സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൊലീസ് യൂണിഫോമില്‍ ചിലരെയും മറ്റു ചിലരെയും കാണാം. തറയില്‍ കിടക്കുന്ന ഒരു യുവാവിന്റെമേല്‍ ചവിട്ടുകയും അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്യുന്നുണ്ട്. സംഘപരിവാര്‍ തീവ്രവാദികളും നിയമം പരിപാലിക്കേണ്ട പൊലീസും ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെയ്ക്കുന്നത്.
Fact-check:
മുപ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹിന്ദിയിലാണ് യുവാവ് സംസാരിക്കുന്നത്. മറ്റ് സൂചനകളൊന്നും ദൃശ്യങ്ങളിലില്ലാത്തതിനാല്‍ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തി. ഇതോടെ 2023 ജൂലൈ 28 ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു റീല്‍ വീഡിയോ ലഭിച്ചു.
വിപിന്‍ പാണ്ഡെ എന്ന പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ‘ഉടനെ വരാനിരിക്കുന്ന വീഡിയോ, എന്റെ യൂട്യൂബ് ചാനലിനെ പിന്തുണയ്ക്കുക’ എന്ന വിവരണവും ഒരു യൂട്യൂബ് ചാനലിന്റെ ലിങ്കും നല്‍കിയിരിക്കുന്നതായി കാണാം.
ഈ ചാനല്‍ പരിശോധിച്ചതോടെ VP Films & Entertainment എന്ന പേരില്‍ വിനോദ വീഡിയോകളും ഹ്രസ്വചിത്രങ്ങളുമാണ് ചാനലില്‍ പങ്കുവെയ്ക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാനമായ പോസ്റ്റര്‍ സഹിതം ‘ദോസ്തീ കീ സജാ’ എന്ന പേരില്‍ ഒരു ഷോര്‍ട്ട്ഫിലിം 2023 ജൂലൈ 31 പങ്കുവെച്ചതായി കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിന് രണ്ടുദിവസങ്ങള്‍ക്ക് ശേഷം പങ്കുവെച്ച ഈ ഹ്രസ്വചിത്രത്തിലേതാകാം പ്രചരിക്കുന്ന ദൃശ്യങ്ങളെന്ന സൂചന കിട്ടി.
തുടര്‍ന്ന് ഈ ഹ്രസ്വചിത്രം പരിശോധിച്ചതോടെ ചിത്രത്തിലെ പത്ത് മിനുറ്റ് 37 സെക്കന്റ് മുതലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വീഡിയോയിലേതാണെന്ന് വ്യക്തമായി. ഹ്രസ്വചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കൂടുതല്‍ കൃത്യതയുള്ളതും ടൈറ്റ്-ഫ്രെയിമില്‍ ചിത്രീകരിച്ചതുമാണെന്ന് കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥ സംഭവമല്ലെന്നും വിപിന്‍ പാണ്ഡെ എന്ന വ്യക്തി സംവിധാനം ചെയ്ത ദോസ്തീ കീ സജാ എന്ന ഹ്രസ്വചിത്രത്തിലെ ദൃശ്യങ്ങളാണെന്നും വ്യക്തമായി.
Conclusion:
സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയും അദ്ദേഹത്തിന് നേരെ തോക്കുചൂണ്ടുകയും ചെയ്യുന്നു എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോ വ്സതുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2023 ജൂലൈയില്‍ വിപിന്‍ പാണ്ഡെ എന്ന വ്യക്തി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.