Fact Check: വോട്ടര്‍മാരെ ചതിച്ചോ? വോട്ടിങ് സ്ലിപ്പുകള്‍ നീക്കം ചെയ്യുന്ന വീഡിയോയുടെ വാസ്തവം

VVPAT യൂണിറ്റില്‍നിന്ന് പ്രിന്റ് ചെയ്ത വോട്ടിങ് സ്ലിപ്പുകള്‍ ഒരു കവറിലേക്ക് മാറ്റുന്ന വീഡിയോയാണ് കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  27 April 2024 4:04 PM GMT
Fact Check: വോട്ടര്‍മാരെ ചതിച്ചോ? വോട്ടിങ് സ്ലിപ്പുകള്‍ നീക്കം ചെയ്യുന്ന വീഡിയോയുടെ വാസ്തവം

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും ആശങ്കകളും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പങ്കുവെച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടുകളുടെ സ്ലിപ്പുകള്‍ പ്രിന്റ് ചെയ്തു സൂക്ഷിക്കുന്ന ഭാഗമാണ് VVPAT. വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ പ്രസ്തുത ചിഹ്നം പ്രിന്റ് ചെയ്ത് ഈ യൂണിറ്റില്‍ സൂക്ഷിക്കുന്നു. പ്രിന്റ് ചെയ്ത പേപ്പര്‍ വോട്ടര്‍ക്ക് ഏഴ് സെക്കന്റ് സമയം VVPAT-ലെ സുതാര്യമായ ഭാഗത്ത് കാണാനും സാധിക്കും. വോട്ടെണ്ണല്‍ സമയത്ത് VVPAT സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേരളത്തില്‍ 2024 ഏപ്രില്‍ 24ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് VVPAT സ്ലിപ്പുകള്‍ നീക്കം ചെയ്യുന്ന വീഡിയോ എന്ന രീതിയില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. (Archive)


വോട്ടര്‍മാരെ ചതിക്കുന്നുവെന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്നും വോട്ടെണ്ണലിന് ശേഷം ഔദ്യോഗിക മാര്‍ഗരേഖ പ്രകാരം സ്ലിപ്പുകള്‍ VVPAT ല്‍നിന്ന് മാറ്റുന്ന ദൃശ്യങ്ങളാണിതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ഒരു വലിയ റൂമില്‍ പ്രത്യേക നമ്പരുകളായി തിരിച്ച് നിരവധി മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇതില്‍ ഒന്നില്‍നിന്നാണ് സ്ലിപ്പുകള്‍ മറ്റൊരു കവറിലേക്ക് മാറ്റുന്നതെന്നും ദൃശ്യങ്ങളില്‍ കാണാം.



സ്ലിപ്പുകള്‍ നശിപ്പിക്കുന്നതോ നീക്കം ചെയ്യുന്നതോ ദൃശ്യങ്ങളിലില്ല, മറിച്ച് അവ കൃത്യമായി ഒരു കവറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കവറിനുമേല്‍‍ വിവരങ്ങളും രേഖപ്പെടുത്തിയതായി കാണാം. ഇതോടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാവാം ഇതെന്ന സൂചന ലഭിച്ചു.

തുടര്‍ന്ന് സ്ഥിരീകരണത്തിനായി ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലിക്കറ്റ് സര്‍വകലാശാല അധ്യാപിക ഡോ. അനുപമയെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:

“ദൃശ്യങ്ങളില്‍ കാണുന്നത് വോട്ടിങ് ദിവസം നടക്കുന്ന പ്രക്രിയയല്ല. വോട്ടിങിന്റെ തലേദിവസം വിവിപാറ്റ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തുന്നു. തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ 5.30ഓടെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്പോള്‍ നടത്തുന്നു. ഇതിന് ശേഷം ദൃശ്യങ്ങളില്‍ കാണുന്നതിന് സമാനമായി വിവിപാറ്റ് യൂണിറ്റില്‍നിന്ന് സ്ലിപ്പുകള്‍ പ്രത്യേക കവറിലേക്ക് മാറ്റി സീല്‍ ചെയ്തു സൂക്ഷിക്കും. എന്നാല്‍ മോക്പോളില്‍ 50 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തുക, പക്ഷേ ദൃശ്യങ്ങളില്‍ നിരവധി സ്ലിപ്പുകള്‍ കാണാം. കൂടാതെ ദൃശ്യങ്ങളില്‍ നിരവധി വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. അതുകൊണ്ടുതന്നെ വോട്ടിങ് കേന്ദ്രത്തിലോ വോട്ടിങ് ദിനത്തിലോ നടക്കുന്ന പ്രക്രിയയല്ല ഇത് എന്ന് ഉറപ്പിക്കാം.”

തുടര്‍ന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളുമായി ഫോണില്‍ ബന്ധപ്പെട്ടു. ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെ ഇത് വോട്ടെണ്ണലിന് ശേഷം VVPAT യൂണിറ്റുകള്‍ പുനസജ്ജീകരിക്കുന്ന ദൃശ്യങ്ങളാണെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“ദൃശ്യങ്ങളില്‍ കാണുന്നത് വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമെല്ലാം ശേഷം വിവിപാറ്റ് യൂണിറ്റുകള്‍ ഡീകമ്മീഷനിങ് ചെയ്യുന്ന ദൃശ്യങ്ങളാണെന്നാണ് മനസ്സിലാക്കുന്നത്. ഈ സമയത്ത് ഇതിനകത്തെ പ്രിന്റ് ചെയ്ത സ്ലിപ്പുകള്‍ പ്രത്യേക കവറിലാക്കി ബൂത്തുകള്‍ തിരിച്ച് വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍ക്ക് കൈമാറുന്നു. ഇവ റിട്ടേണിങ് ഓഫീസറുടെ കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്. കൂടാതെ ബാക്കിവരുന്ന പ്രിന്റിങ് പേപ്പര്‍ റോളും യൂണിറ്റില്‍നിന്ന് നീക്കം ചെയ്യുന്നു. ഇതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ് നിശ്ചിത കാലം സൂക്ഷിച്ചതിന് ശേഷമാണ് ഈ പ്രക്രിയ ചെയ്യുന്നത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും നിലവിലുണ്ട്.”

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം പങ്കുവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.



ഇതോടെ ദൃശ്യങ്ങള്‍ പഴയതാകാമെന്ന സൂചനയും ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് എക്സില്‍ നല്‍കിയ സ്ഥീരീകരണവും ലഭിച്ചു. (Archive)




ദൃശ്യങ്ങളിലേത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനി‍ര്‍ദേശപ്രകാരം വോട്ടെണ്ണലിന് ശേഷം നടക്കുന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു. പങ്കുവെച്ച ട്വീറ്റിനൊപ്പം ഭാവ്നഗര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ 2022 ഡിസംബറിലെ ട്വീറ്റും ചേര്‍ത്തിട്ടുണ്ട്. ഇതോടെ വീഡിയോ 2022 ല്‍ പ്രചരിച്ചിരുന്നുവെന്ന് വ്യക്തമായി. ഈ ട്വീറ്റിലും വോട്ടെണ്ണലിന് ശേഷം നടക്കുന്ന പ്രക്രിയയാണിതെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

വോട്ടര്‍മാരെ ചതിക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വോട്ടിങ് സ്ലിപ്പുകള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2022 ലോ അതിന് മുന്‍പോ ഉള്ള ഈ ദൃശ്യങ്ങളില്‍ കാണുന്നത് വോട്ടെണ്ണലിന് ശേഷം നടക്കുന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണ്.

Claim Review:വിവിപാറ്റില്‍നിന്ന് വോട്ടിങ് സ്ലിപ്പുകള്‍ നീക്കം ചെയ്ത് വോട്ടര്‍മാരെ കബളിപ്പിക്കുന്ന ദൃശ്യങ്ങള്‍
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story