ചാലക്കുടിപ്പുഴയിലെ മുതലകളെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹാമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മാതൃഭൂമി ന്യൂസിന്റെ ലോഗോ സഹിതമുള്ള വീഡിയോ റിപ്പോര്‍ട്ടാണ് പങ്കുവെയ്ക്കുന്നത്. ‘രാമചന്ദ്രൻ ചൂളമടിച്ചാൽ ചാലക്കുടി പുഴയിലെ 22 മുതലകളും പാഞ്ഞെത്തും’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന 2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ റിപ്പോര്‍ട്ടില്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ഒരു പുഴയുടെ തീരത്തുനിന്ന് രാമചന്ദ്രന്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തുന്നത് കാണാം.
Fact-check:
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. വീഡിയോ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നത് വ്യക്തമാണ്.
വാര്‍ത്താറിപ്പോര്‍ട്ടിന്റെ ആമുഖമോ അവസാനഭാഗമോ പ്രചരിക്കുന്ന വീഡിയോയിലില്ല. മാതൃഭൂമി ന്യൂസിന്റെ ലോഗോയ്ക്ക് സമീപം നല്‍കിയ തിയതി 2023 നവംബര്‍ 8 ആണ്. ഈ തിയതിയില്‍ മാതൃഭൂമി ന്യൂസ് പങ്കുവെച്ച വീഡിയോകള്‍ പരിശോധിച്ചതോടെ യൂട്യൂബില്‍ ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി.
ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഇന്‍സുലി എന്ന ഗ്രാമത്തില്‍നിന്നുള്ള വാര്‍ത്തയാണിത്. രാമചന്ദ്രന്‍ എന്ന വ്യക്തിയും പുഴയിലെ 22 മുതലകളും തമ്മിലെ സൗഹൃദത്തിന്റെ കഥയാണ് 2023 നവംബര്‍ 8ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 2003 മുതല്‍ മുതലകളെ പരിപാലിക്കുകയും അവയ്ക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്ന രാമചന്ദ്രന്റെയും മകളുടെയും പ്രതികരണവും വാര്‍ത്തയിലുണ്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ചാലക്കുടി പുഴയുമായോ കേരളവുമായി പോലുമോ ബന്ധമില്ലെന്ന് വ്യക്തമായി.
അതേസമയം ചാലക്കുടി പുഴയില്‍ മുതലകളെയും മുതലക്കുഞ്ഞുങ്ങളെയും കണ്ടതായുള്ള മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. 2024 ഏപ്രിലില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജിലേഷ് ചന്ദ്രന്‍ മുതലക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് മാതൃഭൂമി ന്യൂസും മനോരമ ന്യൂസും ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നതായും കണ്ടെത്തി.
ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നതായും മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായി. 2018 ഓഗസ്റ്റില്‍ പുഴയില്‍നിന്ന് മുതലയെ പിടികൂടിയ വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ചാലക്കുടി പുഴയിലേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന മുതലയുടെ ദൃശ്യങ്ങള്‍ ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിഗ്രാമമായ ഇന്‍സുലിയില്‍നിന്നുള്ളതാണ്. ചാലക്കുടിപ്പുഴയില്‍ മുതലയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഈ ദൃശ്യങ്ങള്‍ക്ക് ചാലക്കുടി പുഴയുമായി ബന്ധമില്ല. ഇവിടെ 22 മുതലയുണ്ടെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.