Fact Check: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ട് ചെയ്യാമോ? ചലഞ്ച്ഡ് വോട്ടും ടെന്‍ഡേര്‍ഡ് വോട്ടും എന്തെന്നറിയാം
വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ചലഞ്ച്‍ഡ് വോട്ട് രേഖപ്പെടുത്താനാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം.
By - HABEEB RAHMAN YP | Published on 11 April 2024 4:58 PM GMTClaim: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് 'ചലഞ്ച് വോട്ട്' രേഖപ്പെടുത്താം.
Fact: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ടുചെയ്യാനാവില്ല. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പോളിങ് ഏജന്റിന് സംശയമുണ്ടാകുന്ന സാഹചര്യത്തില്‍ അത് തെളിയിക്കാനുള്ള നടപടിക്രമങ്ങളാണ് ചലഞ്ച്ഡ് വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍. ഇതില്‍ പലതും അര്‍ധസത്യമോ വ്യാജമോ ആണ്. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം 89 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ ഈ മാസം 26നാണ് വോട്ടെടുപ്പ്. അന്തിമ വോട്ടര്‍പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. രണ്ട് കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ കേരളത്തില്‍ ഇടം നേടിയത്.
എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടെടുപ്പ് ദിവസം തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ചലഞ്ച് വോട്ട് എന്ന സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്താനാകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇതിനൊപ്പം ടെന്‍ഡര്‍വോട്ടിനെക്കുറിച്ചും റിപോളിങിനെക്കുറിച്ചും പോസ്റ്റിലുണ്ട്. (Archive)
വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും ചലഞ്ച് വോട്ട് രേഖപ്പെടുത്താം, വോട്ട് മറ്റൊരാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്താം, 14 ശതമാനത്തിലധികം ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ബൂത്തില്‍ റീപോളിങ് എന്നിവയാണ് ഉള്ളടക്കം. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം ഭാഗികമായി തെറ്റാണെന്നും ടെന്‍ഡേര്‍ഡ് വോട്ട് സംബന്ധിച്ച ഒരു പരാമര്‍ശം മാത്രമാണ് ശരിയെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തിലെ ആദ്യഭാഗത്തില്‍ ‘ചലഞ്ച് വോട്ട്’ എന്നാണ് പരാമര്‍ശിക്കുന്നത്. സെക്ഷന്‍ 49P അടിസ്ഥാനമാക്കിയാണ് ഇതെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിന്റെ പ്രസ്തുത സെക്ഷന്‍ പരിശോധിച്ചു. 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിന്റെ രേഖ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചതോടെ 49P എന്ന സെക്ഷന്‍ ചലഞ്ച്ഡ് വോട്ടിനെക്കുറിച്ചല്ലെന്നും ടെന്‍ഡേര്‍ഡ് വോട്ടിനെക്കുറിച്ചാണെന്നും വ്യക്തമായി.
വോട്ടര്‍ ബൂത്തിലെത്തുമ്പോള്‍ തന്റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയാല്‍ ടെന്‍ഡേര്‍ഡ് വോട്ട് രേഖപ്പെടുത്താമെന്നാണ് ഇതില്‍ പറയുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്നതോടെ വോട്ടര്‍ക്ക് പ്രത്യേക ടെന്‍ഡേര്‍ഡ് ബാലറ്റ് പേപ്പര്‍ നല്‍കുകയും ഇതില്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള വോട്ടറുടെ കാര്യത്തില്‍ മാത്രമാണ് ഇത് സാധ്യമാവുകയെന്ന് വ്യക്തം.
തുടര്‍ന്ന് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ‘ചലഞ്ച് വോട്ടി’നെക്കുറിച്ച് പരിശോധിച്ചു. 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍തന്നെ ഇതും വിശദീകരിക്കുന്നുണ്ട്. ‘ചലഞ്ച്ഡ് വോട്ട്’ എന്ന തലക്കെട്ടില്‍ സെക്ഷന്‍ 49J യിലാണ് ഇതിനെക്കുറിച്ച് നല്‍കിയിരിക്കുന്നത്.
ബൂത്തില്‍ വോട്ടുചെയ്യാനെത്തുന്ന ഒരു വോട്ടറെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏജന്റിന് സംശയംതോന്നുന്ന സാഹചര്യത്തില്‍ രണ്ടുരൂപ കെട്ടിവെച്ച് ഏജന്റിന് ചലഞ്ച് ചെയ്യാം. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍ക്ക് ഇതുസംബന്ധിച്ച ശിക്ഷാനടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ശേഷം പോളിങ് ഏജന്റിന് അദ്ദേഹത്തിന്റെ വാദം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാം. ഇതില്‍ അദ്ദേഹം പരാജയപ്പെടുന്നപക്ഷം പ്രിസൈഡിങ് ഓഫീസര്‍ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കുകയും അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നു.
ഇതോടെ സെക്ഷന്‍ 49J പ്രതിപാദിക്കുന്ന ചലഞ്ച്ഡ് വോട്ട് മുഖേന വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത വ്യക്തിയ്ക്ക് വോട്ട് രേഖപ്പെടുത്താമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
പ്രചരിക്കുന്ന പോസ്റ്റില്‍ രണ്ടാമതായി പറയുന്ന ടെന്‍ഡേര്‍ഡ് വോട്ട് സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമാണ്. ഇതാണ് സെക്ഷന്‍ 49P യില്‍ പറയുന്നത്.
തുടര്‍ന്ന് അവസാനമായി പറയുന്ന കാര്യത്തെക്കുറിച്ച് പരിശോധിച്ചു. ഒരു പോളിങ് ബൂത്തില്‍ 14 ശതമാനത്തിലധികം ടെന്‍ഡേര്‍ഡ് വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍ അവിടെ റിപോളിങ് നടത്തുമെന്നാണ് അവകാശവാദം. എന്നാല്‍ റീപോളിങിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചതോടെ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പോളിങ് ഏജന്റുമാരുടെ ഹാന്‍ഡ്ബുക്കില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
കലാപമോ അക്രമസംഭവങ്ങളോ ബൂത്ത് പിടിച്ചെടുക്കലോ മൂലം വോട്ടെടുപ്പ് തുടരാനാവാത്ത സാഹചര്യത്തിലാണ് പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടെടുപ്പ് നിര്‍ത്തിവെക്കാനാവുക. പ്രകൃതി ദുരന്തങ്ങളോ, വോട്ടിങ് മെഷീന്‍ സാങ്കേതിക തകരാറുകളോ മൂലവും വോട്ടെടുപ്പ് നിര്‍ത്തിവെയ്ക്കാം. ആദ്യ രണ്ടുമണിക്കൂറിനകം പോളിങ് ആരംഭിക്കാനാവാത്ത സാഹചര്യത്തിലും റീപോളിങിലേക്ക് നീങ്ങാമെന്നും ഇതില്‍ വ്യക്തമാക്കുന്നു.
ഇതോടെ ടെന്‍ഡേര്‍ഡ് വോട്ടുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില് റീപോളിങ് നടത്തുമെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
ഔദ്യോഗിക സ്ഥികരീകരണത്തിനായി കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന പോസ്റ്റിലെ ടെന്‍ഡേര്‍ഡ് വോട്ട് രേഖപ്പെടുത്താവുന്ന സാഹചര്യം സംബന്ധിച്ച രണ്ടാമത്തെ പരാമര്‍ശമൊഴികെ ബാക്കി കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലാ കലക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമും ഇതുസംബന്ധിച്ച് ഫെയ്സ്ബുക്കില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. (Archive)
Conclusion:
വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും ചലഞ്ച്ഡ് വോട്ട് എന്ന സംവിധാനത്തിലൂടെ തിരിച്ചറിയല്‍ രേഖ കാണിച്ച് വോട്ട് രേഖപ്പെടുത്താമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.