മലയാളികള്‍ വീണ്ടും പറ്റിക്കപ്പെട്ട 2025; തുടരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും പോയവര്‍ഷം പഠിപ്പിക്കുന്ന പാഠങ്ങളും
നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ ഏറ്റവും മികച്ച നിലയിലേക്ക് വളരുകയും അത് നാം ഉപയോഗിച്ച് തുടങ്ങുകയും ചെയ്ത ഈ വര്‍ഷത്തിലും ചെറിയ ഓഫറുകളിലൂടെ ആകര്‍ഷിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ പണം നഷ്ടപ്പെടുത്തിയത് ആയിരക്കണക്കിന് പേരാണ്.
By - HABEEB RAHMAN YP |
സാക്ഷരതയില്‍ ഏറെ മുന്നിലാണെങ്കിലും യുക്തിസഹമായ തിരിച്ചറിവിന്റെ കാര്യത്തില്‍ മലയാളി അല‍്പം പിന്നിലാണെന്ന് പറയേണ്ടിവരും, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. സൗജന്യമായി കിട്ടുന്നതെന്തും പരീക്ഷിച്ച് നോക്കാനുള്ള മലയാളിയുടെ ത്വരയും അമിത ആത്മവിശ്വാസവും പലപ്പോഴും അവരെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാക്കുന്നു. എഐ അടിസ്ഥാനമാക്കി ആസൂത്രണം ചെയ്ത് നടത്തുന്ന വന്‍കിട സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമല്ല, ഒറ്റനോട്ടത്തില്‍ തട്ടിപ്പാണെന്ന് മനസ്സിലാക്കാവുന്ന വ്യാജലിങ്കുകളില്‍ പോലും ഒന്ന് ക്ലിക്ക് ചെയ്തു നോക്കാമെന്ന് കരുതിയ പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങളാണ്. 2025 പഠിപ്പിക്കുന്ന പാഠങ്ങളില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ഒന്നാണ് സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ അവബോധം.
Fact-check Archive: തട്ടിപ്പുകളുമായി ബന്ധപ്പെട്ട 2025-ലെ പ്രധാന വസ്തുത പരിശോധനകള്‍
ന്യൂസ്മീറ്റര്‍ 2025 ലെ ആദ്യ ഫാക്ട് ചെക്ക് ചെയ്തത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിച്ച ഒരു വ്യാജ ലിങ്കുമായി ബന്ധപ്പെട്ടായിരുന്നു. പുതുവര്‍ഷം പ്രമാണിച്ച് പേടിഎമ്മില്‍ ക്യാഷ്ബാക്ക് ലഭിക്കുമെന്ന തരത്തില്‍ പ്രചരിച്ച ലിങ്കിലൂടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനും പിന്നീട് വലിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനുമാണ് തട്ടിപ്പുകാര്‍ ശ്രമിച്ചത്. പിന്നീട് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സമാനമായ തരത്തില്‍ വ്യാജ ലിങ്കുകള്‍ വീണ്ടും പ്രചരിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ പലതിനും താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്ന നിരവധി മലയാളികളെ കാണാം. സാങ്കേതിക വിദ്യകളെക്കുറിച്ച് അടിസ്ഥാന ധാരണയുള്ളവര്‍ക്ക് പോലും എളുപ്പത്തില്‍ തിരിച്ചറിയാവുന്ന കാര്യങ്ങളില്‍ പോലും ‘ഒരു പരീക്ഷണം നടത്തിയേക്കാം’ എന്ന് കരുതുന്ന പലരും ഇക്കൂട്ടത്തിലുണ്ട്. പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് പലരും ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകുന്നത്.
ഓഫറുകള്‍ പലവിധം
സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2025 ല്‍ വസ്തുത പരിശോധന നടത്തിയ ഉള്ളടക്കങ്ങളില്‍ പൊതുവെ രണ്ട് രീതികളിലാണ് വാഗ്ദാനങ്ങള്‍ കണ്ടത്. സമ്മാനങ്ങളായി പണം നല്‍കുമെന്ന വാഗ്ദാനവും വലിയ തുക വായ്പയായി നല്‍കുമെന്ന വാഗ്ദാനവും. രണ്ടാമത്തേത് പണമില്ലാതെ ബുദ്ധമുട്ടുന്നവരുടെ ദൗര്‍ബല്യം മുതലെടുക്കുന്ന തരം തട്ടിപ്പാണ്. എന്നാല്‍ ഏറ്റവുമധികം പേര്‍ പറ്റിക്കപ്പെട്ടത് സമ്മാന വാഗ്ദാനങ്ങളിലാണ്. സൗജന്യമായി കിട്ടുന്നതെന്തും പരീക്ഷച്ചുകളയാം എന്ന മലയാളിയുടെ മനസ്സാണ് പലപ്പോഴും മലയാളികളെ തട്ടിപ്പിന് ഇരകളാക്കുന്നത്.
വിശ്വാസ്യത ഉറപ്പിക്കുന്ന വഴികള്‍
പല സമ്മാനവാഗ്ദാനങ്ങളും പ്രചരിക്കുന്നത് അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പേരിലാണെന്നതാണ് മറ്റൊരു പ്രത്യേകത. പേടിഎം, ഫോണ്‍പേ തുടങ്ങി സ്ഥിരം ഉപയോഗിക്കുന്ന യുപിഐ ആപ്പുകളുടെ പേരിലാണ് പോയവര്‍ഷം ഏറ്റവുമധികം വ്യാജപ്രചാരണങ്ങള്‍ പ്രചരിച്ചത്. കൂടാതെ ഇന്ത്യന്‍ തപാല്‍വകുപ്പിന്റെയും അറിയപ്പെടുന്ന വാണിജ്യ ഗ്രൂപ്പായ ലുലു ഗ്രൂപ്പിന്റെയുമെല്ലാം പേരുകളില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ലുലു ഗ്രൂപ്പ് മീഡിയ വിഭാഗം ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പ്രതികരണം:
“വ്യാജ പ്രചാരണങ്ങള്‍ക്ക് പലപ്പോഴും ലുലുവിന്റെ ബ്രാന്‍ഡ് നെയിം ഉപയോഗപ്പെടുത്താറുണ്ട്. ഇതില്‍ വര്‍ഗീയവും മതപരവുമായ പ്രചാരണങ്ങള്‍ മുതല്‍ സാമ്പത്തിക തട്ടിപ്പുകള്‍ വരെ ഉണ്ടാകാറുണ്ട്. 2023 ല്‍ ലുലു മാളില്‍ പാക്കിസ്ഥാന്‍ പതാക സ്ഥാപിച്ചുവെന്ന പേരില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസില്‍ പരാതിപ്പെടുകയും അവര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കായി അറിയപ്പെടാതെ പോകുന്ന നിരവധി വ്യാജലിങ്കുകളും ലുലുവിന്റെ പേരില്‍ പ്രചരിക്കാറുണ്ട്. ഇതിന് പിന്നില്‍ പോയാലും പ്രതികളെ പിടികൂടാന്‍ പറ്റാത്ത അവസ്ഥയാണ് പല സാഹചര്യങ്ങളിലുമുള്ളത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇരകളാകാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നടപടിയാണ് ഇപ്പോള്‍ പൊലീസും കൂടുതലായി സ്വീകരിക്കുന്നത്. അതു തന്നെയാണ് മികച്ച രീതിയെന്ന് തോന്നുന്നു, കാരണം രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ”
സാമ്പത്തിക തട്ടിപ്പുകളുടെ പ്രചാരണത്തിനുപയോഗിക്കുന്നത് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വരെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനില്‍ സമ്മാനം നല്‍കുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ ലിങ്ക് 2025 ജൂലൈയില്‍ ന്യൂസ്മീറ്റര്‍ വസ്തുത പരിശോധന നടത്തിയിരുന്നു. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ ചിത്രമുപയോഗിച്ച് നടത്തിയ പ്രചാരണങ്ങളും നിരവധിയുണ്ടായിരുന്നു. മുദ്ര ലോണ്‍ പോലുള്ള ജനപ്രിയ പദ്ധതികളുടെ പേരില്‍ തത്സമയം വായ്പ ലഭിക്കുമെന്ന തരത്തിലും സിബില്‍ സ്കോര്‍ പരിശോധിക്കാമെന്ന തരത്തിലുമെല്ലാം വ്യാജലിങ്കുകള്‍ പ്രചരിച്ചു. ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെന്ന പേരില്‍ പോലും ചില നിക്ഷേപക ആപ്പുകള്‍ എഐ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി.
തട്ടിപ്പുകളുടെ രീതികള്‍
വ്യാപകമായി നടക്കുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പലതും വലിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍കിട തട്ടിപ്പുകളല്ല. മറിച്ച് വളരെ ലളിതമായി ആളുകളെ പറ്റിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും താരതമ്യേന എളുപ്പമാണ്. പണം സ്വീകരിക്കാന്‍ യുപിഐ സംവിധാനത്തില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതില്ലെന്നും ഒറ്റത്തവണ പാസ്‍വേഡ് ഒരു സാഹചര്യത്തിലും അറിയാത്ത ഒരാള്‍ക്ക് കൈമാറേണ്ടതില്ലെന്നുമടക്കം അടിസ്ഥാന അറിവുകളിലൂടെ പ്രതിരോധിക്കാവുന്ന തട്ടിപ്പുകളില്‍ പോലും മലയാളി ഇരയാക്കപ്പെടുന്നത് ഇതുമായി ബന്ധപ്പെട്ട വ്യാപക ബോധവല്‍ക്കരണത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. ലജീഷ് വിഎല്‍:
“അധികം സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാതെ തയ്യാറാക്കാനാവുന്ന ചീപ് ഫെയ്ക്ക് എന്നറിയപ്പെടുന്ന രീതികളുപയോഗിച്ചാണ് പല സാമ്പത്തിക തട്ടിപ്പുകള്‍ക്കും ആവശ്യമായ ഉള്ളടക്കം നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ സാധാരണക്കാര്‍ക്ക് പോലും തിരിച്ചറിയാനാവുന്നവയാണ് ഇവയില്‍ പലതും. ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ അത്രയേറെ സാങ്കേതിക പരിജ്ഞാനമാര്‍ജിച്ചവരല്ല. മിക്കതിലും സാധാരണക്കാരായ ഉത്തരേന്ത്യന്‍ സംഘമാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയിലൂടെ പ്രതിരോധിക്കാവുന്നതാണ് ഇന്ന് നടക്കുന്ന മിക്ക ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും.”
ഇരയായവര്‍ക്ക് പറയാനുള്ളത്:
ഓണ്‍ലൈന്‍ ലിങ്കിലൂടെ 50,000-ത്തോളം രൂപ നഷ്ടമായ കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് പറയാനുള്ളത്:
“ഒരു സര്‍ക്കാര്‍ പദ്ധതിയെന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ലിങ്കാണ് എന്റെ 50,000-ത്തോളം രൂപ നഷ്ടപ്പെടുത്തിയത്. അതില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് ഒരു ഫോണ്‍കോള്‍ വരുന്നത്. ഹിന്ദിയിലാണ് സംസാരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ലിങ്ക് ആയിരുന്നതിനാല്‍ ഹിന്ദി സംസാരിച്ചതിലും സംശയം തോന്നിയില്ല. ഹിന്ദി അത്രയ്ക്ക് വശമില്ലാത്തതിനാലും അവര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാലുമാണ് അവസാനം അവര്‍ അയച്ച മെസേജിലെ ഒരു കോഡ് പറഞ്ഞുകൊടുത്തത്. അത് ഒടിപി ആയിരുന്നുവെന്നും അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടാനുള്ള രീതിയായിരുന്നുവെന്നും പിന്നീട് പണം നഷ്ടമായ ശേഷമാണ് മനസ്സിലായത്. സ്ഥിരമായി അക്കൗണ്ട് ഉപയോഗിക്കുന്ന ആളല്ലാത്തതിനാല്‍ പണം നഷ്ടപ്പെട്ട ഉടനെ ഇത് തിരിച്ചറിയാനും സാധിച്ചില്ല. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് പലരും പറഞ്ഞത്.”
സുവര്‍ണ മണിക്കൂറിന്റെ പ്രാധാന്യം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ എത്ര പെട്ടെന്ന് അത് റിപ്പോര്‍ട്ട് ചെയ്യുന്നുവോ അത്രയും പണം തിരിച്ചുകിട്ടാന്‍ സാധ്യത കൂടുതലാണ്. തട്ടിപ്പ് നടന്ന് ആദ്യമണിക്കൂറില്‍ തന്നെ പൊലീസിന് ഇടപെടാന്‍ സാധിച്ചാല്‍ ബാങ്കുകള്‍ക്ക് തുക തടഞ്ഞുവെയ്ക്കാനും തിരിച്ചെടുക്കാനും സാധിക്കും. എന്നാല്‍ പല കാരണങ്ങളാല്‍ ഉടനടി പരാതിപ്പെടാന്‍ പലരും തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.
കേരള പൊലീസ് സൈബര്‍ഡോം വിഭാഗത്തിന്റെ പ്രതികരണം:
“സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന പലരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നുവെന്നതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഗോള്‍ഡന്‍ അവറിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പരമാവധി പ്രചാരണം നടത്തുന്നുണ്ട്. 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഉടന്‍ വിളിച്ച് പരാതിപ്പെടുകയാണ് വേണ്ടത്. എന്നാല്‍ പൊതുവെ ആളുകള്‍ ചെയ്യുന്നത് മറ്റ് രീതികളെല്ലാം നോക്കി പണം തിരിച്ച് കിട്ടില്ലെന്ന ഉറപ്പാകുന്ന സമയത്താണ് പൊലീസിനെ സമീപിക്കുന്നത്. അതും മിക്കവരും പരിചയക്കാരെ ആരെയെങ്കിലും കൂട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ് എത്തുന്നത്. സൈബര്‍ കേസുകള്‍ വ്യത്യസ്തമാണെന്നും അന്വേഷിക്കുന്നത് കേരളപൊലീസിന്റെ സൈബര്‍ഡോം വിഭാഗമാണെന്നും മനസ്സിലാക്കണം. 1930 എന്ന നമ്പറില്‍ വിളിച്ച് ഉടന്‍ അറിയിക്കണം. ആദ്യത്തെ ഒരു മണിക്കൂര്‍ വിലപ്പെട്ടതാണ്. ഇത്തരത്തില്‍ ഗോള്‍ഡന്‍ അവറില്‍ അറിയിച്ച കേസുകളില്‍ മിക്കതിലും പണം തിരിച്ചുപിടിക്കാന്‍ കേരള പൊലീസിന് സാധിച്ചിട്ടുണ്ട്.”
ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം
തട്ടിപ്പുകള്‍ക്ക് പലപ്പോഴും ഇരകളാകുന്നത് വിദ്യാഭ്യാസവും ജോലിയും അത്യാവശ്യം ബാങ്ക് ബാലന്‍സും ഉള്ളവര്‍ തന്നെയാണ്. ചെറിയ ഓഫറുകളില്‍ തുടങ്ങി വലിയ സാമ്പത്തിക തട്ടിപ്പുകളില്‍വരെ മലയാളിയുടെ ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ട വര്‍ഷം കടന്നുപോകുമ്പോള്‍ നാം പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന കാര്യമാണത്. സാക്ഷരതയുണ്ടെങ്കിലും ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ നാം ഏറെ പിന്നിലാണ്. ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ രീതികള്‍ മനസ്സിലാക്കാനും യുക്തിസഹമായി ചിന്തിക്കാനും മലയാളികള്‍ ശേഷിയാര്‍ജിക്കണം. ഇത്തരം അറിവുകള്‍ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവെയ്ക്കാനും സാങ്കേതികപരിജ്ഞാനത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാന്‍ കൂടെയുള്ളവര്‍ക്ക് അവസരമൊരുക്കാനും പുതുവര്‍ഷത്തില്‍ നമുക്ക് സാധിക്കട്ടെ.
ന്യൂസ്മീറ്ററിന്റെ പ്രിയ വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍.