തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് പ്രസവ - ചികിത്സാ ധനസഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. പത്രവാര്‍ത്തയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്ന പോസ്റ്റില്‍ പ്രസവ ധനസഹായമായി 7500 രൂപയും ചികിത്സാ ധനസഹായമായി 10000 രൂപയും കേന്ദ്രം അനുവദിച്ചതായാണ് അവകാശവാദം.
വിവിധ ബിജെപി പേജുകളില്‍നിന്നും വ്യാപകമായി പങ്കുവെയ്ക്കുന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാറിന് അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യമായാണ് തുക നല്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രസവ-ചികിത്സാ ധനസഹായത്തിന് പുറമെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുമെന്നും എന്നാല്‍ തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ന്ന് പ്രസതുത ക്ഷേമനിധിയെക്കുറിച്ച് അന്വേഷിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതാണ് ക്ഷേമനിധിയെന്ന് വ്യക്തമായി. 2021 ല്‍ കേരളനിയമസഭയില്‍ ഇതുസംബന്ധിച്ച് ബില്ല് അവതരിപ്പിച്ചിരുന്നു.
2023 മെയ് 15ന് പാലക്കാട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതി കേരള മിഷന്‍ കോര്‍ഡിനേറ്ററുടെ ഫെയ്സ്ബുക്ക് പേജില്‍ ലഭ്യമാണ്. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും ലഭ്യമായി.
ഇതോടെ പദ്ധതി കേരളസര്‍ക്കാറിന്റേതാണെന്ന് ബോധ്യമായി. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി കേരളം ക്ഷേമനിധി ആരംഭിച്ചത് ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി ഇതുസംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനം ശേഖരിച്ചു. 2023 ഒക്ടോബര്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാണ്.
പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി കേരളസര്‍ക്കാറിന്റേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ലഭ്യമായി.
ഇതോടെ പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യവും ചികിത്സാ ധനസഹായവും ലഭ്യമാക്കുന്ന പദ്ധതി പൂര്‍ണമായും കേരളസര്‍ക്കാറിന്റേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. രാജ്യത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായുള്ള ക്ഷേമനിധി വഴിയാണ് ആനുകൂല്യങ്ങള്‍ നല്കുന്നത്.