രാഷ്ട്രീയം തന്നെ മുഖ്യം; 2023-ലെ മലയാള വ്യാജപ്രചരണങ്ങളുടെ അവലോകനം

2023 ല്‍ മലയാളത്തിലുണ്ടായ വ്യാജപ്രചരണങ്ങളില്‍ ഏറ്റവുമധികം രാഷ്ട്രീയ അവകാശവാദങ്ങളായിരുന്നു. ഇതില്‍ ചിലതെങ്കിലും മതപരമോ സാമുദായികമോ ആയി വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലും പങ്കുവെക്കപ്പെട്ടു. 2023 ലെ പ്രധാന വ്യാജപ്രചരണങ്ങളെ വിലയിരുത്തുകയാണ് ഈ വര്‍ഷാന്ത ലേഖനത്തില്‍.

By HABEEB RAHMAN YP  Published on  30 Dec 2023 5:36 PM GMT
രാഷ്ട്രീയം തന്നെ മുഖ്യം; 2023-ലെ മലയാള വ്യാജപ്രചരണങ്ങളുടെ അവലോകനം

2023 വിടപറയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുതുവത്സരാശംസകളും ആഘോഷചിത്രങ്ങളുമായി സജീവമാവുകയാണ് സമൂഹമാധ്യമങ്ങള്‍. ഈ വര്‍ഷം നാമോരോരുത്തരും എത്രത്തോളം സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്ന് ആലോചിച്ചിട്ടുണ്ടോ? വിവരങ്ങളും വിനോദങ്ങളുമായി പതിവുപോലെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സാപ്പുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രമുഖ സമൂഹമാധ്യമമായിരുന്ന ട്വിറ്ററിന്റെ പേരുമാറ്റി എക്സ് എന്നാക്കിയതിനും മെറ്റയുടെ പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി ത്രെഡ്സ് നിലവില്‍ വന്നതിനുമൊക്കെ 2023 സാക്ഷ്യംവഹിച്ചു. അതേസമയം സമൂഹമാധ്യമങ്ങള്‍ ഏറ്റവുമധികം വ്യാജപ്രചരണങ്ങള്‍ക്ക് വേദിയായ വര്‍ഷങ്ങളിലൊന്നായിരുന്നു 2023.

ഇസ്രയേല്‍ - ഹമാസ് യുദ്ധവും മണിപ്പൂര്‍ സംഘര്‍ഷവുമൊക്കെ വ്യാജപ്രചരണങ്ങള്‍ക്ക് അവസരമൊരുക്കിയെങ്കിലും മലയാളത്തില്‍ ഏറ്റവുമധികം വ്യാജപ്രചരണങ്ങള്‍ രാഷ്ട്രീയപരമായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പേജുകളില്‍നിന്നും വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നുമായി പ്രചരിച്ച രാഷ്ട്രീയ വ്യാജപ്രചരണങ്ങള്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഇതില്‍ പലതും മനപ്പൂര്‍വം പ്രചരിപ്പിച്ചവയായിരുന്നു എന്നതും ശ്രദ്ധേയം. രാഷ്ട്രീയ പ്രചരണങ്ങളില്‍ ചിലതിലൊക്കെ മത-സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന ഉള്ളടക്കമുണ്ടായിരുന്നു എന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

മലയാളത്തില്‍ ഈവര്‍ഷം പ്രചരിച്ച പ്രധാന വ്യാജപ്രചരണങ്ങളെ വ്യത്യസ്തവിഭാഗങ്ങളാക്കി തിരിച്ച് വിലയിരുത്താം.



ആകെ പ്രചരണങ്ങളുടെ പകുതിയോളം രാഷ്ട്രീയ പ്രചരണങ്ങളായിരുന്നു. രാഷ്ട്രീയവും മതവും കലര്‍ത്തിയ പ്രചരണങ്ങളും, മതപരമോ സാമുദായികമോ ആയ പ്രചരണങ്ങളും ഉള്‍പ്പെടുത്താതെയാണിത്. വൈകാരികമായ ഉള്ളടക്കത്തോടെയുള്ള പ്രചരണങ്ങളും വലിയരീതിയില്‍ പ്രചരിച്ചു. ഇതില്‍ പലതും ശരിയാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ പങ്കുവെച്ചത്. ഓരോ വിഭാഗത്തിലെയും പ്രധാന പ്രചരണങ്ങളെ പരിശോധിക്കാം.


രാഷ്ട്രീയം

രാഷ്ട്രീയപ്രചരണങ്ങളില്‍ ഏറ്റവുമധികം ഇരയായത് കേരളത്തെ സംബന്ധിച്ചിടത്തോളം ഭരണകക്ഷി തന്നെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവകേരള സദസ്സിനെതിനെതിരെയുണ്ടായ പ്രചരണങ്ങളാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. പരിപാടി തുടങ്ങുന്നതിന് മുന്‍പുതന്നെ പ്രചരണം തുടങ്ങിയിരുന്നു. വാഹനത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും നിരവധി പ്രചരണങ്ങള്‍. ഇതില്‍ മിക്കതും ഉള്ളടക്കം എഡിറ്റ് ചെയ്ത് നിര്‍മിച്ചവയായിരുന്നു എന്നതും ശ്രദ്ധേയം.


അതേസമയം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന പ്രചരണങ്ങളിലേറെയും വ്യക്തികളെ ഉന്നംവെച്ചായിരുന്നു. പ്രതിപക്ഷ നേതാവും എ.കെ. ആന്റണിയും ഉള്‍പ്പെടെ മുന്‍നിര നേതാക്കളെല്ലാം ഇരയായി. ഏറ്റവുമൊടുവില്‍ KPCC പ്രസിഡന്‍റ് കെ സുധാകരനും ജെബി മേത്തറിനുമെതിരായ പ്രചരണം വ്യക്തിപരമായ അധിക്ഷേപമായിരുന്നു.




മതപരവും സാമുദായിക സ്പര്‍ധ പടര്‍ത്തുന്നതുമായ പ്രചരണങ്ങള്‍

ഇക്കൂട്ടത്തിലും നിരവധി ഉദാഹരണങ്ങളുണ്ട്. ഏറ്റവും ശ്രദ്ധേയമായത് കാസര്‍കോട്ട് ഒരുപറ്റം കോളജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് മതസ്പര്‍ധ പടര്‍ത്തുന്ന വിവരണത്തോടെ ഉത്തരേന്ത്യയില്‍ നടന്ന പ്രചരണമാണ്. ഇതിനെതിരെ ഇന്ത്യയില്‍തന്നെ ആദ്യം വസ്തുതാപരിശോധന പ്രസിദ്ധീകരിച്ചതും ന്യൂസ്മീറ്റര്‍ ആയിരുന്നു.



വൈകാരിക പ്രചരണങ്ങള്‍

വൈകാരിക പ്രചരണങ്ങളിലേറെയും അപകടകരമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും പരോക്ഷമായി ഇവയും പല തലങ്ങളില്‍ അപകടകരമാണ്. ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ ഏറ്റുവമധികം പ്രചരിക്കുന്നത്. താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ടും ഒഡീഷ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ടുമൊക്കെ ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നു. ഒഡീഷയില്‍ മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മകനെ ജീവനോടെ കണ്ടെത്തിയ പിതാവിനെക്കുറിച്ചുള്ള കണ്ണുനനയിക്കുന്ന റിപ്പോര്‍ട്ട് മിക്ക മലയാള മാധ്യമങ്ങളും നല്‍കിയിരുന്നു. എന്നാലിത് തെറ്റായ വിവരമായിരുന്നുവെന്ന് ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ കണ്ടെത്തി.



സാമ്പത്തികതട്ടിപ്പുകള്‍

ഓണ്‍ലൈനിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന സ്കാം സന്ദേശങ്ങളും നിരവധി പ്രചരിച്ചു. സൗജന്യമായി കാറും വീട്ടുപകരണങ്ങളും മൊബൈല്‍ഫോണുമൊക്കെ സമ്മാനമായി ലഭിക്കുമെന്ന അവകാശവാദത്തോടെ പ്രചരിച്ച ഇത്തരം സന്ദേശങ്ങളിലും നിരവധി പേരാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ഇതില്‍ മിക്കതിനും പിന്നില്‍ ഒരേ സംഘമാണെന്നും ഇവരുടെ പ്രവര്‍ത്തനരീതി സമാനമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.



ആരോഗ്യം

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ ഇവ പൊതുവെ കുറവാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ ഒരു പരിധിവരെ ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നതും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നതുമാണ് കാരണം. എങ്കിലും നിറം വര്‍ധിപ്പിക്കാനും മറ്റും അവകാശപ്പെട്ട് ഇത്തരം പ്രചരണങ്ങള്‍ സാധാരണമാണ്. ഇത്തരം ചില ഓണ്‍ലൈന്‍ ഉല്പന്നങ്ങള്‍ക്കതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിപ വ്യാപനസമയത്താണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പ്രചരണം മലയാളത്തില്‍‌ ഈ വര്‍ഷം സജീവമായത്. അടയ്ക്കയില്‍നിന്ന് നിപ പകരുന്നു എന്ന തരത്തിലുള്ള പ്രചരണം ന്യൂസ്മീറ്റര്‍ ഫാക്ട്-ചെക്ക് ചെയ്തിരുന്നു.



ഇതിനുപുറമെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പ്രചരിച്ച വ്യാജപ്രചരണങ്ങളുമുണ്ടായിരുന്നു. ഇവ പലതും സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമായി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളും ഇക്കൂട്ടത്തില്‍ പ്രചരിച്ചിരുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലൊന്നും പെടാത്ത, നിര്‍ദോഷമെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതും ആക്ഷേപഹാസ്യം ലക്ഷ്യമിട്ടും നിരവധി പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായി.


ചിത്രങ്ങളും വീഡിയോകളും

വ്യാജപ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് ചിത്രങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കാനും കേവലം എഴുത്തിലുപരി വിശ്വാസ്യത നേടാനുമാകുമെന്നതുതന്നെ കാര്യം. വീഡിയോകളും ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടു. മിക്ക വീഡിയോകളും വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റിയവയായിരുന്നു.



ചിത്രങ്ങള്‍ക്കടിയില്‍ ഈ വര്‍ഷം അവസാനത്തോടെ നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും പ്രചരിച്ചു. ഇവ വസ്തുത പരിശോധന നടത്തുന്നതിലും പരിമിതികളുണ്ടായിരുന്നു. ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പ്രചരിച്ച അത്തരത്തിലൊരു നിര്‍മിതബുദ്ധി ചിത്രം ന്യൂസ്മീറ്റര്‍ വസ്തുത പരിശോധന നടത്തിയിരുന്നു.



2024 ലെ വെല്ലുവിളികള്‍

ലോക്സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന 2024ല്‍ വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്ക് തന്നെ പ്രതീക്ഷിക്കേണ്ടതുണ്ട്. മത-സാമുദായിക പ്രചരണങ്ങളും ഒട്ടും കുറയാന്‍ സാധ്യതയില്ല. നിര്‍മിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള സാങ്കേതിക പരിജ്ഞാനം കൂടുതല്‍ പേരിലേക്കെത്തുന്നതോടെ ഇത്തരം ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചേക്കാം. എങ്കിലും മലയാളത്തില്‍ രാഷ്ട്രീയപ്രചരണങ്ങള്‍ക്ക് തന്നയൊണ് സാധ്യത കൂടുതല്‍.

വരുംവര്‍ഷവും വ്യാജപ്രചരണങ്ങള്‍ക്കെതിരെ വസ്തുതാ പരിശോധനയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ ന്യൂസ്മീറ്റര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളുടെ വസ്തുതാപരിശോധനകള്‍ പിന്തുടരുന്നതിലൂടെ വിമര്‍ശനാത്മകമായി സമൂഹമാധ്യമങ്ങളെ സമീപിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കാന്‍ വായനക്കാര്‍ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. വ്യാജമാണന്ന് സംശയമുളവാക്കുന്ന പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടാല്‍ +917482830440 എന്ന നമ്പറില്‍ വാട്സാപ്പ് വഴി ഞങ്ങളുമായി പങ്കുവെയ്ക്കാം.



പുതിയ വര്‍ഷം വ്യാജപ്രചരണങ്ങള്‍ക്കെതിരെ വസ്തുതയുടെ പ്രതിരോധം തീര്‍ക്കാനായി നമുക്കൊരുമിച്ചുനില്‍ക്കാം. പ്രിയ വായനക്കാര്‍ക്ക് സന്തോഷകരമായ പുതുവര്‍ഷം ആശംസിക്കുന്നു.

Next Story