‘ലാലേട്ടന്‍ അന്തരിച്ചെ’ന്ന് പ്രചരണം; ക്ലിക്ക് ബെയ്റ്റുമായി ഫെയ്സ്ബുക്ക് പേജുകള്‍
ലാലേട്ടന്‍ അന്തരിച്ചുവെന്ന തലക്കെട്ടിനൊപ്പം മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും അന്തിമോപചാരമര്‍പ്പിക്കുന്ന ചിത്രങ്ങളോടൊപ്പം ഒരുവര്‍ഷം പഴയ മറ്റൊരു വാര്‍ത്തയുടെ യൂട്യൂബ് വീഡിയോ ലിങ്ക് ചേര്‍ത്താണ് വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
By - HABEEB RAHMAN YP | Published on 4 Sep 2023 10:55 AM GMTലാലേട്ടന്‍ അന്തരിച്ചുവെന്ന തലക്കെട്ടുമായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന സന്ദേശത്തിനൊപ്പം ചേര്‍ത്ത യൂട്യൂബ് വീഡിയോയുടെ ലിങ്കിന് ക്ലിക്ക് ബെയ്റ്റായി ‘ലാലേട്ടന്‍ അന്തരിച്ചു’ എന്ന് ചേര്‍ത്തിരിക്കുന്നതായി കാണാം.
Tok Kerala News എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് 2023 സെപ്തംബര്‍ 2 ന് പങ്കുവെച്ച ഈ ലിങ്കിനൊപ്പം നല്കിയ ചിത്രത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുന്ന ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. Kerala Minds എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്നും ഇതേ പോസ്റ്റ് പങ്കുവെച്ചതായി കാണാം.
Fact-check:
ലാലേട്ടന്‍ എന്ന പ്രയോഗം മലയാളികള്‍ സിനിമാനടന്‍ മോഹന്‍ലാലിനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചുവരുന്നത്. മലയാളസിനിമയിലെ മെഗാസ്റ്റാറുകളിലൊരാളായ മോഹന്‍ലാലിന്റെ നിര്യാണത്തിന് ദേശീയതലത്തില്‍പോലും വലിയ വാര്‍ത്താ പ്രാധാന്യമുണ്ടെന്നിരിക്കെ ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും ഒരു മാധ്യമത്തിലും ഈ തിയതിയില്‍ കാണാനായില്ല. പ്രമുഖ സിനിമാതാരങ്ങളുടെ മരണവാര്‍ത്തയെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ മുന്‍പും ഇത്തരം പേജുകളില്‍ വന്നതിനാല്‍ ഇതും അത്തരത്തില്‍ ക്ലിക്ക്ബെയ്റ്റ് ആയിരിക്കാമെന്ന അനുമാനത്തിലെത്തി. (നടന്‍ ദിലീപ് അന്തരിച്ചുവെന്ന് ഇക്കഴിഞ്ഞ ജൂണില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സമയത്ത് നടത്തിയ വസ്തുതാ പരിശോധന ഇവിടെ വായിക്കാം).
വസ്തുതാ പരിശോധനയുടെ ഭാഗമായി ലിങ്കില്‍ പ്രവേശിച്ചതോടെ techinsyders.com എന്ന ഒരു വെബ്സൈറ്റിലേക്കാണ് പ്രവേശിച്ചത്. Lalettan passed away എന്ന തലക്കെട്ടോടെ വെബ്സൈറ്റില്‍ വീഡിയോ ‘എംബെഡ്’ ചെയ്ത് നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് വീഡിയോ URL ഉപയോഗിച്ച് യൂട്യൂബില്‍ പ്രവേശിച്ചതോടെ Media Fix എന്ന യൂട്യൂബ് ചാനലില്‍ 2023 മെയ് 9ന് പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു. ഇതില്‍ പുരാവസ്തു ഗവേഷകനും പത്മഭൂഷന്‍ ജേതാവുമായ ബി. ബി. ലാലിന്റെ നിര്യാണവാര്‍ത്തയാണ് നല്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രസഹിതം നല്കിയ വാര്‍ത്തയില്‍ കൂടുതല്‍ വിശദാംശങ്ങളുമുണ്ട്.
തുടര്‍ന്ന് ഈ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ചു. കീവേഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ വിവിധ മാധ്യമങ്ങള്‍ 2022 സെപ്തംബറില്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.
മാധ്യമം 2022 സെപ്തംബര്‍ 11ന് നല്കിയ റിപ്പോര്‍ട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ വസതിയിലായിരുന്നു 101 വയസ്സ് പ്രായക്കാരനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യമെന്ന് വ്യക്തമാക്കുന്നു.
മാതൃഭൂമിയും അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത നല്കിയിട്ടുണ്ട്. ബ്രജ് ബാസി ലാല്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി 2022 സെപ്തംബര്‍ 10ന് പങ്കുവെച്ച ട്വീറ്റും ലഭിച്ചു.
ഇതോടെ ഒരുവര്‍ഷത്തോളം പഴയ വാര്‍ത്തയാണ് സിനിമാതാരം മോഹന്‍ലാലിന്റെ നിര്യാണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ക്ലിക്ക്ബെയ്റ്റ് ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. ഇദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘ലാലേട്ടന്‍’ എന്ന പ്രയോഗത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ശ്രദ്ധേയമാണ്. കൂടാതെ ക്ലിക്ക്ബെയ്റ്റ് ചിത്രത്തില്‍ നല്കിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് മലയാള സിനിമാതാരങ്ങളുടെയും ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
എന്താണ് ക്ലിക്ക് ബെയ്റ്റ്?
ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് എത്തിക്കുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന തരത്തില്‍ തലക്കെട്ടോ ചിത്രങ്ങളോ ചേര്‍ക്കുന്നതാണ് ക്ലിക്ക് ബെയ്റ്റ്. ഇതില്‍ ആകര്‍ഷിച്ചോ തെറ്റിദ്ധരിച്ചോ ഉപയോക്താക്കള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും അതുവഴി വെബ്സൈറ്റിലെത്തുന്നതോടെ വെബ്സൈറ്റിന് കാഴ്ചക്കാര്‍ കൂടുകയും ചെയ്യുന്നു - ഇതുവഴി വരുമാനം വര്‍ധിപ്പിക്കുന്നു.
ഇവിടെ പങ്കുവെച്ചിരിക്കുന്ന തലക്കെട്ടില്‍ തെറ്റിദ്ധരിച്ച് നിരവധി പേര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തേക്കാം. ആദ്യം വെബ്സൈറ്റിലും തുടര്‍ന്ന് യൂട്യൂബിലേക്കും അവരെ എത്തിക്കാനായാണ് വ്യാജ തലക്കെട്ടിനൊപ്പം അഞ്ചുമാസം പഴയ വാര്‍ത്ത പുതിയതെന്ന തരത്തില്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തം.
Conclusion:
ലാലേട്ടന്‍ അന്തരിച്ചു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വെബ്സൈറ്റ് / യൂട്യൂബ് ലിങ്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നല്കിയിരിക്കുന്നത് ഒരുവര്‍ഷം പഴയ വാര്‍ത്തയാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ക്ലിക്ക് ബെയ്റ്റ് ആയി നല്‍കിയിരിക്കുന്നത് 2022 സെപ്തംബര്‍ 10 ന് അന്തരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മഭൂഷന്‍ ജേതാവുമായ ബി ബി ലാലിന്റെ മരണവാര്‍ത്തയെക്കുറിച്ചുള്ള വീഡിയോ ലിങ്കാണ്. ഇതിന് നിലവില്‍ യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.