വെള്ള റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുമോ? ഏപ്രില്‍ മുതല്‍ റേഷന്‍ വിതരണം കേന്ദ്രം ഏറ്റെടുക്കുമോ? വസ്തുതയറിയാം
വെള്ള കാര്‍ഡുടമകള്‍ മാര്‍ച്ച് 30 നകം റേഷന്‍ കടയില്‍നിന്ന് എന്തെങ്കിലും വാങ്ങി കാര്‍ഡ് ‘ലൈവ്’ ആക്കണമെന്നും അടുത്തമാസം ഒന്നു മുതല്‍ റേഷന്‍ വിതരണം കേന്ദ്രം ഏറ്റെടുക്കുമെന്നുമാണ് പ്രചരിക്കുന്ന അവകാശവാദം.
By - HABEEB RAHMAN YP | Published on 16 March 2023 5:11 PM GMTറേഷന്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാത്ത വെള്ള റേഷന്‍ കാര്‍ഡുടമകള്‍ ഈ മാസം 30-നകം എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കാര്‍ഡ് ‘ലൈവ്’ ആക്കണമെന്നും അല്ലാത്തപക്ഷം കാര്‍ഡുകള്‍ റദ്ദാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഏപ്രില്‍ മുതല്‍ റേഷന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും അവകാശവാദമുണ്ട്.
Jacob Varghese എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് 2023 മാര്‍ച്ച് 16ന് പങ്കുവെച്ച സന്ദേശം പിന്നീട് Muhajir Guruvayur എന്ന അക്കൗണ്ടില്‍നിന്നും പങ്കുവെച്ചതായി കാണാം.
ഇതേ സന്ദേശം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രരൂപത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Fact-check:
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യമായി പത്രക്കുറിപ്പുകള്‍ വഴിയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയും സംസ്ഥാന ഭക്ഷ്യ- പൊതുവിതരണ വകുപ്പ് അറിയിക്കാറുണ്ട്. മാധ്യമങ്ങളും ഇത്തരം അറിയിപ്പുകള്‍ പ്രാധാന്യത്തോടെ നല്‍കാറുള്ളതാണ്. എന്നാല്‍ വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ മലയാള മാധ്യമങ്ങളൊന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയതായി കണ്ടെത്താനായില്ല.
തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യവകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. മൂന്ന് മാസമോ അതിലധികമോ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ (AAY,PHH) വിഭാഗങ്ങളിലെ കാര്‍ഡുകള്‍ മുന്‍ഗണനേതര (NPNS) വിഭാഗത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട അറിയിപ്പ് മാത്രമാണ് ലഭിച്ചത്. ഇപ്രകാരം 2023 മാര്‍ച്ച് 16 വരെ 55,568 കാര്‍ഡുകള്‍ മുന്‍ഗണനേതര (വെള്ള) വിഭാഗത്തിലേക്ക് മാറ്റിയതായി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നു.
എന്നാല്‍ ഇതിന് പ്രചരിക്കുന്ന സന്ദേശവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വാഭാവിക നടപടിയാണെന്നും വ്യക്തം.
കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെയും ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്‍റെയും വെരിഫൈഡ് ഫെയ്സ്ബുക്ക് പേജുകള്‍ പരിശോധിച്ചെങ്കിലും ഇത്തരം അറിയിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടില്ല.
എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തിലെ ഒരു പരാമര്‍ശത്തെക്കുറിച്ച് ഭക്ഷ്യവകുപ്പിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ Alayin Hameed എന്ന വ്യക്തിയുടെ ചോദ്യത്തിന് ഇപ്രകാരം ഉത്തരവ് നിലവിലില്ലെന്ന് മറുപടി നല്‍കിയതായി കണ്ടു.
തുടര്‍ന്ന് സ്ഥിരീകരണത്തിനായി സംസ്ഥാന റേഷന്‍ കണ്‍ട്രോളര്‍ ശ്രീ. കെ. മനോജ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടിയില്‍നിന്ന്:
“ഇത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്ത പ്രചരണമാണ്. ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനമെന്തെന്ന് അറിയില്ല. എന്തും തോന്നിയപോലെ പ്രചരിപ്പിക്കപ്പെടുന്ന കാലമാണ്. ഇത്തരത്തില്‍ യാതൊരു അറിയിപ്പും ഭക്ഷ്യവകുപ്പ് നല്‍കിയിട്ടില്ല. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ പൊതുവിതരണ സംവിധാനത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.”
തുടര്‍ന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീ. കെ. രാജീവിനെ ബന്ധപ്പെട്ടു.
“ഇത്തരത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പും ഞങ്ങള്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു വ്യാജ പ്രചരണമാണെന്ന് പറയാം. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായാണ് റേഷന്‍ സംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഓരോ സംസ്ഥാനത്തിനും ആവശ്യാനുസരണം ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നത് കേന്ദ്രമാണ്. പൊതുവിതരണ സംവിധാനത്തില്‍ കാലോചിതമായ പരിഷ്കരണങ്ങളും നടത്തിവരുന്നുണ്ട്. ഇതെല്ലാം കാലങ്ങളായി നടന്നുവരുന്ന കാര്യങ്ങളാണ്. അല്ലാതെ ഈ മാസമോ അടുത്ത മാസമോ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.”
ഇതോടെ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
മുന്‍ഗണനേതര (വെള്ള) റേഷന്‍ കാര്‍ഡുടമകള്‍ മാര്‍ച്ച് 30നകം റേഷന്‍ കടയില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കാര്‍ഡ് ‘ലൈവ്’ ആയി നിലനിര്‍ത്തണമെന്നും അടുത്തമാസം മുതല്‍ റേഷന്‍ സംവിധാനം കേന്ദ്രം ഏറ്റെടുക്കുന്നുവെന്നുമുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. പൊതുവിതരണ വകുപ്പ് ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും റേഷന്‍ വിതരണ സംവിധാനത്തില്‍ പുതിയ മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
Update:
2023 മാര്‍ച്ച് 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.12ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കി. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.