‘ടൊയോട്ടയുടെ സൗജന്യ കാര്‍’ - വ്യാജ ലിങ്കുകള്‍ വീണ്ടും

നേരത്തെ സ്കോഡ, കിയ, ഹ്യുണ്ടായ് എന്നീ കമ്പനികളുടെ പേരില്‍ പ്രചരിച്ചതിന് സമാനമായ സ്കാം ലിങ്കുകളാണ് സൗജന്യമായി കാര്‍ നേടാമെന്ന അവകാശവാദവുമായി ടൊയോട്ട ഹിലക്സ് ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  6 Sep 2023 6:20 PM GMT
‘ടൊയോട്ടയുടെ സൗജന്യ കാര്‍’ - വ്യാജ ലിങ്കുകള്‍ വീണ്ടും

2023 ജനുവരിയില്‍ സ്കോഡ, കിയ കമ്പനികള്‍‌ സൗജ്യനമായി കാര്‍ നല്‍കുന്നുവെന്ന അവകാശവാദത്തോടെ വ്യാജ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ ഹ്യുണ്ടായ് കമ്പനിയുടെ പേരിലും സമാനമായ സന്ദേശങ്ങള്‍ പ്രചരിച്ചു. നിരവധി പേര്‍ ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഈ ലിങ്കുകളില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.


പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രത്തിലെ നമ്പറുകളില്‍ 86 അല്ലാത്തവ കണ്ടെത്തി കമന്‍റ് ബോക്സില്‍ രേഖപ്പെടുത്താനും നല്കിയ ലിങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. പുതിയ ശാഖ തുറക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ കമന്‍റ് ചെയ്യുന്നവര്‍ക്ക് പുതിയ കാര്‍ സമ്മാനം നല്കുമെന്നാണ് അവകാശവാദം.


Fact-check:

സമാനമായ നിരവധി വ്യാജ ലിങ്കുകള്‍ മുന്‍പും പ്രചരിച്ചതിനാല്‍ വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത് വ്യാജമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ Toyota Hilux Club എന്ന ഫെയ്സ്ബുക്ക് പേജ് വെരിഫൈഡ് അല്ല എന്നതും പേജ് തുടങ്ങിയത് 2023 ജൂലൈ 23ന് ആണെന്നും വ്യക്തമായി. ആദ്യം കിയാ Fans Club എന്നും പിന്നീട് ആഗസ്റ്റ് 23ന് നിലവിലെ പേരും നല്കിയതായും കണ്ടെത്തി.


തുടര്‍ന്ന് ടൊയോട്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. ഇതില്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും കണ്ടെത്താനായില്ല.

ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ലിങ്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫിഷിങ് ലിങ്ക് ആണെന്നും ഉറപ്പിക്കാനായി.


എന്താണ് Phishing Link?


വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പ്രചരിപ്പിക്കുന്ന ലിങ്കുകളാണിവ. വിവിധ ഘട്ടങ്ങളില്‍ ഓണ്‍ലൈനിലോ അല്ലാതെയോ ശേഖരിക്കുന്ന ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വഴി ഇത്തരം ലിങ്കുകള്‍ ലഭിക്കാം. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വെബ്സൈറ്റുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ലിങ്കുകളും ഇത്തരത്തില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം ലഭിക്കുകയും ഓണ്‍ലൈന്‍ വഴി വിവരശേഖരണം നടത്തുകയും ചെയ്യുന്നു. വ്യക്തിഗത വിവരശേഖരണത്തിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കാണ് ഇവ ഉപയോഗിക്കുന്നത്.

വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ലിങ്ക് ഫിഷിങ് ലിങ്ക് ആണെന്ന് ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനായി പേജിലെ കമന്‍റുകളില്‍ നിര്‍ദേശിച്ചതുപോലെ Sign Up ബട്ടണ്‍ (ചില സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം) ക്ലിക്ക് ചെയ്തു. ഇത് റീഡയറക്ട് ചെയ്ത URL-ല്‍ നിന്നുതന്നെ വ്യാജമായി നിര്‍മിച്ച ബ്ലോഗാണെന്ന് വ്യക്തമായി.


ഈ ബ്ലോഗ് പേജിനകത്ത് നല്‍കിയിരിക്കുന്ന ഉള്ളടക്കവും വെബ്സൈറ്റ് വ്യാജമാണെന്നതിന്‍റെ സൂചനകള്‍ നല്‍കുന്നു.
പേജില്‍ താഴെ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്സൈറ്റിലേക്കാണ് പോവുക. Research On Mobile (ROM) എന്ന ഈ വെബ്സൈറ്റ് വിവിധ തലങ്ങളിലെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായി.ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സമ്മാനം നേടാമെന്ന സന്ദേശത്തോടെ ഒരു വിന്‍ഡോ കാണാം. തുടരുന്നതോടെ അവരുടെ Terms & Conditions, Privacy Policy എന്നിവ നാം അംഗീകരിക്കുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഈ Terms & Conditions, Privacy Policy എന്നിവ വിശദമായി പരിശോധിച്ചു.


ഉപയോഗിക്കുന്ന ഡിവൈസിലെ വിവിധ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഇത്തരിത്തിലുള്ള വിവരങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലും ഇതൊരു സ്പാം ആണെന്ന് ബോധ്യപ്പെട്ടതിനാലും വസ്തുതാ പരിശോധന ഇവിടെ അവസാനിപ്പിക്കുന്നു.

ഇത്തരത്തില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ പ്രതികരിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കേരള പൊലീസ് സൈബര്‍ഡോം വിഭാഗം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നിങ്ങള്‍ക്ക് ചെയ്യാനാവുന്നത്:

ഇത്തരം പേജുകളിലൂടെ സന്ദേശങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും ചിലത് ചെയ്യാനുണ്ട്. Spam ഉള്‍പ്പെടെ ഫെയ്സ്ബുക്കിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്ന പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ഉപയോക്താവിനുമാകും. ഇതിനായി പേജിന്‍റെ Transparency ഓപ്ഷന്‍ ഓപ്പണ്‍ ചെയ്ത ശേഷം Find support or Report Page എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.


ഇതിന് ശേഷം വരുന്ന വിന്‍ഡോയില്‍ കാരണം തെരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ പ്രക്രിയ പൂര്‍ത്തിയാവും. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ചെയ്യുന്നതോടെ ഫെയ്സ്ബുക്ക് ഇത്തരം പേജുകളെ റദ്ദാക്കും.


Conclusion:

ടൊയോട്ട പുതിയ ഷോറൂം ശാഖ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യ കാറുകള്‍ നല്‍കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഫിഷിങ് ലിങ്കുപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് ഉള്‍‌പ്പെടെ ലക്ഷ്യമിടുന്ന സംഘമാകാം ഇതിന് പിന്നിലെന്ന് അനുമാനിക്കാം.

Claim Review:Toyota gifts brand new cars through social media game
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story