‘സൗജന്യമായി സ്കോഡ കാര്‍ നേടാം’ - പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് അറിയേണ്ടത്

സ്കോഡ കേരള എന്ന ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന സന്ദേശത്തിനൊപ്പമുള്ള ചിത്രത്തിലെ നമ്പര്‍ കൃത്യമായി കമന്‍റ് ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന 28 പേര്‍ക്ക് കമ്പനിയുടെ 28-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി സൗജന്യ കാറുകള്‍ ലഭിക്കുമെന്നാണ് അവകാശവാദം.

By HABEEB RAHMAN YP  Published on  18 Jan 2023 2:00 AM IST
‘സൗജന്യമായി സ്കോഡ കാര്‍ നേടാം’ - പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് അറിയേണ്ടത്

സ്കോഡ കമ്പനിയുടെ 28-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 28 പേര്‍ക്ക് സൗജന്യ കാറുകള്‍ നല്‍‌കുന്നു എന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് പങ്കുവെച്ച സന്ദേശത്തില്‍ ചിലതിനൊപ്പം രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.




Skoda Kerala എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രത്തിലെ നമ്പര്‍ കൃത്യമായി പറയുന്നവര്‍ക്കാണ് സമ്മാനമെന്നാണ് സന്ദേശം. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും ചിലര്‍ കാര്‍ വാങ്ങുന്ന ചിത്രങ്ങളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആയിരത്തിലേറെ പേരാണ് ഈ സന്ദേശം ഫെയ്സ്ബുക്കില്‍ പങ്കിട്ടിരിക്കുന്നത്.

Skoda auto club എന്ന മറ്റൊരു പേജില്‍നിന്നും സമാനമായ പോസ്റ്റ് പങ്കുവെച്ചതായി കാണാം.


Fact-check:

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും കൂടെ നല്‍കിയ ലിങ്ക് സ്പാം ആയിരിക്കാമെന്നും വ്യക്തമായ സൂചനകള്‍ പ്രഥമദൃഷ്ട്യാ തന്നെ ലഭിച്ചു. പ്രധാന നിരീക്ഷണങ്ങള്‍ താഴെ:


  • Skoda ഒരു അന്താരാഷ്ട്ര കമ്പനി ആയിരുന്നിട്ടും വെരിഫൈഡ് അല്ലാത്ത ഫെയ്സ്ബു്ക്ക് പേജില്‍നിന്ന് പ്രചരിച്ച സന്ദേശം

  • കമ്പനിയുടെ 28-ാം വാര്‍ഷികം എന്ന അവകാശവാദം

  • ഉപയോഗിച്ച ചിത്രങ്ങളും സന്ദേശഘടനയും

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ Skoda യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. 1895 ല്‍ നിലവില്‍വന്ന സ്കോഡ കമ്പനി 1925 ലാണ് ഓട്ടോമൊബൈല്‍ നിര്‍മാണത്തിലേക്ക് കടന്നത്. കമ്പനിയുടെ ചരിത്രവും വിവിധ ഘട്ടങ്ങളിലെ വളര്‍ച്ചയുടെ വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്.


2001-ലാണ് സ്കോഡ ഇന്ത്യയിലെത്തിയത്. കേരളത്തില്‍ നിലവില്‍ EVM മോട്ടോഴ്സിന്‍റെ ആറ് സ്കോഡ ഷോറൂമുകളുണ്ട്. വെബ്സൈറ്റിലെവിടെയും ഇത്തരത്തില്‍ ഒരു സമ്മാനപദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ലെന്ന് സ്ഥിരീകരിച്ചു. ഒപ്പം കമ്പനിയുടെ 28-ാം വാര്‍ഷികം എന്ന അവകാശവാദവും വ്യാജമാണെന്ന് ബോധ്യമായി.

രണ്ടാമതായി സന്ദേശം പങ്കുവെച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു. വിശദമായ പരിശോധനയില്‍ Skoda Kerala എന്ന പേരില്‍ രണ്ട് പേജുകളും Skoda auto club എന്ന പേജില്‍ മറ്റൊരു പേജും ഉണ്ടെന്നും ഇവയെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാക്കിയതാണെന്നും കണ്ടെത്തി.


2023 ജനുവരി 14ന് ഉണ്ടാക്കിയ SKODA Kerala എന്ന പേജ്.


2023 ജനുവരി 15ന് ഉണ്ടാക്കിയ SKODA auto club എന്ന പേജ്.


2023 ജനുവരി 16-ന് ഉണ്ടാക്കിയ Skoda Kerala എന്ന മറ്റൊരു പേജ്.


ഈ പേജുകളില്‍നിന്നെല്ലാം പങ്കുവെച്ചിരിക്കുന്നത് സമാനമായ സന്ദേശവും ഒരേ ലിങ്കും ആണെന്നത് പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വ്യാജമാകാമെന്നതിന്‍റെ വ്യക്തമായ സൂചനയായി.

തുടര്‍ന്ന് Skoda India യുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജും പരിശോധിച്ചു. ഇതിലും ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും കണ്ടെത്താനായില്ല.


ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കാനായി. കൂടെ നല്‍കിയിരിക്കുന്ന ലിങ്ക് Spam ആയിരിക്കാമെന്ന അനുമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തി.


എന്താണ് Spam?

പരസ്യം അല്ലെങ്കില്‍ വിവര ശേഖരണം ലക്ഷ്യമിട്ട് നിരവധി പേര്‍ക്ക് ഒരുമിച്ച് അയക്കുന്ന സന്ദേശങ്ങളാണ് Spam സന്ദേശങ്ങള്‍. വിവിധ ഘട്ടങ്ങളില്‍ ഓണ്‍ലൈനിലോ അല്ലാതെയോ ശേഖരിക്കുന്ന ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വഴി സ്പാം സന്ദേശങ്ങള്‍ ലഭിക്കാം. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വെബ്സൈറ്റുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ലിങ്കുകളും ഇത്തരത്തില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം ലഭിക്കുകയും ഓണ്‍ലൈന്‍ വഴി വിവരശേഖരണം നടത്തുകയും ചെയ്യുന്നു. പരസ്യ-വിപണി തലങ്ങള്‍ക്കുപുറമെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും Spam സന്ദേശങ്ങളും ലിങ്കുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.


മുന്നറിയിപ്പ്: സന്ദേശത്തിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് സുരക്ഷിതമല്ല.

സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ് പേജിലേക്കാണ് പോവുക . ഇത് സ്കോഡയുടെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച ഒരു വെബ്പേജാണ്. “അഭിനന്ദനങ്ങള്‍, താങ്കളെ ഒരു കാര്‍ സമ്മാനമായി സ്വീകരിക്കാന‍ തെരഞ്ഞെടുത്തിരിക്കുന്നു” എന്ന സന്ദേശവും ഒരു ചിത്രവും കാണാം.


ചിത്രം മുന്‍ ഇന്ത്യന്‍ക്രിക്കറ്റ് താരം സ്റ്റ്വാര്‍ട്ട് ബിന്നി സ്കോഡ കാര്‍ വാങ്ങിയ സമയത്തേതാണെന്ന് റിവേഴ്സ് ഇമേജ് പരിശോധനയില്‍ സ്ഥിരീകരിക്കാനായി.

ഈ പേജില്‍ താഴെ രജിസ്റ്റര്‍ ചെയ്യാനായി ഒരു ബട്ടന്‍ നല്‍കിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ Research On Mobile (ROM) എന്ന മറ്റൊരു പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. വിവിധ തലങ്ങളിലെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായി.


ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സമ്മാനം നേടാമെന്ന സന്ദേശത്തോടെ ഒരു വിന്‍ഡോ കാണാം. തുടരുന്നതോടെ അവരുടെ Terms & Conditions, Privacy Policy എന്നിവ നാം അംഗീകരിക്കുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഈ Terms & Conditions, Privacy Policy എന്നിവ വിശദമായി പരിശോധിച്ചു.


ഉപയോഗിക്കുന്ന ഡിവൈസിലെ വിവിധ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഇത്തരിത്തിലുള്ള വിവരങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലും ഇതൊരു സ്പാം ആണെന്ന് ബോധ്യപ്പെട്ടതിനാലും വസ്തുതാ പരിശോധന ഇവിടെ അവസാനിപ്പിക്കുന്നു.

സമാനമായ നിരവധി സ്പാം സന്ദേശങ്ങള്‍ ഇതിന് മുന്‍പും വന്നിട്ടുണ്ട്. തപാല്‍ വകുപ്പിന്‍റെയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെയും പേരുകളില്‍ വന്ന സമാനമായ സ്പാം സന്ദേശങ്ങള്‍ വിവിധ തലങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പുകള്‍ക്കും ലക്ഷ്യമിട്ടുള്ളതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേരള പൊലീസ് - സൈബര്‍ ഡോം വിഭാഗങ്ങള്‍ ഇത്തരത്തില്‍ നിരവധി മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.


Conclusion:

സ്കോഡയുടെ വാര്‍ഷികത്തോടനുബന്ധിച്ച് 28 കാറുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശം വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. ഇത് പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പേജുകള്‍ക്ക് സ്കോഡയുമായി ബന്ധമില്ലെന്നും സ്കോഡ ഇത്തരം പരസ്യം നല്‍കിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരിക്കുന്ന ലിങ്ക് Spam ആണെന്നും ഇതില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വരെ ഇരയായേക്കാമെന്നും വ്യക്തമായി.

Claim Review:Skoda announces 28 brand new cars for free as part of 28th anniversary celebrations
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story