ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് രാജ്യത്ത് 2024 ഏപ്രില്‍ 19ന് ആയിരുന്നു. ഇതിന് മുന്നോടിയായി നിരവധി സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മറ്റ് മാധ്യമങ്ങളുമെല്ലാം അവരുടെ തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലും മിക്ക വാര്‍ത്താ ചാനലുകളും ഇത്തരത്തില്‍ പ്രീ-പോള്‍ സര്‍വേകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രീ-പോള്‍ സര്‍വേഫലം പോലും എഡിറ്റ് ചെയ്ത് വ്യാജപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ടായി. മനോരമ ന്യൂസിന്റെ പ്രീ-പോള്‍ സര്‍വേയുടെ സ്ക്രീന്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് നടത്തിയ വ്യാജപ്രചാരണം നേരത്തെ ന്യൂസ്മീറ്റര്‍ വസ്തുത പരിശോധന നടത്തിയിരുന്നു.
സമാനമായി കൈരളി ടിവിയുടേതെന്ന തരത്തില്‍ ഒരു ഗ്രാഫിക്സ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിപിഐഎം പിന്തുണയുള്ള ചാനലിന്റെ സര്‍വേയില്‍ ഇരുപതില്‍ 16 സീറ്റുകളും LDF ന് നല്‍കിയെന്ന തരത്തിലാണ് അവകാശവാദം. (Archive)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കൈരളി ന്യൂസ് ഇത്തരമൊരു അഭിപ്രായ സര്‍വേ നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന 3 തരത്തിലുള്ള കാര്‍ഡുകളും താരതമ്യം ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്.
കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച ആദ്യ രണ്ടു കാര്‍ഡുകളിലും നല്‍കിയിരിക്കുന്ന തിയതി ഏപ്രില്‍ 21, 22 എന്നിവയാണ്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 19ന് ശേഷം അഭിപ്രായസര്‍വേകള്‍ നടത്താന്‍ അനുമതിയില്ലെന്നിരിക്കെ മുഖ്യധാര ചാനലുകള്‍ ഇത്തരത്തില്‍ സര്‍വേഫലം പ്രസിദ്ധീകരിക്കാനിടയില്ല. കൂടാതെ ഈ രണ്ടു കാര്‍ഡുകളിലെയും ലോഗോ, താഴെ നല്‍കിയിരിക്കുന്ന ചാനലിന്റെ പേര് ഉള്‍പ്പെടെ എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു. മാത്രവുമല്ല, രണ്ടാമത്തെ കാര്‍ഡില്‍ NDAയ്ക്ക് അഞ്ചു സീറ്റുകള്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും ആകെ സീറ്റുകളുടെ എണ്ണത്തില്‍ പൂജ്യമാണ് നല്‍കിയിരിക്കുന്നത്.
മൂന്നാമത്തെ ചിത്രത്തില്‍ 24ന്യൂസിന്റെ ലോഗോ ഫ്ലിപ്പ് ചെയ്താണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതില്‍ തിയതി ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം ഗ്രാഫിക്സ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഉള്‍പ്പെടെ പരിശോധിച്ചതോടെ യഥാര്‍ത്ഥ സര്‍വേ 24 ന്യൂസിന്റേതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 24 ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. (Archive)
2024 ഏപ്രില്‍ 11 ന് പങ്കുവെച്ച കാര്‍ഡില്‍ 13 സീറ്റുകള്‍ UDF നും 7 സീറ്റുകള്‍ LDFനുമാണ് പ്രവചിച്ചിരിക്കുന്നത്. കാര്‍ഡിലും ഏപ്രില്‍ 11 എന്ന തിയതി ചേര്‍ത്തിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന കാര്‍ഡുകളെല്ലാം വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് കൈരളി ന്യൂസ് ഇത്തരത്തില്‍ സര്‍വേ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. കൈരളി ഇത്തരം സര്‍വേ നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും വ്യക്തമാക്കി കൈരളി ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത ലഭ്യമായി.
Conclusion:
കൈരളി ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേ കാര്‍ഡുകള്‍ വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 24 ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് കൈരളി ന്യൂസിന്റെ ലോഗോ ചേര്‍ത്താണ് പ്രചാരണം.