അയോധ്യയിലെ ഡ്രോണ്‍ഷോ: വീഡിയോയുടെ വസ്തുതയറിയാം
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നടത്താനിരിക്കുന്ന ലേസര്‍ ഡ്രോണ്‍ ഷോയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 21 Jan 2024 7:37 PM ISTഅയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അയോധ്യയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍. ഇവയില്‍ പലതും വ്യാജമോ തെറ്റായ അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്നതോ ആണെന്ന് വസ്തുത പരിശോധനകള്‍ വ്യക്തമാക്കുന്നു. വ്യാജവാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ദിനത്തില്‍ നടക്കാനിരിക്കുന്ന ലേസര്‍ ഡ്രോണ്‍ ഷോയുടെ തയ്യാറെടുപ്പുകളെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിവിധ വാര്‍ത്താചാനലുകളും ഈ വീഡിയോ ഇതേ അടിക്കുറിപ്പോടെ നല്‍കിയിട്ടുണ്ട്.
Fact-check:
പ്രചരിക്കുന്ന വീഡിയോ നിലവില്‍ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടേതല്ലെന്നും 2023 നവംബറില്‍ പങ്കുവെച്ചതാണെന്നും ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.
22 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ രണ്ട് ഷോട്ടുകളാണ് വീഡിയോയിലുള്ളതെന്ന് കാണാം. ആദ്യഭാഗത്ത് അമ്പും വില്ലുമേന്തി നില്‍ക്കുന്ന ശ്രീരാമന്റെ രൂപവും രണ്ടാംഭാഗത്ത് വൃത്താകൃതിയിലുള്ള പാറ്റേണുകളുമാണ് നല്‍കിയിരിക്കുന്നത്.
വിശദമായ പരിശോധനയില്‍ ശ്രീരാമന്റെ അമ്പും വില്ലും എതിര്‍ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമായി. ഇതോടെ ദൃശ്യം എഡിറ്റ് ചെയ്തിട്ടുണ്ടാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് ബോട്ട്ലാബ് ഡൈനാമിക്സ് എന്ന ലേസര്‍ ഡ്രോണ്‍ഷോ കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി കണ്ടെത്തി.
എക്സില്‍ 2023 നവംബര്‍ 12 ന് പങ്കുവെച്ച 29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പം ദീപാവലി ആശംസയാണ് പങ്കുവെച്ചിരിക്കുന്നത്. രാവണനിഗ്രഹത്തിന് ശേഷം അയോധ്യയിലേയ്ക്ക് തിരികെയെത്തിയ ശ്രീരാമനെ വരവേറ്റ ദിവസത്തിന്റെ സ്മരണ പുതുക്കലായും ദീപാവലി ആഘോഷിക്കപ്പെടുന്നതിനാലാവാം ശ്രീരാമന്റെ രൂപം ഉപയോഗിച്ചത്. കൂടാതെ അമ്പും വില്ലും ചലിക്കുന്നത് യഥാര്‍ത്ഥ ദിശയിലാണെന്നും രണ്ടാം ഭാഗവുമായി ആദ്യഭാഗത്തെ ബന്ധിപ്പിച്ചതായും കാണാം.
പ്രചരിക്കുന്ന വീഡിയോ വെര്‍ട്ടിക്കല്‍ വീഡിയോ ആയതിനാല്‍ ഇതേ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് പരിശോധിച്ചു. ഇതോടെ വ്യക്തതയുള്ള വെര്‍ട്ടിക്കല്‍ വീഡിയോയും ലഭിച്ചു. ഇതിലും ദീപാവലി ആശംസാവാക്യങ്ങളും ഹാഷ്ടാഗുകളുമാണ് നല്കിയിരിക്കുന്നത്. അയോധ്യയെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും ഈ വീഡിയോയ്ക്കൊപ്പം എവിടെയും നല്‍കിയതായി കണ്ടില്ല.
ഇതോടെ ഈ ദൃശ്യങ്ങള്‍ക്ക് അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധമില്ലെന്ന് അനുമാനിക്കാനായി. ഈ വീഡിയോ എവിടെ ചിത്രീകരിച്ചതാണെന്നത് സംബന്ധിച്ച് സ്ഥിരീകരണത്തിനായി ബോട്ട്ലാബ് ഡൈനാമിക്സ് എന്ന ഡല്‍ഹി ആസ്ഥാനമായ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവധി ദിനമായതിനാല്‍ ലഭ്യമായില്ല. (വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നമുറയ്ക്ക് അവ ചേര്‍ക്കുന്നതാണ്).
അതേസമയം ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് രണ്ട് വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചതായി കാണാം. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച ഈ വീഡിയോയ്ക്കൊപ്പം അയോധ്യ, രാമക്ഷേത്രം, പ്രാണപ്രതിഷ്ഠ തുടങ്ങിയ ഹാഷ്ടാഗുകളുമുണ്ട്. എന്നാല്‍ ഇവ പ്രചരിക്കുന്ന വീഡിയോയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
ഇതോടെ അയോധ്യയില്‍ ബോട്ട്ലാബ് ഡൈനാമിക്സ് ഡ്രോണ്‍ ഷോ നടത്തിയേക്കാമെന്ന സൂചനകള്‍ ലഭിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതില്‍ പരിമിതിയുണ്ട്. എന്തായാലും നിലവില്‍ പ്രചരിക്കുന്ന വീഡിയോ ദീപാവലി സമയത്ത് പങ്കുവെച്ചതാണെന്നും അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തമായി.
Conclusion:
അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്താനിരിക്കുന്ന ഡ്രോണ്‍ ഷോയുടെ തയ്യാറെടുപ്പുകളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2023 നവംബര്‍ 12ന് ദീപാവലി പശ്ചാത്തലത്തില്‍ ബോട്ട്ലാബ് ഡൈനാമിക്സ് എന്ന കമ്പനി പങ്കുവെച്ചതാണ്. ഇതിന് നിലവിലെ അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധമില്ലെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. അതേസമയം അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇതേ കമ്പനി വേറെ ചില ദൃശ്യങ്ങള്‍ പങ്കുവെച്ചതായും കണ്ടെത്തി.