ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിലൂടെ ഒരു ജനപ്രതിനിധിയെ പോലും ലഭിക്കാത്ത കേരളത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു എന്ന അടിക്കുറിപ്പോടെ ചില ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹരിതാഭമായ പശ്ചാത്തലത്തില്‍ മികച്ച റോഡുകളുടെയും പാലങ്ങളുടെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് പ്രചരിക്കുന്നത്.
Saji Chinthavila എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം കേന്ദ്രത്തിന്‍റെ ഇത്തരം പദ്ധതികള്‍ ചിലര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.
വീഡിയോയില്‍ കാണുന്ന Eagle Pixs എന്ന ഇന്‍സ്റ്റഗ്രാം പേജിന്‍റെ വാട്ടര്‍മാര്‍ക്ക് സൂചനയായി എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പരിശോധിച്ചു. Eagle_pixs എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ കണ്ടെത്താനായി. അടിക്കുറിപ്പായി സേലം - കോയമ്പത്തൂര്‍ ഫ്ലൈ ഓവര്‍ എന്ന് നല്‍കിയിരിക്കുന്നതായും കാണാം.
സമാന്തരമായി നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിലും സമാനമായ സൂചനകളാണ് ലഭിച്ചത്. Realme Share പ്ലാറ്റ്ഫോമിലും സേലം എന്ന അടിക്കുറിപ്പോടെ ഇതേ ഫ്ലൈ ഓവറിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.
തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് കീവേഡ് പരിശോധന നടത്തി. സേലം, ഫ്ലൈ ഓവര്‍ തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. തമിഴ്നാട്ടിലെ തന്നെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവറിന്‍റെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം 2019 ജൂണ്‍ 7ന് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി നിര്‍വഹിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നീട് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച ഭാഗം 2020 ജൂണ്‍ 11നാണ് ഉദ്ഘാടനം ചെയ്തത്. 2016 ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത തുടങ്ങിവെച്ച പദ്ധതി 441 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചതെന്നും ജയലളിതയുടെ പേര് ഫ്ലൈഓവറിന് നല്‍കിയതായും ദി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ റിപ്പോര്‍ട്ടിലെ ദൃശ്യങ്ങളില്‍നിന്ന് ഇത് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ പാലം തന്നെയാണെന്ന് സ്ഥിരീകരിക്കാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സേലത്തുനിന്നുള്ളതാണെന്ന് വ്യക്തമായി. റിപ്പോര്‍ട്ടില്‍നിന്ന് ലഭിച്ച റോഡുകളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ച് ഗൂഗ്ള്‍ മാപ്പില്‍ നടത്തിയ തെരച്ചിലില്‍ ഫ്ലൈ ഓവറിന്‍റെ സാറ്റലൈറ്റ് ദൃശ്യം ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്ന് ഉറപ്പിക്കാനായി.
Conclusion:
കേന്ദ്രഗവണ്മെന്റ് കേരളത്തില്‍ സ്ഥാപിച്ച റോഡുകളുടെയും പാലങ്ങളുടെയും ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തേലതല്ലെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. ഇത് തമിഴ്നാട്ടിലെ സേലം - കോയമ്പത്തൂര്‍ ദേശീയപാതയുടെ ഭാഗമായ ബട്ടര്‍ഫ്ലൈ ബ്രിഡ്ജ് / ട്രംപെറ്റ് ഇന്‍റര്‍ചെയ്ഞ്ച് ആണെന്നും കേരളവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.