ഉത്തര്‍പ്രദേശില്‍ ഗുണ്ടാനേതാവിനെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഗുണ്ടയായ അബ്‌ദുൾ ഗഫാറിനെ പൊലീസ് വെടിവെച്ച് കീഴ്പെടുത്തുന്ന ദൃശ്യങ്ങളെന്ന തരത്തിലാണ് പ്രചാരണം. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ കത്തിയുമായി നഗരമധ്യത്തില്‍ നടക്കുന്നതും തുടര്‍ന്ന പൊലീസ് ആദ്യം ആകാശത്തേക്കും പിന്നീട് അദ്ദേഹത്തിന്റെ കാല്‍മുട്ടിന് താഴെയും വെടിയുതിര്‍ക്കുന്നതും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവം ഉത്തര്‍പ്രദേശിലേതല്ലെന്നും ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.
വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ വീഡിയോ ഉള്‍പ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2023 ഫെബ്രുവരി 6ന് News Minute യൂട്യൂബ് ചാനലില്‍ നല്‍കിയ വീഡിയോ റിപ്പോര്‍ട്ടില്‍ സംഭവം കര്‍ണാടകയിലെ കലബുര്‍ഗിയിലാണെന്ന് വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവമെന്നും പൊതുനിരത്തില്‍ ജനങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫസല്‍ ഭഗവാന്‍ എന്നയാളാണ് പ്രതിയെന്നാണ് ന്യൂസ്മിനുറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വിവരങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുന്ന മറ്റുചില മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. ഇന്ത്യാടുഡേ 2023 ഫെബ്രുവരി 6ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇതേ വിവരങ്ങള്‍ കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഭവം ഉത്തര്‍പ്രദേശില്‍നിന്നുള്ളതല്ലെന്നും വ്യക്തമായി.
Conclusion:
ഉത്തര്‍പ്രദേശ് പൊലീസ് നഗരമധ്യത്തില്‍ ഗുണ്ടാനേതാവിനെ വെടിവെച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ യുപി പൊലീസിനെ പ്രകീര്‍ത്തിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. സംഭവം 2023 ഫെബ്രുവരി 5-ന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ നടന്നതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.