ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയില്‍ പതിവായി റേഷന്‍കടകള്‍ ആക്രമിക്കുകയും ജനവാസ മേഖലകളില്‍ ഭീതിപടര്‍ത്തുകയും ചെയ്ത അരിക്കൊമ്പന്‍ എന്ന ആനയെ 2023 ഏപ്രില്‍ 29നാണ് മയക്കുവെടിവെച്ച് പിടികൂടി തമിഴ്നാട്ടിലെ വനമേഖലയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ ആന ചെരിഞ്ഞെന്നടക്കം പല വ്യാജസന്ദേശങ്ങളും പ്രചരിച്ചിരുന്നു. പിന്നീട് 2023 ജൂണില്‍ തമിഴ്നാട്ടിലെ തേനിയ്ക്കടുത്ത് ജനവാസമേഖലയില്‍ അരിക്കൊമ്പനെത്തിയതായും മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന തമിഴ്നാട്ടിലെ വനമേഖലയില്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അരിക്കൊമ്പന്‍ ഒരു FCI ഗോഡൗണ്‍ ആക്രമിച്ച് അരി ശേഖരിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളിലുള്ളത് അരിക്കൊമ്പന്‍ എന്ന ആനയല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതോടെ വീഡിയോയിലേത് അരിക്കൊമ്പനല്ലെന്നതിന് ഏതാനും സൂചനകള്‍ ലഭിച്ചു.
അരിക്കൊമ്പന് വനം വകുപ്പ് നേരത്തെതന്നെ കഴുത്തില്‍ റേഡിയോ കോളര്‍ പിടിപ്പിച്ചതാണ്. ഇടുക്കിയില്‍നിന്ന് ആനയെ പിടികൂടുന്ന ദൃശ്യങ്ങളിലെല്ലാം ഇത് കാണാം. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ആനയ്ക്ക് റേഡിയോ കോളര്‍ ഇല്ലെന്നതായിരുന്നു ആദ്യ സൂചന. കൂടാതെ വീഡിയോയിലെ ആളുകളുടെ സംസാരം മലയാളമോ തമിഴോ അല്ലെന്നതും ഇത് അരിക്കൊമ്പന്റെ ദൃശ്യങ്ങളല്ലെന്നതിന്റെ സൂചനയായി.
തുടര്‍ന്ന് വീഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
ബംഗാളി ഭാഷയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി. പശ്ചിമബംഗാളിലെ മെദിനിപൂരില്‍ രാംലാല്‍ എന്ന ആന FCI ഗോഡൗണ്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ജംഗല്‍മഹല്‍ പ്രദേശത്ത് അറിയപ്പെടുന്ന ആനയാണിതെന്നും നേരത്തെയും അരി കഴിക്കാനായി കടകള്‍ ആക്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആനയുടെ പേരും സ്ഥലവും ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ വിശദമായ കീവേഡ് പരിശോധനയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2024 മാര്‍ച്ച് 29 നായിരുന്നു സംഭവം.
ഈ രണ്ടുവാര്‍ത്തകളിലെയും ദൃശ്യങ്ങളും പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യവും ഒന്നാണെന്ന് പരിശോധനയില്‍ വ്യക്തമായി.
നേരത്തെയും സമാനരീതിയില്‍ രാംലാല്‍ എന്ന ആനയുടെ അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമവാര്‍ത്തകളും ലഭ്യമായി. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എന്ന ആനയുടേതല്ലെന്ന് വ്യക്തമായി.
Conclusion:
അരിക്കൊമ്പന്‍ FCI ഗോഡൗണില്‍ എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ പശ്ചിമബംഗാളില്‍നിന്നുള്ളതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2024 മാര്‍ച്ച് 29ന് മെദിനിപൂരില്‍ FCI ഗോഡൗണിലെത്തിയ രാംലാല്‍ എന്ന ആനയുടെ ദൃശ്യങ്ങളാണിത്.