അരിക്കൊമ്പന്‍ ചെരിഞ്ഞെന്ന് വ്യാജവാര്‍ത്തയുമായി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ചെരിഞ്ഞ വാര്‍ത്തയോടു ചേര്‍ത്താണ് വ്യാജപ്രചരണം
By - HABEEB RAHMAN YP | Published on 6 July 2023 2:36 AM ISTകേരള വനംവകുപ്പ് പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എന്ന കാട്ടാന പിന്നീട് തമിഴ്നാട്ടിലെത്തുകയും തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ചെരിഞ്ഞു എന്ന തലക്കെട്ടോടെയാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
തമിഴ്നാട് വനംവകുപ്പ് ജൂണ്‍ അഞ്ചിനാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. പിറ്റേന്ന് രാവിലെ തിരുനെല്‍വേലി ജില്ലയിലെ അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പനെക്കുറിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ തമിഴ്നാട് വനംവകുപ്പ് പത്രക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ ആന ചെരിഞ്ഞാല്‍ സ്വാഭാവികമായും അത് വലിയ വാര്‍ത്തയാകുമെന്നിരിക്കെ തമിഴ്-മലയാളം വാര്‍ത്താമാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത കാണാനായില്ല.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തമിഴ്നാട് വനംവകുപ്പ് അവസാനം പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് ശേഖരിച്ചു.
ആന അതിനനുയോജ്യമായ പരിസ്ഥിതിയിലാണുള്ളതെന്നും മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുവെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. ആന ആരോഗ്യവാനാണെന്നും വനംവകുപ്പ് ജീവനക്കാര്‍ തുടര്‍ച്ചയായി ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും 2023 ജൂണ്‍ 25ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ തമിഴ്നാട് വ്യക്തമാക്കുന്നു.
തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അതേ ദിവസം രാത്രി പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു. ആന ആരോഗ്യവാനാണെന്നും മറ്റ് ആനക്കൂട്ടങ്ങളുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ആന പുല്ല് തിന്നുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ അരിക്കൊമ്പന്‍റെ ആരോഗ്യനില സംബന്ധിച്ച് ജൂണ്‍ അവസാനവാരം വരെ ആശങ്കകളില്ലെന്നും പിന്നീട് ആന ചെരിഞ്ഞതായി വാര്‍ത്തകളൊന്നും ഔദ്യോഗികമായോ മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയോ പുറത്തുവന്നിട്ടില്ലെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കുട്ടിയാനയെക്കുറിച്ച് പരിശോധിച്ചു. ‘അരിക്കൊമ്പന് പകരം ലഭിച്ച കുട്ടിയാന’ എന്ന പ്രയോഗം അര്‍ഥശൂന്യമാണെന്ന് പ്രാഥമികമായി മനസ്സിലാക്കാം. ജൂണ്‍ അവസാനവാരം അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെക്കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. ഇതായിരിക്കാം പോസ്റ്റില്‍ പരാമര്‍ശിച്ചതെന്ന അനുമാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിച്ചു.
ജൂണ്‍ 15 നാണ് ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനക്കുട്ടിയെ കാടുകയറ്റാന്‍ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ശ്രമിച്ചെങ്കിലും വീണ്ടും കാടിറങ്ങുകയായിരുന്നു. ആനക്കൂട്ടം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയതോടെ ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിലേക്ക് മാറ്റിയ ആനക്കുട്ടിയെ അവിടെ മൃഗഡോക്ടര്‍മാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ പരിചരിച്ച് വരികയായിരുന്നു. എന്നാല്‍ പിന്നീട് അവശനായ ആനക്കുട്ടി ജൂണ്‍ 27ന് വൈകീട്ടാണ് ചെരിഞ്ഞത്.
ഈ സംഭവത്തിന് അരിക്കൊമ്പനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.
Conclusion:
അരിക്കൊമ്പനും ‘അവന് പകരം ലഭിച്ച’ കുട്ടിയാനയും ചെരിഞ്ഞു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അരിക്കൊമ്പന്‍ എന്ന കാട്ടാന തമിഴ്നാട്ടിലെ വനമേഖലയിലാണ്. ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ചെരിഞ്ഞ സംഭവത്തിന് അരിക്കൊമ്പനുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.