Fact-check: BPL കുടുംബങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലേ? വാസ്തവമറിയാം

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ആശ്രിത കുടുംബങ്ങളും മാലിന്യശേഖരണത്തിന് ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന സന്ദേശമാണ് തദ്ദേശഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  4 Feb 2024 1:41 AM IST
Fact-check: BPL കുടുംബങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലേ? വാസ്തവമറിയാം

വീടുകളിലെ അജൈവ മാലിന്യശേഖരണത്തിനായി കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച സംവിധാനമാണ് ഹരിതകര്‍മസേന. ഗ്രാമീണമേഖലയില്‍ വീടുകളില്‍നിന്ന് പ്രതിമാസം 50 രൂപ യൂസര്‍ഫീ ഈടാക്കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിക്കുകയും തദ്ദേശസ്ഥാപനത്തിന് കീഴിലെ സംസ്കരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംസ്കരിക്കുകയുമാണ് ഈ സംവിധാനത്തില്‍ ചെയ്യുന്നത്. യൂസര്‍ഫീ സംബന്ധിച്ച് നേരത്തെയും വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. 2023 ജനുവരി 8ന് ന്യൂസ്മീറ്റര്‍ പ്രസിദ്ധീകരിച്ച വസ്തുത പരിശോധന ഇവിടെ വായിക്കാം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ആശ്രിത-അഗതി കുടുംബങ്ങളും പ്രതിമാസ യൂസര്‍ഫീ നല്‍കേണ്ടതില്ലെന്നാണ് പുതിയ പ്രചാരണം. തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവിന്റെ ചിത്രസഹിതമാണ് സമൂഹമാധ്യമ പോസ്റ്റുകള്‍.


വിവരാവകാശ പ്രവര്‍ത്തകന്റെ ശ്രമഫലമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് അറിഞ്ഞിട്ടും പല പഞ്ചായത്തുകളും ബിപിഎല്‍‌ കുടുംബങ്ങളില്‍നിന്ന് യൂസര്‍‍ഫീ ശേഖരിക്കുന്നുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.


Fact-check:

പ്രചരിക്കുന്ന ഉത്തരവാണ് ആദ്യം പരിശോധിച്ചത്. 2023 ഡിസംബര്‍ 3 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിപിഎല്‍ കുടുംബങ്ങളെ യൂസര്‍ഫീയില്‍നിന്ന് ഒഴിവാക്കിയ ഉത്തരവിനെക്കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ട്. റഫറന്‍സ് ആയി 1496/2020 എന്ന ഈ സര്‍ക്കാര്‍ ഉത്തരവിന്റെ നമ്പര്‍ ചേര്‍ത്തതായും കാണാം.


ഇതനുസരിച്ച് പ്രസ്തുത ഉത്തരവ് പരിശോധിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് 2020 ഓഗസ്റ്റ് 12 ന് പുറത്തിറക്കിയ ഉത്തരവ് ലഭ്യമായി. പ്രചരിക്കുന്ന ചിത്രത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പരാമര്‍ശിച്ചതുപോലെ ബിപിഎല്‍ കുടുംബങ്ങളെ യൂസര്‍ഫീയില്‍നിന്ന് ഒഴിവാക്കിയതായും പ്രസ്തുത തുക തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണമെന്നും പറയുന്നു.




ഇതോടെ പ്രചരിക്കുന്ന ചിത്രം വ്യാജമല്ലെന്ന് വ്യക്തമായി. അതേസമയം തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലെ ഉത്തരവുകള്‍‌ക്കിടയില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകള്‍‌ കണ്ടെത്തി. കീവേഡ് പരിശോധനയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് യൂസര്‍ഫീ ഒഴിവാക്കിയതായി പരാമര്‍ശമുള്ള 2020 ലെ ഉത്തരവില്‍ വ്യക്തത വരുത്തിക്കൊണ്ട് 2023 ഡിസംബര്‍ 13 ന് പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചു.




2020 ലെ ഉത്തരവില്‍ ബിപിഎല്‍ എന്ന് രേഖപ്പെടുത്തിയത് അവ്യക്തതയ്ക്ക് ഇടയാകുന്നതിനാല്‍ അത് ‘അഗതി. ആശ്രയ, അതിദരിദ്ര കുടുംബങ്ങള്‍’ എന്നാക്കി ഭേദഗതി ചെയ്തതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് കേരളസര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡിസംബര്‍ 15 - ന് ഔദ്യോഗികമായി നല്‍കിയ പത്രക്കുറിപ്പും ലഭ്യമായി.


ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും കാണാം. നിലവിലെ ഉത്തരവിലെ അവ്യക്തത സംബന്ധിച്ച് മാധ്യമം ഉള്‍പ്പെടെ ചില വാര്‍ത്താ മാധ്യമങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ പ്രചരിക്കുന്ന തദ്ദേശസ്ഥാപന പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ്, 2020 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ളതാണെന്നും ഭേദഗതി വരുത്തുന്നതിന് മുന്നെ നല്‍കിയതാണെന്നും വ്യക്തമായി. 2023 ഡിസംബര്‍ 3 ന് നല്‍കിയ ഈ കത്തില്‍ പരാമര്‍ശിച്ച 2020-ലെ ഉത്തരവ് ‍ഡിസംബര്‍ 13 നാണ് ഭേദഗതി ചെയ്തതെന്നും വ്യക്തമായി.


Conclusion:

ബി പി എല്‍ കുടുംബങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് പഴയ ഉത്തരവായിരുന്നുവെന്നും അത് 2023 ഡിസംബര്‍ 13 ന് സര്‍ക്കാര്‍ ഭേദഗതി ചെയ്തതായും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. നിലവില്‍ അതിദരിദ്ര (AAY), ആശ്രിത-അഗതി കുടുംബങ്ങളെ മാത്രമാണ് യൂസര്‍ഫീ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Claim Review:BPL families are exempted from collecting monthly user fee for Haritha Karma Sena
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story