വ്യാജപ്രചാരണത്തിന് വാര്‍ത്താ കാര്‍ഡുകള്‍; 2024-ല്‍ മാധ്യമ വിശ്വാസ്യത ചൂഷണം ചെയ്ത വ്യാജപ്രചാരണങ്ങള്‍

സാധാരണക്കാര്‍ക്ക് വാര്‍ത്താ ചാനലുകളിലുള്ള വിശ്വാസ്യത ചൂഷണം ചെയ്തുകൊണ്ട് ചാനലുകളുടെ വാര്‍ത്താകാര്‍ഡുകളുപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ സജീവമായ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. രാഷ്ട്രീയവും സാമുദായികവുമായ വ്യാജ പ്രചാരണങ്ങള്‍ക്ക് വാര്‍ത്താ കാര്‍ഡുകളെ ഉപയോഗപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ച് ഒരു അവലോകനം.

By -  HABEEB RAHMAN YP |  Published on  31 Dec 2024 9:05 PM IST
വ്യാജപ്രചാരണത്തിന് വാര്‍ത്താ കാര്‍ഡുകള്‍;   2024-ല്‍ മാധ്യമ വിശ്വാസ്യത ചൂഷണം ചെയ്ത വ്യാജപ്രചാരണങ്ങള്‍

നിര്‍മിതബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും പുതിയതലങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്തിയ വര്‍ഷമാണ് 2024. AI വിരല്‍ത്തുമ്പിലെത്തിയതോടെ സാധാരണക്കാര്‍ക്ക് പോലും നിര്‍മിതബുദ്ധി ഉപയോഗിച്ച് എന്തും നിര്‍മിക്കാമെന്നായി. വാട്സാപ്പില്‍ മെറ്റ എഐ അവതരിപ്പിച്ചതോടെ കൃത്രിമ ചിത്രങ്ങള്‍ പോലും ഒരു വരിയില്‍ എഴുതിച്ചോദിക്കാമെന്നായി. വ്യാജ പ്രചാരണങ്ങളില്‍ നിര്‍മിതബുദ്ധിയുടെ സ്വാധീനം കൂടിവന്നു. എങ്കിലും മലയാളത്തില്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയവയെക്കാള്‍ കൂടുതല്‍ വ്യാജപ്രചാരണങ്ങള്‍ കണ്ടത് വാര്‍ത്താ കാര്‍ഡുകള്‍ ‍ഉപയോഗിച്ചാണ്. ചാനലുകളുടെ വാര്‍ത്താ കാര്‍ഡുകള്‍ എഡിറ്റ് ചെയ്ത് വ്യാജ ഉള്ളടക്കവും ചിത്രങ്ങളും ചേര്‍ത്ത് നടത്തിയ പ്രചാരണങ്ങളാണ് ഇതില്‍ കൂടുതല്‍. എന്തുകൊണ്ടായിരിക്കാം ഇത്തരം പ്രചാരണങ്ങള്‍ക്ക് സാധ്യതയേറുന്നത്? ചാനലുകള്‍ക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ? പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്ക് ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയാന്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്താം? ഒരു വിശകലനം.

എന്താണ് വാര്‍ത്താകാര്‍ഡുകള്‍?



വാര്‍ത്താ കാര്‍ഡുകള്‍ സജീവമായിട്ട് അധികനാളായിട്ടില്ല. വാര്‍ത്താ ചാനലുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതിന് ശേഷമാണ് ടെലിവിഷന്‍ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. പെട്ടെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പങ്കുവെയ്ക്കാന്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ക്ക് പകരം ആദ്യഘട്ടത്തില്‍ ടെലിവിഷന്‍ വാര്‍ത്തകളുടെ തന്നെ സ്ക്രീന്‍ ചിത്രങ്ങളായിരുന്നു ഉപയോഗിച്ചത്. പിന്നീട് അനുബന്ധ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവെച്ച് തുടങ്ങി. വാട്സാപ്പ് സ്റ്റാറ്റസ്, ഫെയ്സ്ബുക്ക്-ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ തുടങ്ങിയവയുടെ സാധ്യത നിലവില്‍ വന്നതോടെയാണ് ഇത്തരം ബ്രേക്കിങ് ന്യൂസുകള്‍ മികച്ച ദൃശ്യബോധത്തോടെ ചിത്രങ്ങളായി പങ്കുവെയ്ക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതോടെ ഓരോ ചാനലും അവരുടേതായ ഡിസൈനില്‍ നിരവധി വാര്‍ത്താകാര്‍ഡുകള്‍ നിര്‍മിച്ചുതുടങ്ങി. വാര്‍ത്ത വളരെക്കുറഞ്ഞ വാക്യങ്ങളില്‍ ചിത്രസഹിതം ഒരു കാര്‍ഡ് രൂപത്തില്‍ പ്രേക്ഷകരിലേക്കെത്താന്‍ ഇത്തരം കാര്‍ഡുകള്‍ക്കായി. മാത്രവുമല്ല, ഇവ നിരവധി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കിടാനും സ്റ്റാറ്റസായും സ്റ്റോറികളായും ഉപയോഗിക്കപ്പെടാനും തുടങ്ങി. ഇതോടെ വാര്‍ത്താകാര്‍‍ഡുകളുടെ എണ്ണവും പ്രചാരവും വര്‍ധിച്ചു.

വാര്‍ത്താ കാര്‍ഡുകള്‍ എഡിറ്റ് ചെയ്യാന്‍ എളുപ്പമാണ്. ചാനലിന്റെ ലോഗോ നിലനിര്‍ത്തി അതേ ഡിസൈനില്‍ ചിത്രവും വാക്യങ്ങളും മാറ്റി പ്രചരിപ്പിക്കാനാകുമെന്ന സാധ്യത മുതലെടുത്താണ് വ്യാജ വാര്‍ത്താ കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായത്.

വ്യാജ വാര്‍ത്താ കാര്‍ഡുകളുടെ മുന്‍ഗാമികള്‍

ടെലിവിഷന്‍ സ്ക്രീന്‍ഷോട്ടുകളും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന രീതി പിന്തുടര്‍ന്നാണ് വ്യാജ വാര്‍ത്താകാര്‍ഡുകളും ആളുകള്‍ നിര്‍മിച്ച് തുടങ്ങിയത്. വാര്‍ത്താ കാര്‍ഡുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതോടെ എഡിറ്റ് ചെയ്ത ടെലിവിഷന്‍ സ്ക്രീന്‍ഷോട്ടുകളും വെബ്സൈറ്റ് വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളും താരതമ്യേന കുറഞ്ഞു. എങ്കിലും ചില സാഹചര്യങ്ങളില്‍ ഇത്തരം സ്ക്രീന്‍ഷോട്ടുകളുപയോഗിച്ചും പ്രചാരണമുണ്ടായി.



ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മീഡിയവണിന്റെ ടിവി സ്ക്രീന്‍ഷോട്ടിലെ വാക്യങ്ങള്‍ എഡിറ്റ് ചെയ്തായിരുന്നു പ്രചാരണം. ടിവിയില്‍ വന്ന വാര്‍ത്തയെന്ന തരത്തില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ എളുപ്പമാണെന്നതുതന്നെ കാര്യം. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും സമാനമാണ്.



തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളില്ലാത്തതില്‍ കെ കെ ശൈലജയുടെ പ്രതികരണമെന്ന തരത്തിലും ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് ആളുകളെ കൊണ്ടുവന്നുവെന്ന തരത്തിലും ഇരു മുന്നണികള്‍ക്കുമെതിരെ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത് ഒരേ വെബ്സൈറ്റ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണെന്നത് കൗതുകകരം. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചായിരുന്നു ഇത്. ഇരുമുന്നണികള്‍ക്കുമെതിരെ വ്യാജപ്രചാരണങ്ങളുടെ ഉറവിടം ഒരേ കേന്ദ്രത്തില്‍നിന്നാണോ എന്ന് സംശയിച്ചാലും കുറ്റപ്പെടുത്താനാവില്ല. മറിച്ച്, തങ്ങള്‍ക്കെതിരെയുണ്ടായ വ്യാജപ്രചാരണത്തിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തതുമാകാം. എന്തായാലും സംഗതി വ്യാജം തന്നെ.


2024-ലെ വ്യാജ വാര്‍ത്താകാര്‍ഡുകള്‍

പതിവുപോലെ ഈ വര്‍ഷവും രാഷ്ട്രീയപരവും സാമുദായികപരവുമായ വ്യാജപ്രചാരണങ്ങളായിരുന്നു കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍. ഇതില്‍ മിക്കതും എഡിറ്റ് ചെയ്ത വാര്‍ത്താ കാര്‍ഡുകളുപയോഗിച്ചായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം പ്രചരിച്ച പ്രധാന വ്യാജ വാര്‍ത്താ കാര്‍‍ഡുകള്‍ പരിശോധിക്കാം.

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വാര്‍ത്താ കാര്‍ഡുകള്‍ എഡിറ്റ് ചെയ്ത് നിരവധി പ്രചാരണങ്ങളാണ് നടന്നത്. ഇതില്‍ ഏറ്റവുമധികം പേര്‍ പങ്കുവെച്ചത് കൈരളി ന്യൂസിന്റേതെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്താ കാര്‍ഡായിരുന്നു. യഥാര്‍ത്ഥത്തില്‍ 24 ന്യൂസ് തയ്യാറാക്കിയ ഈ കാര്‍ഡില്‍ കൈരളിയുടെ ലോഗോ ചേര്‍ക്കുകയും യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തായിരുന്നു പ്രചാരണം. കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി ന്യൂസ്മീറ്റര്‍ പ്രസിദ്ധീകരിച്ച വസ്തുത പരിശോധന ഇവിടെ വായിക്കാം. മനോരമ ന്യൂസിന്റെ അഭിപ്രായ സര്‍വേ ഉപയോഗിച്ചും സമാനമായ പ്രചാരണമുണ്ടായി. യുഡിഎഫ്, എല്‍ഡിഫ് സീറ്റുകള്‍ പരസ്പരം മാറ്റിയായിരുന്നു പ്രചാരണം. കാര്‍ഡ് വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ കണ്ടെത്തിയിരുന്നു.



തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണങ്ങളിലും ഏറ്റവുമധികം ഉപയോഗിച്ചത് വാര്‍‍ത്താ കാര്‍ഡുകളായിരുന്നു. കടുത്ത പോരാട്ടവും വിവാദങ്ങളും നിറഞ്ഞ വടകര ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ ലക്ഷ്യമിട്ട് നിരവധി പ്രചാരണങ്ങളുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡുപയോഗിച്ചായിരുന്നു ഇതിലേറെയും. വടകര തന്നെ കൈവിടില്ലെന്ന അവരുടെ പ്രതികരണവുമായി ബന്ധപ്പെട്ട വാര്‍ത്താ കാര്‍ഡ് മുഖ്യമന്ത്രിക്കെതിരായ വികാരമുണ്ടെന്ന് അവര്‍ പറഞ്ഞെന്ന തരത്തിലാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ പി ജയരാജനെ ലക്ഷ്യമിട്ടും സമാന രീതിയില്‍ പ്രചാരണമുണ്ടായി.



പ്രതിപക്ഷത്തിനെതിരെയും വ്യാജ കാര്‍ഡുകള്‍ സജീവമായിരുന്നു. ഇപി ജയരാജന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി പങ്കുവെച്ച വാര്‍ത്താകാര്‍ഡില്‍‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ചേര്‍ത്ത് വാര്‍ത്താ ഉള്ളടക്കം മാറ്റിയായിരുന്നു പ്രചാരണം. ബിജെപിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നടത്തിയ പ്രസ്താവനയെന്ന തരത്തില്‍ പ്രചാരണത്തിനുപയോഗിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വലിയ വാര്‍ത്തയായ വടകരയിലെ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ കെ കെ ലതികയെ ലക്ഷ്യമിട്ടായിരുന്നു വ്യാജപ്രചാരണം.



തിരഞ്ഞെടുപ്പിന് മുന്‍പ് മാത്രമല്ല, ഫലപ്രഖ്യാപനത്തിന് ശേഷവും വ്യാജപ്രചാരണങ്ങള്‍ക്ക് കുറവുണ്ടായില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ​എം ജയിച്ചുവെന്നും ഇത് പാര്‍ട്ടിയുടെ ദേശീയ പദവി നിലനിര്‍ത്താന്‍ സഹായിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞതായി പ്രചരിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡുപയോഗിച്ചാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെയും വ്യാജ വാര്‍ത്താ കാര്‍ഡുകള്‍ ലക്ഷ്യമിട്ടു. തിരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സഹായിച്ചതായി സുരേഷ് ഗോപി വെളിപ്പെടുത്തിെയെന്ന തരത്തിലായിരുന്നു പ്രചാരണം.



തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജ പ്രസ്താവനകളുടെ രീതിയിലും നിരവധി വാര്‍ത്താ കാര്‍ഡുകളാണ് ഈ വര്‍ഷം സമൂഹമാധ്യമങ്ങള്‍ കൈയ്യടിക്കിയത്. ഇതിന് പലതവണ ഇരയായ കെപിസിസി പ്രസിഡന്റെ കെ സുധാകരനെക്കുറിച്ച് പ്രചരിച്ച ഒരു കാര്‍ഡ് അദ്ദേഹം ഗവര്‍ണറാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന തരത്തിലായിരുന്നു.



വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തിയെന്ന തരത്തില്‍ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഉപയോഗിച്ചത് ഒരേ വാര്‍ത്താ കാര്‍ഡാണെന്നതും ശ്രദ്ധേയം. സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയില്‍ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച കാര്‍ഡാണ് വിവിധ സാഹചര്യങ്ങളില്‍‍ ഉള്ളടക്കവും തിയതിയും മാറ്റി പ്രചരിപ്പിച്ചത്.



വാര്‍ത്താ കാര്‍‍ഡുകളുപയോഗിച്ച് നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയ്ക്ക് വിധേയമാക്കിയവയില്‍ ചിലതുമാത്രമാണ് നാം കണ്ടത്. ഇതിന്റെ പതിന്മടങ്ങ് കാര്‍ഡുകള്‍ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമടക്കം ലോകം ചുറ്റിയെന്നത് മറ്റൊരു വസ്തുത.

എന്തുകൊണ്ട് വാര്‍ത്താകാര്‍ഡുകള്‍?

വാര്‍ത്താ കാര്‍ഡുകള്‍ വ്യാജപ്രചാരണത്തിനുപയോഗിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി വാര്‍ത്താ ചാനലുകളുടെ വിശ്വാസ്യത തന്നെയാണ് ഇതിന് പിന്നില്‍. മുന്‍നിര വാര്‍ത്താ ചാനലുകളുടെ ലോഗോ ഉള്‍പ്പെടുന്ന കാര്‍ഡ് അതേ ഡിസൈനില്‍ കാണുമ്പോള്‍ ആളുകള്‍ പെട്ടെന്ന് വിശ്വസിച്ചേക്കാം. ഈ വിശ്വാസ്യത ചൂഷണം ചെയ്താണ് ഇത്തരം വ്യാജപ്രചാരണമെന്ന് 24 ന്യൂസ് ഡിജിറ്റല്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എബി തരകന്‍ അഭിപ്രായപ്പെടുന്നു.



“വാര്‍ത്താ കാര്‍ഡുകള്‍ ചാനലുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ട് അധികനാളായിട്ടില്ല. മുന്‍പ് ടെലിവിഷന്‍ സ്ക്രീനിലെ ബ്രേക്കിങ് ന്യൂസ് ഭാഗം എഡിറ്റ് ചെയ്തും പിന്നീട് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്തുമെല്ലാം നടത്തിയ പ്രചാരണങ്ങളുടെ മറ്റൊരു രൂപമാണിത്. പുതിയ കാലത്ത് ചാനലുകള്‍ വാര്‍ത്താ കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ഇതില്‍തന്നെ 24 ന്യൂസ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ ചാനലുകളുടെ കാര്‍ഡുകള്‍ നിരവധി പേര്‍ പങ്കുവെയ്ക്കാറുണ്ട്. ഈ വിശ്വാസ്യതയാണ് വ്യാജ പ്രചാരണം നടത്തുന്നവര്‍ പ്രധാനമായും മുതലെടുക്കുന്നത്. കൂടാതെ, എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനാവുന്നതാണ് പല ചാനലുകളുടെയും കാര്‍ഡുകള്‍. മിക്ക കാര്‍ഡുകളിലും വ്യക്തികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അവര്‍ പറഞ്ഞെന്ന തരത്തില്‍ എന്ത് പ്രസ്താവനയും എഴുതിച്ചേര്‍ത്ത് പ്രചരിപ്പിക്കാനാവുമെന്നതും ഒരു പ്രശ്നമാണ്. ”


വ്യാജ വാര്‍ത്താകാര്‍ഡുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍

വ്യാജപ്രചാരണങ്ങളില്‍ നിര്‍മിതബുദ്ധി ഉള്‍പ്പെടെ സങ്കേതങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും വിശ്വാസ്യതയെ ചൂഷണം ചെയ്യുന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്താകാര്‍ഡുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി മറ്റൊരു തലത്തിലാണ്. സത്യസന്ധമായ വാര്‍ത്തകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ കാരണമായേക്കാവുന്ന ഇത്തരം പ്രചാരണങ്ങള്‍ തടയേണ്ടതും തിരിച്ചറിയുന്നതിനാവശ്യമായ അവബോധം പൊതുജനങ്ങളില്‍ ഉണ്ടാക്കിയെടുക്കേണ്ടതും അനിവാര്യമാണ്. മാത്രവുമല്ല, ഇത്തരം പ്രചാരണങ്ങളില്‍ നിയമനടപടികള്‍ കര്‍ശനമാക്കേണ്ടതുമുണ്ട്.

മാധ്യമങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാനാവും?

വാര്‍ത്താ ചാനലുകളുടെ വിശ്വാസ്യത മുതലെടുത്ത് നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടേണ്ട പ്രാഥമിക ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്. ഇതിനായി വാര്‍ത്താ ചാനലുകള്‍ക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ പരിമിതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എ കെ മുരളീധരന്‍ അഭിപ്രായപ്പെടുന്നു.



“ചാനലിന്റെ ലോഗോ സഹിതം പ്രചരിപ്പിക്കുന്ന ഇത്തരം കാര്‍ഡുകള്‍ ഏറെയും പങ്കുവെയ്ക്കുന്നത് വാട്സാപ്പ് വഴിയാണ്. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. മറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവയാണെങ്കിലും വ്യാജ അക്കൗണ്ടുകളും മറ്റും കണ്ടെത്തി ഇതിന് തടയിടുകയെന്നത് ഒരു മാധ്യമസ്ഥാപനത്തിന് പലപ്പോഴും അപ്രായോഗികമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിനും പലവിധ പരിമിതികള്‍ നേരിടാറുണ്ട്.അതേസമയം യൂട്യൂബ്, ഗൂഗ്ള്‍ തുടങ്ങിയ കമ്പനികള്‍ ഇക്കാര്യത്തില്‍ വളരെ പോസിറ്റീവായാണ് പ്രതികരിക്കാറുള്ളത്. സൈബര്‍ പൊലീസ് വഴി നിയമനടപടി സ്വീകരിക്കുകയെന്നതാണ് മാധ്യമങ്ങള്‍ക്ക് ആത്യന്തികമായി ചെയ്യാനാവുന്നത്.”

കാര്‍ഡിന്റെ ഡിസൈന്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഒരു പരിധി വരെ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് 24 ന്യൂസ് ഡിജിറ്റല്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എബി തരകന്‍.



“ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കാര്‍ഡുകളുടെ മാതൃക തയ്യാറാക്കുന്നതുമുതല്‍ ചാനലുകള്‍ക്ക് പല കാര്യങ്ങളും ചെയ്യാനാവും. സാധാരണക്കാര്‍ക്ക് പെട്ടെന്ന് എഡിറ്റ് ചെയ്യാന്‍ സാധിക്കാത്തതോ എഡിറ്റ് ചെയ്താല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതോ ആയ തരത്തില്‍ സങ്കീര്‍ണമായ ഡിസൈന്‍ ഉപയോഗിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇതിനായി ഉപയോഗിക്കുന്ന ഫോണ്ട് ഉള്‍പ്പെടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാം. തികച്ചും വ്യത്യസ്തവും പെട്ടെന്ന് സമാന രൂപത്തില്‍ തയ്യാറാക്കാന്‍ സാധിക്കാത്തതുമായ ഒരു ഐഡന്റിറ്റി രൂപീകരിക്കുന്നതിലൂടെ വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുന്നത് ഒരു പരിധിവരെ തടയാനാവുമെന്നാണ് കരുതുന്നത്.”

ഇതുകൂടാതെ ഒരു കാര്‍ഡ് യഥാര്‍ത്ഥമാണോ എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ സ്ഥിരീകരിക്കാവുന്ന തരത്തില്‍ ക്യൂആര്‍ കോഡ് പോലുള്ള സംവിധാനങ്ങള്‍ വാര്‍ത്താ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നതും ഭാവിയില്‍ ആലോചിക്കാവുന്നതാണ്.

പൊതുജനങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാനാവും?

വ്യാജകാര്‍ഡുകളെ തിരിച്ചറിയുന്നതില്‍ പൊതുജനങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. വിവിധ ചാനലുകളുടെ വാര്‍ത്താ കാര്‍ഡുകളുടെ അടിസ്ഥാന ഡിസൈന്‍ മനസ്സിലാക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. ഓരോ ചാനലുകളും ഉപയോഗിക്കുന്ന ഫോണ്ട്, നിറങ്ങള്‍, ഡിസൈനിന്റെ ഘടന, കാര്‍ഡില്‍ നല്‍കുന്ന വെബ്സൈറ്റിന്റെ വിവരങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കിയാല്‍ വ്യാജ കാര്‍ഡുകള്‍ പെട്ടെന്ന് തിരിച്ചറിയാനാവും. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്തം ഏറെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എ കെ മുരളീധരന്‍ പറയുന്നു.



“വിമര്‍ശനാത്മക ചിന്ത ഏറെ പ്രധാനമാണ്. ഒരു വാര്‍ത്താകാര്‍ഡ് കണ്ടാല്‍ അതില്‍ പറയുന്ന കാര്യം സംഭവിച്ചിട്ടുണ്ടാകുമോ എന്ന് ആലോചിക്കുകയും അത് സ്ഥിരീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം. മറ്റൊരു കാര്യം ഓരോ ചാനലിനും അവരുടേതായ ഫോണ്ടും ഡിസൈനുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ സ്ഥിരമായി പിന്തുടരുന്ന ഒരാള്‍ക്ക് ഏഷ്യാനെറ്റിന്റെ പേരില്‍ വരുന്ന വ്യാജകാര്‍ഡുകള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. മാധ്യമങ്ങളെ കൃത്യമായി പിന്തുടരുകയെന്നത് പ്രധാനമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ഡുകള്‍ പങ്കുവെയ്ക്കാതിരിക്കുക എന്നതും പ്രധാനമാണ്. സാധാരണക്കാര്‍ക്കിടയിലെ മാധ്യമസാക്ഷരതയ്ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്.”


വ്യാജ പ്രചാരണങ്ങളിലെ നിയമനടപടികള്‍

വ്യാജ വാര്‍ത്താ കാര്‍ഡുകള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്നതും. നിര്‍ഭാഗ്യവശാല്‍ ഇത്തരം കേസുകളില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലെ പരിമിതിയാണ് പലപ്പോഴും നേരിടുന്ന പ്രതിസന്ധി. എങ്കിലും തങ്ങള്‍ നല്‍കുന്ന പരാതികള്‍ സൈബര്‍ പൊലീസ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഗൗരവത്തില്‍ അന്വേഷിക്കാറുണ്ടന്ന് മാധ്യമസ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. നിയമനടപടികളിലെ പഴുതുകളടച്ച് സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് ഭാവി വെല്ലുവിളികളെ നേരിടുന്നതിന് അത്യന്താപേക്ഷിതമാണ്.


ഉപസംഹാരം

നിസ്സാരമെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ, വാര്‍ത്താ കാര്‍ഡുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.

വ്യാജ പ്രചാരണങ്ങളെ ചെറുക്കാന്‍ നമുക്കാവുന്നത് ചെയ്യുമെന്ന് ഈ പുതുവര്‍ഷത്തില്‍ പ്രതിജ്ഞയെടുക്കാം.

വ്യാജപ്രചാരണങ്ങളെ തടയുന്നതിനായി ഒരുമിച്ച് മുന്നേറാന്‍ പ്രിയ വായനക്കാരെ ന്യൂസ്മീറ്റര്‍ സ്വാഗതം ചെയ്യുന്നു.

ഏവര്‍ക്കും നവവത്സരാശംസകള്‍!

Next Story