കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കുവെച്ചത് കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ ചിത്രമോ?

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രങ്ങളിലൊന്നാണ് കീഴാറ്റൂര്‍ ബൈപ്പാസിന്‍റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 20 May 2023 1:58 PM IST

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കുവെച്ചത് കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ ചിത്രമോ?

കീഴാറ്റൂരിലെ വയല്‍ക്കിളി സമരം വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. തുടര്‍ന്ന് 2018 നവംബറിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതിയോടെ ബൈപ്പാസ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്.

എന്നാല്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇതിന്‍റെ ചിത്രം പങ്കുവെച്ചുവെന്നും അവകാശവാദത്തോടെയാണ് വയലുകള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒരു റോഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


പൊന്നരിവാള്‍ മീഡിയ സെല്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗ‍‍‍‍ഡ്കരിയുടെ വെരിഫൈഡ് പേജിന്‍റെ പ്രൊഫൈല്‍ ചിത്രവും കാണാം.

ഇതേ ചിത്രം സമാന അടിക്കുറിപ്പോടെ വിവിധ ഇടതു പ്രൊഫൈലുകളില്‍നിന്നും വ്യ‌ക്തിഗത അക്കൗണ്ടുകളില്‍‌നിന്നും പങ്കുവെച്ചിട്ടുണ്ട്.



Fact-check:

പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രൊഫൈല്‍ ചിത്രം സൂചനയാക്കി അദ്ദേഹത്തിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. ഇതോടെ 2023 മെയ് 14ന് അദ്ദേഹം ട്വിറ്ററിലും ഫെയ്സ്ബുക്കിലും പങ്കുവെച്ച പോസ്റ്റ് കണ്ടെത്താനായി.


ദേശീയപാത 148 ല്‍ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന ജയ്പൂര്‍ - പുഷ്ത റോഡിന്‍റെ ചിത്രമാണെന്ന് വിവരണത്തില്‍ വ്യക്തമാക്കുന്നു. ഭാരത്മാല പരിയോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആറുവരിപ്പാതയാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. ഇതേ ഉള്ളടക്കത്തോടെ ചിത്രങ്ങള്‍ അദ്ദേഹം ഫെയ്സ്ബുക്കിലും പങ്കുവെച്ചതായി കാണാം.




ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് കീഴാറ്റൂര്‍ ബൈപ്പാസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. DNA Hindi വാര്‍ത്താ വെബ്സൈറ്റിലും ഈ ആറുവരിപ്പാതയെക്കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.




Conclusion

പ്രചരിക്കുന്ന ചിത്രം കേന്ദ്രമന്ത്രി നിതിന്‍‌ ഗഡ്കരി തന്നെ പങ്കുവെച്ച ഉത്തരേന്ത്യയിലെ റോഡിന്‍റെ ചിത്രമാണെന്നും അദ്ദേഹം നല്‍കിയ വിവരണം ഒഴിവാക്കി കേരളത്തിലെ കീഴാറ്റൂരിലേത് എന്ന തെറ്റായ അടിക്കുറിപ്പ് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Union minister Nithin Gadkari shares a photograph of Keezhattur bypass road in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story