ഗുരുവായൂരില്‍ ഐസ് മഴ പെയ്തെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. റോഡരികില്‍നിന്ന് ചിത്രീകരിച്ച ഒരുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. 2024 ജൂണ്‍ 25ലെ ദൃശ്യങ്ങളാണെന്ന തരത്തിലാണ് അവകാശവാദം. ശക്തമായ മഴയ്ക്കിടെ ഐസ് വീഴുന്നപോലെ തോന്നുന്നതാണ് ദൃശ്യങ്ങള്‍.
Fact-check:
പ്രചാരണം തെറ്റാണെന്നും പ്രസ്തുത തിയതിയില്‍ ഗുരുവായൂരില്‍ ഇത്തരമൊരു പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇത് ഗുരുവായൂര്‍ തന്നെയാണെന്ന് വ്യക്തമായി. ആദ്യ നാല് സെക്കന്റുകള്‍ക്കു ശേഷം വീഡിയോയുടെ വേഗം ഗണ്യമായി കുറയുന്നതും അവസാന നാല് സെക്കന്റുകളില്‍ ഇത് പഴയപടിയാവുന്നതും കാണാം. വേഗം കുറയുന്ന സമയത്ത് മാത്രമാണ് ഐസ് വീഴുന്നതുപോലെ തോന്നുന്നത്. ഇതോടെ ദൃശ്യങ്ങള്‍ സ്ലോ മോഷനിലേക്ക് എഡിറ്റ് ചെയ്ത് മാറ്റിയതാകാമെന്നും അതുകൊണ്ട് മഴത്തുള്ളികള്‍ ഐസ് പോലെ തോന്നുന്നതാെണെന്നും വ്യക്തമായി.
വീഡിയോയുടെ 48-ാം സെക്കന്റില്‍ ഒരു ഹോട്ടലിന്റെ ബോര്‍ഡിന്റെ ഒരു വശം കാണാം. ഇതില്‍ ഗുരുവായൂര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്ന് ഗൂഗ്ള്‍ മാപ് സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് ഗുരുവായൂര്‍ - ചാവക്കാട് റോഡിലെ ഹോട്ടല്‍ പ്രസാദം ഇന്‍ ആണെന്ന് കണ്ടെത്തി.
ഐസ് മഴയുമായി ബന്ധപ്പെട്ട അവകാശവാദം സ്ഥിരീകരിക്കുന്നതിന് ആദ്യം ഹോട്ടലുടമയുമായി ബന്ധപ്പെട്ടു. ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കനത്ത മഴ മാത്രമാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ശാസ്ത്രീയ വിശദീകരണത്തിനായി തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ. നീത കെ ഗോപാലുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാനത്തെങ്ങും മണ്‍സൂണില്‍ ഈ പ്രതിഭാസത്തിന് സാധ്യതയില്ലെന്നും പ്രസ്തുത തിയതിയില്‍ ഗുരുവായൂരില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി:
“ഐസ് മഴയെന്ന ഒരു പ്രതിഭാസമില്ല. ആലിപ്പഴവര്‍ഷം അഥവാ Hailstone എന്നതാണ് വീഡിയോ പങ്കുവെച്ചവര്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. എന്നാല്‍ ഈ വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ ആലിപ്പഴ വര്‍ഷമില്ല. വീഡിയോ വേഗം കുറച്ച് കാണുമ്പോള്‍ ശക്തിയായ മഴത്തുള്ളികള്‍ അങ്ങനെ തോന്നുന്നതാണ്. 2024 ജൂണ്‍ 25-26 തിയതികളില്‍ തൃശൂര്‍ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത നല്‍കിയിരുന്നു. അതായത് പ്രദേശത്ത് തുടര്‍ച്ചയായ മഴയായിരുന്നു ഈ ദിവസങ്ങളില്‍. കേരളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ മഴയ്ക്കിടെ ആലിപ്പഴവര്‍ഷമുണ്ടാവുകയെന്നത് അപ്രായോഗികമാണ്. സാധാരണഗതിയില്‍ വേനല്‍മഴയിലാണ് കേരളത്തില്‍ ഈ പ്രതിഭാസം കാണുന്നത്. പത്ത് കിലോമീറ്ററിന് മുകളില്‍ ഉയരത്തില്‍ മേഘം രൂപപ്പെടുമ്പോള്‍ മാത്രമാണ് അവ ഐസായി മാറുന്നത്. ഈ സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലൊന്നും കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇല്ലായിരുന്നുവെന്നും റഡാര്‍ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ചു പറയാം. ”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ഗുരുവായൂരില്‍ ഐസ് മഴ പെയ്യുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ സ്ലോ മോഷനില്‍ എഡിറ്റ് ചെയ്തതിനാല്‍ ശക്തിയായ മഴത്തുള്ളികള്‍ ഐസുപോലെ തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഐസ് മഴയെന്ന പേരില്‍ ഒരു പ്രതിഭാസമില്ല. ഗുരുവായൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആലിപ്പഴവര്‍ഷം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു.