താനൂരില്‍ ബോട്ട് അപകടത്തില്‍പെടുന്നതിന് മുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ - വസ്തുതയറിയാം
കേരളത്തെ ഒന്നടങ്കം നടുക്കിയ താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ അപകടത്തില്‍ പെട്ട ബോട്ടിന്‍റേതെന്ന അവകാശവാദത്തോടെ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
By - HABEEB RAHMAN YP | Published on 9 May 2023 4:47 AM IST2023 മെയ് 7-ന് വൈകീട്ട് ഏഴുമണിയോടെയാണ് കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തമുണ്ടായത്. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം അഴിമുഖത്തിനടുത്ത് പൂരപ്പുഴയില്‍ സര്‍വീസ് നടത്തിയ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരണപ്പെട്ടു.
അപകടത്തില്‍ പെട്ട ബോട്ട് സര്‍വീസ് തുടങ്ങുന്ന സമയത്തേതെന്ന അവകാശവാദത്തോടെയാണ് വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരിധിയിലധികം ആളുകളെ കയറ്റുന്നത് അപകടത്തിന് കാരണമാകുമെന്ന തരത്തില്‍ ആളുകള്‍ മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.
Sreejith Keezhar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം താനൂരില്‍ പ്രദേശവാസികള്‍ യാത്രതുടങ്ങും മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വിവരണവും കാണാം. നിരവധി പേരാണ് ഈ വീഡിയോ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പങ്കുവെയ്ക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ വിശദമായി പരിശോധിച്ചു.
30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെള്ളയും നീലയും നിറമുള്ള ബോട്ടിന്‍റെ ഇടതുവശം പൂര്‍ണമായും കാണാം. ബോട്ടില്‍ ഏതെങ്കിലും പേരുകള്‍ രേഖപ്പെടുത്തിയതായി കാണാനായില്ല. എന്നാല്‍ ഇരുനില ബോട്ടിന്‍റെ മുകളിലത്തെ നില തുറന്ന നിലയിലല്ലെന്നും മേല്‍ക്കൂരയുണ്ടെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടര്‍ന്ന് ദൃശ്യം താരതമ്യം ചെയ്യുന്നതിനായി രക്ഷാപ്രവര്‍ത്തനവേളയിലും തുടര്‍ന്നും വിവിധ ദൃശ്യമാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ പരിശോധിച്ചു. അപകടത്തില്‍ പെട്ട അറ്റ്ലാന്‍റിക്ക എന്ന ബോട്ടിന്‍റെ അപകടകരമായ യാത്ര ആദ്യമായല്ല എന്ന് ദൃശ്യങ്ങള്‍ സഹിതം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാതൃഭൂമി നല്‍കിയിരിക്കുന്ന ദൃശ്യങ്ങളിലെ ബോട്ടിന് മുകളിലത്തെ നിലയ്ക്ക് മേല്‍ക്കൂരയില്ലെന്ന് കാണാം. മാത്രവുമല്ല ദൃശ്യങ്ങളില്‍ കാണുന്ന ബോട്ടിന്‍റെ വലതുവശത്ത് ചുവന്ന നിറത്തില്‍ ഒരു പാറ്റേണും കാണാനാവും.
തുടര്‍ന്ന് അപകടത്തില്‍ പെട്ട ബോട്ടിന്‍റേതെന്ന അടിക്കുറിപ്പോടെ 24 ന്യൂസ് നല്‍കിയ ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഇതില്‍ ബോട്ടിന്‍റെ വലതുവശത്തുനിന്നുള്ള ദൃശ്യങ്ങള്‍ കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സമാന ആംഗിളില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങളില്‍നിന്ന് രണ്ടും രണ്ട് ബോട്ടുകളാണെന്ന് സ്ഥിരീകരിക്കാം. അപകടത്തില്‍ പെട്ട ബോട്ടിന്‍റെ ഇടതുവശത്ത് അറ്റ്ലാന്‍റിക് എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയതായും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഇതില്ലെന്നും വ്യക്തം.
കൂടുതല്‍ വ്യക്തതയ്ക്കായി ഇരു ചിത്രങ്ങളുടെയും താരതമ്യം ചുവടെ:
മേലെ നല്‍കിയ രണ്ട് ദൃശ്യങ്ങളും അപകടത്തിന് മുന്‍പ് പകര്‍ത്തിയവയാണ്. ഇവ അപകടത്തില്‍ പെട്ട ബോട്ടിന്‍റേതെന്ന് സ്ഥിരീകരിക്കുന്നതിനായി രക്ഷാപ്രവര്‍ത്തന സമയത്തെ ചില ചിത്രങ്ങളും അതിന് ശേഷം പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളും പരിശോധിച്ചു.
ബോട്ട് അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയതാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ബോട്ടിന്‍റെ ഇടതുവശം വ്യക്തമായി കാണാം. പ്രചരിക്കുന്ന വീഡിയോയിലും മനോരമയുടെ ദൃശ്യങ്ങളിലും ബോട്ടിന്‍റെ ജനലുകള്‍ തമ്മിലും പ്രകടമായ മാറ്റം ദൃശ്യമാണ്.
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി ശേഖരിച്ച രക്ഷാ പ്രവര്‍ത്തനസമയത്തെ ചിത്രങ്ങളും ഇതിനെ സാധൂകരിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവിധ ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ലൈനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ടിന്‍റേതല്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യത്തിന്‍റെ സ്രോതസ്സ് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാവുന്ന വിവരം ലഭ്യമായില്ല. ദൃശ്യങ്ങള്‍ പൊന്നാനിയിലേതാണെന്ന് സൂചനയുണ്ട്.
Conclusion:
താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് യാത്ര തുടങ്ങുംമുന്‍പ് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ അപകടത്തില്‍പെട്ട ബോട്ടിന്‍റേതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഈ ബോട്ടിനെതിരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുന്‍പ് പരാതി നല്‍കിയിരുന്നെന്നും അപകടകരമായ രീതിയില്‍ മുന്‍പും സര്‍വീസ് നടത്തിയിട്ടുണ്ടെന്നും മാധ്യമവാര്‍ത്തകളില്‍നിന്ന് വ്യക്തമായി.