മലപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം: പച്ച നിറത്തില്‍ വര്‍ഗീയത ഒളിച്ചുകടത്തുന്ന വ്യാജപ്രചരണങ്ങള്‍
അങ്ങാടിപ്പുറം പൂരത്തോടനുബന്ധിച്ച് ക്ഷേത്ര നവീകരണത്തിന്‍റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന് പച്ച നിറമടിച്ചതും പൂരം സംഘാടകസമിതിയില്‍ മുസ്ലിം നാമധാരികളായ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടതും ആയുധമാക്കി കടുത്ത വര്‍ഗീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ പങ്കുവെയ്ക്കുന്നത്.
By - HABEEB RAHMAN YP |
അങ്ങാടിപ്പുറം പൂരത്തിന്‍റെ ഭാഗമായി തിരുമാന്ധാംകുന്ന് ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിന് നവീകരണത്തിന്‍റെ ഭാഗമായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പുതിയ പെയിന്‍റടിച്ചിരുന്നു. പച്ച നിറം നല്‍കിയതിലൂടെ മുസ്ലിം പള്ളിയുടെ സാദൃശ്യം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നാണ് പ്രധാന അവകാശവാദം. ഒപ്പം പൂരം സംഘാടകസമിതിയില്‍ മുസ്ലിം നാമധാരികള്‍ ഉള്‍പ്പെട്ടത് ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്നും ആരോപണമുണ്ട്. ക്ഷേത്രം പള്ളിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഹിന്ദുത്വ സംഘടനകള്‍ ഇത് ചെറുത്തുവെന്നുമാണ് ‘ദി ഓര്‍ഗനൈസര്‍’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (ഈ തലക്കെട്ട് പിന്നീട് ഓര്‍ഗനൈസര്‍ എഡിറ്റ് ചെയ്യുകയുണ്ടായി. പഴയ തലക്കെട്ട് ഉള്‍പ്പെടെ വാര്‍ത്ത ഇവിടെ വായിക്കാം).
‘കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഭദ്രകാളി ക്ഷേത്രം മുസ്ലിം പള്ളിയാക്കാനുള്ള ശ്രമത്തെ ചെറുത്തു’ എന്നാണ് നല്‍കിയിരിക്കുന്ന തലക്കെട്ട്. നവീകരണത്തിന്‍റെ ഭാഗമായി പച്ച നിറം നല്‍കിയത് മുസ്ലിം പള്ളിയുടെ പ്രതീതി സൃഷ്ടിച്ചുവെന്നും ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ സംഘടനകള്‍ ഇടപെട്ട് ഇത് തടഞ്ഞുവെന്നുമാണ് ഉള്ളടക്കത്തില്‍ നല്‍കിയിരിക്കുന്നത്.
അവസാന ഖണ്ഡികയില്‍ ക്ഷേത്രകമ്മറ്റിയിലെ മുസ്ലിം നാമധാരികളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മുഖ്യരക്ഷാധികാരി മുസ്ലീംലീഗ് നേതാവായ അബ്ദുസ്സമദ് സമദാനി എംപി യാണെന്നും ചെയര്‍മാന്‍ മഞ്ഞളാംകുഴി അലിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം നാമധാരികളായ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ക്ഷേത്രക്കമ്മറ്റിയില്‍ ഇടം പിടിച്ചത് സിപിഎം മുസ്ലിം നേതൃത്വവുമായി പുലര്‍ത്തുന്ന അവിശുദ്ധബന്ധത്തിന്‍റെ തെളിവാണെന്നും ‘ദി ഓര്‍ഗനൈസര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Fact-check:
തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന പ്രസിദ്ധീകരണമാണ് ‘ദി ഓര്‍ഗനൈസര്‍’. കെഎം ബഷീര്‍ കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ 2022 ഓഗസ്റ്റില്‍ ആലപ്പുഴ കലക്ടറായി നിയമിച്ച സമയത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ‘ദി ഓര്‍ഗനൈസര്‍’ സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. അന്ന് ന്യൂസ്മീറ്റര്‍ നടത്തിയ വസ്തുതാ പരിശോധന ഇവിടെ വായിക്കാം.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനോടു ചേര്‍ന്ന കെട്ടിടത്തിന് പച്ച നിറം നല്‍കിയതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത വന്നിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്ഷേത്രക്കമ്മറ്റി ഇത് മാറ്റി ചന്ദനനിറം നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ലഭ്യമായി.
ഈ സാഹചര്യങ്ങളാണ് ഞങ്ങള്‍ ആദ്യം അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണത്തിനായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ എം. വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍നിന്ന്:
“അങ്ങാടിപ്പുറം പൂരത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നവീകരണം നടത്താറുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലെ ചിലഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇത്തവണ നിലവിലെ പെയിന്‍റ് തന്നെ ഒരു കോട്ട് അടിച്ചാല്‍ മതിയെന്ന് ക്ഷേത്ര കമ്മറ്റി നിര്‍ദേശം നല്‍കിയിരുന്നു. വഴിപാട് കൗണ്ടറിന്‍റെയും മാന്ധാതാവിന്‍റെയും മുന്നിലെ നടപ്പന്തലുകളിലെ തൂണുകള്‍ക്ക് പീക്കോക്ക് നിറമായിരുന്നു. ഉണ്ടായിരുന്നത്. അതിനേക്കാള്‍ കുറച്ചുകൂടി ഇരുണ്ട നിറമാണ് പെയിന്‍റര്‍ നല്‍കിയത്. വെളിച്ചം കുറഞ്ഞ സമയത്ത് ഇത് പച്ചയായി തോന്നിയേക്കാം.അത്തരത്തില്‍ എടുത്ത ചിത്രങ്ങളാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഈ പെയിന്‍റടിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മറ്റിയ്ക്ക് പുറത്തുനിന്ന് ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ക്ഷേത്ര കമ്മറ്റിയില്‍ ഒരു മുസ്ലിം നാമധാരിപോലുമില്ല. പ്രതിഷേധം വര്‍ഗീയ-സാമുദായിക മാനങ്ങളിലേക്ക് കടക്കുമെന്ന സാഹചര്യത്തില്‍ നിറം മാറ്റിയടിക്കാന്‍ തീരുമാനിച്ചതും ക്ഷേത്രകമ്മറ്റി തന്നെയാണ്. ”
ക്ഷേത്ര കമ്മറ്റി അംഗങ്ങളിലൊരാളെയും ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. അദ്ദേഹവും ഇക്കാര്യം സ്ഥിരീകരിച്ചു. ഏകദേശം 30 ലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണത്. അതിന്‍റെ ഘടന കാലങ്ങളായി അത്തരത്തില്‍ തന്നെയാണ്. ഈ വര്‍ഷം പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളാണ് ഇത്തരം ആരോപണങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതോടെ പച്ചനിറമടിച്ചത് മുസ്ലിം നാമധാരികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യമായി.
തുടര്‍ന്ന് ‘ദി ഓര്‍ഗനൈസര്‍’ ആരോപിച്ച ക്ഷേത്രകമ്മറ്റിയിലെ മുസ്ലിം സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ചു. അങ്ങാടിപ്പുറം പൂരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടകസമിതിയുടെ പട്ടികയിലെ പേരുകളാണ് ‘ക്ഷേത്രകമ്മറ്റി’ എന്ന പേരില്‍ ‘ദി ഓര്‍ഗനൈസര്‍’ അവതരിപ്പിച്ചതെന്ന് വ്യക്തമായി.
കൂടാതെ തിരുമാന്ധാംകുന്ന് ദേവസ്വം അംഗങ്ങളുടെ പേരുവിവരങ്ങള്‍ ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുമുണ്ട്.
പൂരം സംഘാടക സമിതിയുമായി ബന്ധപ്പെട്ട സ്ഥിരീകരണത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റഫീഖയെയും ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷഹര്‍ബാനെയും ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റഫീഖ:
“പൂരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടകസമിതിയില്‍ പ്രദേശത്തെ സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകരെയും വിവിധ ക്ലബ് ഭാരവാഹികളെയും ജനപ്രതിനിധികളെയുമെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലായിരിക്കാം എന്നെയും ഉള്‍പ്പെടുത്തിയത്. ക്ഷേത്രകമ്മറ്റി അറിയിച്ചപ്പോഴാണ് പൂരം സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തിയ കാര്യം അറിഞ്ഞതുപോലും. സംഘാടകസമിതിയോഗം നടന്ന ദിവസം എനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷഹര്‍ബാനാണ് പങ്കെടുത്തത്. ക്ഷേത്രകമ്മറ്റിയും സംഘാടകസമിതിയും രണ്ടും രണ്ടാണ്. ”
ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷഹര്‍ബാന്‍:
“തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. നവീകരണത്തിന്‍റെ ഭാഗമായി പെയിന്‍റ് മാറ്റുന്നതൊന്നും സംഘാടകസമിതിയില്‍ ചര്‍ച്ചചെയ്ത കാര്യങ്ങളല്ല. അതെല്ലാം ക്ഷേത്ര കമ്മറ്റി തന്നെയാണ് ചെയ്യുന്നത്. ഇത് വിവാദമായപ്പോഴാണ് ഞാന്‍ ഇക്കാര്യമെല്ലാം അറിയുന്നത്. സംഘാടകസമിതിയില്‍ ജനപ്രതിനിധികള്‍ എന്ന നിലയ്ക്കാണ് എന്നെയും പഞ്ചായത്ത് പ്രസിഡന്‍റിനെയും എംപിയെയും എംഎല്‍എയെയും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ അഹിന്ദുക്കളായതില്‍ ഒന്നും ചെയ്യാനില്ലല്ലോ. അത് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികള്‍ക്ക് വേണ്ടിയാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങാടിപ്പുറം പൂരം ഒരു നാടിന്‍റെ ഉത്സവമാണല്ലോ. അത് എല്ലാവരും ഒറ്റക്കെട്ടായി പരസ്പര സഹകരണത്തോടെ ആഘോഷിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതരത്തില്‍ യാതൊരു പ്രശ്നവും ഇവിടെ ജനങ്ങള്‍ക്കിടയിലില്ല. ”
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ എം. വേണുഗോപാല്‍:
“പൂരം സംഘാടകസമിതിയും ക്ഷേത്രക്കമ്മറ്റിയും രണ്ടും രണ്ടാണ്. പൂരത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അങ്ങാടിപ്പുറത്ത് സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം ക്ഷേത്രവളപ്പിന് പുറത്താണ് നടക്കുന്നത്. ഒരു നാടിന്‍റെ ഉത്സവമെന്ന തരത്തില്‍ ഇത്രയും കാലം എല്ലാവരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും തന്നെയാണ് ഇതെല്ലാം നടന്നുവന്നത്. ഇത്തവണയും പൂരം സംഘാടകസമിതിയില്‍ ജനപ്രതിനിധികളെ ഏകകണ്ഠമായാണ് ഉള്‍പ്പെടുത്തിയത്.അവര്‍ മുസ്ലിംകളായത് ഞങ്ങളുടെ പ്രശ്നമല്ലല്ലോ. സ്വാഭാവികമായും മലപ്പുറം പോലെ മുസ്ലിം ഭൂരിഭാഗ ജില്ലയില്‍ ജനപ്രതിനിധികള്‍ മുസ്ലിം നാമധാരികളായേക്കാം. ഇത് ആയുധമാക്കി വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നതും.”
ഇതോടെ ക്ഷേത്രകമ്മറ്റിയില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തിയെന്ന പ്രചരണവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ജനം ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പോലും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട സമിതി എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നിരിക്കെയാണ് ഓര്‍ഗനൈസര്‍ വസ്തുതാവിരുദ്ധപ്രചരണം നടത്തുന്നത്.
ഈമാസം 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന അങ്ങാടിപ്പുറം പൂരം പതിവുപോലെ എല്ലാവരുടെയും സഹകരണത്തോടെ നടത്തുമെന്നും നാടിന്‍റെ ഉത്സവത്തില്‍ മതഭേദമന്യെ എല്ലാവരുടെയും പിന്തുണയുണ്ടെന്നും അധികൃതര്‍ ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.
Conclusion:
തിരുമാന്ധാംകുന്ന് ക്ഷേത്ര നവീകരണത്തിന്‍റെ ഭാഗമായി ക്ഷേത്രവളപ്പിലെ കെട്ടിടത്തിന് പച്ച നിറമടിച്ചതും അങ്ങാടിപ്പുറം പൂരം സംഘാടകസമതിയില്‍ അഹിന്ദുക്കള്‍ ഉള്‍പ്പെട്ടതും ക്ഷേത്രത്തെ മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന അവകാശവാദം അടിസ്ഥാനരഹിതവും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മതസൗഹാര്‍ദം തകര്‍ക്കാനും ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള വര്‍ഗീയ പ്രചരണങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമായും ഉപയോഗിക്കുന്ന സൂചനകളാണ് ലഭിച്ചത്.
ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കാനും വസ്തുത മറ്റുള്ളവരിലേക്കെത്തിക്കാനും ഞങ്ങള്‍ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.