നികുതി ഉള്‍പ്പെടെ വിലക്കയറ്റത്തിന്റെ പട്ടികയാണ് സംസ്ഥാന ബജറ്റെന്ന സൂചനയോടെ ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ സ്ക്രീന്‍ഷോട്ടുകളാണ് കൊളാഷ് രൂപത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 13 Feb 2024 7:47 PM GMTസംസ്ഥാന ബജറ്റില്‍ സര്‍വത്ര വിലക്കയറ്റമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ബജറ്റിലെ വിലക്കയറ്റത്തെ സൂചിപ്പിക്കുന്ന ടെലിവിഷന്‍ വാര്‍ത്താ സ്ക്രീനിന്റെ ചിത്രങ്ങള്‍ കൊളാഷ് രൂപത്തില്‍ ചേര്‍ത്താണ് പ്രചാരണം. വൈദ്യുതി തീരുവ, വാഹന നികുതി, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില, കോടതിഫീ തുടങ്ങിയവയിലെ വര്‍ധനയാണ് ചിത്രത്തില്‍ സൂചിപ്പിക്കുന്നത്.
കേന്ദ്രബജറ്റിനെയും സംസ്ഥാന ബജറ്റിനെയും താരതമ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ചിത്രം കൊളാഷില്‍ ചേര്‍ത്തും പ്രചാരണമുണ്ട്. കേന്ദ്രബജറ്റില്‍ ജനക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ കേരളബജറ്റ് വിലക്കയറ്റത്തിന്റേതാണെന്ന താരതമ്യത്തോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
വ്യത്യസ്ത അടിക്കുറിപ്പുകളോടെ പ്രചരിക്കുന്ന പോസ്റ്റുകളുടെയെല്ലാം അടിസ്ഥാനം ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ സ്ക്രീന്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കൊളാഷാണ്. വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഈ കൊളാഷ് വ്യക്തമായി പരിശോധിച്ചു. മനോരമ ന്യൂസിന്റെ സ്ക്രീന്‍ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് മനസ്സിലായി. തുടര്‍ന്ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച ഏതാനും വാര്‍ത്തകളുടെ സ്ക്രീനുമായി പ്രചരിക്കുന്ന ചിത്രം താരതമ്യം ചെയ്തതോടെ പ്രകടമായ മാറ്റങ്ങള്‍ കണ്ടെത്താനായി.
പ്രചരിക്കുന്ന ചിത്രങ്ങളിലെ ഫോണ്ടും നിലവില്‍ മനോരമ പങ്കുവെച്ച വാര്‍ത്തകളിലെ സ്ക്രീന്‍ ഫോണ്ടും തമ്മിലെ വ്യത്യാസം വ്യക്തമാണ്. ഇതോടെ പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങള്‍ പഴയതാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങളുടെ ഉള്ളടക്കം പരിശോധിച്ചു. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് ആദ്യത്തെ ചിത്രം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് 2023 ലെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണെന്ന് സ്ഥിരീകരിക്കുന്ന 2023 ഫെബ്രുവരിയിലെ ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
പെട്രോളിനും ഡീസലിനും സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് 2023 ഫെബ്രുവരി 2ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് സംസ്ഥാന ധനകാര്യവകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് 2023 -24 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ രേഖകള്‍ ശേഖരിച്ചു. ഇന്ധന സെസ് ഉള്‍പ്പെടെ പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങളില്‍ പരാമര്‍ശിക്കുന്ന തീരുമാനങ്ങളെല്ലാം ഈ ബജറ്റില്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങള്‍ 2023 ലെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തയുടേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ 2023 ഫെബ്രുവരി 2ന് പങ്കുവെച്ച ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ വീഡിയോകളില്‍ സ്ക്രീന്‍ ടെക്സ്റ്റായി പ്രചരിക്കുന്ന ചിത്രങ്ങളിലെ അതേ ഫോണ്ടില്‍ നല്‍കിയ വാര്‍ത്തകള്‍ കാണാം.
വസ്തുത പരിശോധനയുടെ അവസാനഘട്ടത്തില്‍ 2024 ബജറ്റില്‍ ഈ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. പുതുതായി ഇന്ധന സെസ്സോ വാഹന നികുതിയോ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വൈദ്യുതി തീരുവയില്‍ 15 പൈസയുടെ വര്‍ധന 2024-25 ബജറ്റില്‍ കാണാം. കൂടാതെ കോടതി ഫീ സംബന്ധിച്ച് 2023-24 ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധന നടപ്പാക്കാനാവാത്തതിനാല്‍ അക്കാര്യത്തിലും പരാമര്‍ശമുണ്ട്. മദ്യവില വര്‍ധനയോ മോട്ടോര്‍സൈക്കിള്‍ നികുതിയോ പുതിയ ബജറ്റിലില്ല.
Conclusion:
സംസ്ഥാന ബജറ്റില്‍ വന്‍ വിലക്കയറ്റം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ വാര്‍ത്താ സ്ക്രീനിന്റെ ചിത്രങ്ങള്‍ 2023-24 സാമ്പത്തികവര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തയുടേതാണെന്നും നിലവിലെ ബജറ്റില്‍ ഈ പരാമര്‍ശങ്ങളില്ലെന്നും ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ വ്യക്തമായി.