നവകേരളസദസ്സിലെ ഒഴിഞ്ഞ കേസരകള്‍: വീഡിയോയുടെ വാസ്തവമെന്ത്?

നവകേരള സദസ്സിലെ കസേരകളെല്ലാം കാലിയെന്ന അടിക്കുറിപ്പോടെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ക്കൊപ്പം സിനിമയിലെ സംഭാഷണശകലങ്ങളും കൂട്ടിച്ചേര്‍ത്ത് ഹാസ്യരൂപേണ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്.

By HABEEB RAHMAN YP  Published on  11 Dec 2023 4:06 PM IST
നവകേരളസദസ്സിലെ ഒഴിഞ്ഞ കേസരകള്‍: വീഡിയോയുടെ വാസ്തവമെന്ത്?

നവകേരളസദസ്സുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങളും അഭിപ്രായപ്രകടനങ്ങളും സജീവമാണ്. ഇതില്‍ ഭൂരിഭാഗവും സമൂഹമാധ്യമങ്ങളിലാണ്. നവകേരളസദസ്സുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചരണങ്ങളും സജീവമാണ്. പരിപാടിയില്‍ ജനപങ്കാളിത്തം കുറവെന്ന തരത്തില്‍ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ സഹിതം ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. Malayalam Daily News എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നവകേരള സദസ്സിൽ കസേര എല്ലാം കാലി എന്ന വിവരണവും കാണാം.




Fact-check:

പ്രചരിക്കുന്ന വീഡിയോ വ്യക്തത തീരെ കുറവാണ്. എന്നാല്‍ വീഡിയോയുടെ 1:26 മിനുറ്റില്‍ വേദിയിലെ എല്‍ഇഡി വാളില്‍ നല്കിയിരിക്കുന്ന ബാനര്‍ വ്യക്തമാണ്. ഇതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം എന്ന് എഴുതിയിരിക്കുന്നതായി കാണാം.


ഈ സൂചന ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ വിവിധ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടു. ഇതില്‍ പ്രചരിക്കുന്ന അതേ ദൃശ്യം 2022 ഏപ്രില്‍ 21ന് Sadhik Erm എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചതായി കണ്ടെത്തി.




ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തുന്ന രണ്ടാം സര്‍ക്കാറിന്റെ വാര്‍ഷികത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍ എന്ന വിവരണം കാണാം. ഈ സൂചനകളും തീയതിയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാന മാധ്യമവാര്‍ത്തകള്‍ ലഭ്യമായി.




2022 ഏപ്രില്‍ 20 ന് കോഴിക്കോട് നടന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിനെ ആസ്പദമാക്കിയാണ് വാര്‍ത്ത. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ ചടങ്ങലിലേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി വിവിധ ചാനലുകളുടെ യൂട്യൂബ് പേജുകളില്‍ പങ്കുവെച്ച വീഡിയോകള്‍ പരിശോധിച്ചു. മനോരമ ന്യൂസൂം 24 ന്യൂസും ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ച വാര്‍ത്തകള്‍ ലഭ്യമായി.





ഈ രണ്ട് ചിത്രങ്ങളും പരിശോധിച്ചതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022 ഏപ്രില്‍ 20 ന് കോഴിക്കോട് നടന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനായി.


Conclusion:

നവകേരളസദസ്സില്‍ ഒഴിഞ്ഞ കസേരകള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒരുവര്‍ഷത്തിലേറെ പഴയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വഷണത്തില്‍ വ്യക്തമായി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയിലെ ദൃശ്യങ്ങളാണ് നവകേരള സദസ്സിന്റേതെന്ന വിവരണത്തോടെ പ്രചരിക്കുന്നത്.

Claim Review:Empty chairs in Navakerala Sadass
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story