കേരളത്തിലെയും ഉത്തര്‍പ്രദേശിലെയും ബസ് സ്റ്റാന്‍ഡുകളുടെ നിലവാരത്തിന്റെ താരതമ്യമെന്ന നിലയില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് ബസ് സ്റ്റാന്‍ഡുകളുടെ ചിത്രമുള്‍പ്പെടെയാണ് പ്രചാരണം. കേരളത്തിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയും ഉത്തര്‍പ്രദേശിലെ സ്റ്റാന്‍ഡിന്റെ നിലവാരവും കാണിക്കുന്ന തരത്തില്‍ വിവരണത്തോടെയാണ് നിരവധി പേര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേരളത്തിലേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പതിനഞ്ച് വര്‍ഷത്തോളം പഴയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തില്‍ കേരളത്തിലേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിലെ ബസ്സുകളുടെ നിറമാണ് ആദ്യ സൂചനയായത്. ബസ്സുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായെന്നതിനാല്‍ പ്രചരിക്കുന്ന ചിത്രം പഴയതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ചിത്രം 2011 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് കണ്ടെത്തി.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ബ്ലോഗില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് 2011 ജൂലൈ 11-നാണ്. ഇതോടെ ചിത്രം പതിമൂന്ന് വര്‍ഷത്തിലേറെ പഴയതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് കീവേഡ് സെര്‍ച്ചിലൂടെ പരിശോധിച്ചു. ഇതോടെ 2023 ല്‍ ബസ് സ്റ്റാന്‍ഡിന്റെ നവീകരണം ആരംഭിച്ചതായി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
മൂന്ന് ഘട്ടങ്ങളിലായി നവീകരണം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ഡിപിആര്‍ അംഗീകരിച്ചതായും മാധ്യമം 2023 ഒക്ടോബര്‍ 12-ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിന്റെ ആദ്യഘട്ടം 2024 സെപ്തംബറില്‍ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. മനോരമ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്റര്‍ലോക്ക് ചെയ്ത ബസ് സ്റ്റാന്‍ഡിന്റെ ദൃശ്യങ്ങള്‍ കാണാം.
ആദ്യഘട്ട നവീകരണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിന്റെ ചിത്രവും കാണാം.2024 ഓഗസ്റ്റ് 17 -നായിരുന്നു ഉദ്ഘാടനം. അഞ്ചുകോടി രൂപ ചിലവിലാണ് ആദ്യഘട്ട വികസനം പൂര്‍ത്തിയാക്കിയത്.
ബസ് സ്റ്റാന്‍ഡിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ രണ്ടാമത്തെ ചിത്രം പരിശോധിച്ചു. വിവരണത്തില്‍ അവകാശപ്പെടുന്നതുപോലെ ഇത് ഉത്തര്‍പ്രദേശില്‍നിന്നുള്ള ചിത്രമാണ്. ലക്നൗവിലെ ആലംബാഗ് ബസ് സ്റ്റാന്‍ഡിന്റെ ചിത്രമാണിത്. 2018 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഈ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.
അതേസമയം മികച്ച നിലവാരത്തില്‍ സമാന രൂപഘടനയുള്ള ബസ് സ്റ്റാന്‍ഡുകള്‍ കേരളത്തിലുമുണ്ട്. എറണാകളത്തെ വൈറ്റില മൊബിലിറ്റി ഹബ്ബും തൃശൂര്‍ കുന്നംകുള്ം ബസ് സ്റ്റാന്‍ഡുമെല്ലാം ഇത്തരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയവയാണ്.
Conclusion:
കേരളത്തിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയും ഉത്തര്‍പ്രദേശിലെ ബസ് സ്റ്റാന്‍ഡിന്റെ നിലവാരവും കാണിക്കുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്തുത സന്ദേശത്തില്‍ കേരളത്തിലേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന ചിത്രം പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ 2011-ലെയോ അതിനും മുന്‍പത്തെയോ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.